Latest NewsNewsPrathikarana Vedhi

അഖില കേസ് എന്‍.ഐ.എ ഏറ്റെടുക്കുമ്പോള്‍ കേരളത്തെക്കുറിച്ച് നാം അറിയാന്‍ പോകുന്നത് : പുറത്തുവരാന്‍ പോകുന്ന ലവ് ജിഹാദ് കണ്ണികളെ കുറിച്ച് കെ.വി.എസ് . ഹരിദാസ്‌ പറയുന്നത്

അഖില കേസ് എൻഐഎക്ക് വിടാനുള്ള സുപ്രീംകോടതിയുടെ ഇന്നത്തെ ഉത്തരവ് പലതുകൊണ്ടും ശ്രദ്ധേയമാണ്. രാജ്യത്ത് കുറേനാളായി നടന്നുവരുന്നു എന്ന് പൊതുവെ കരുതപ്പെടുന്ന ‘ലവ് ജിഹാദ് ‘ സംബന്ധമായ ഒരു കേസാണിത് എന്നതാണ് അതിൽ ഏറ്റവും പ്രധാനം. ഹിന്ദു- ക്രിസ്ത്യൻ പെൺകുട്ടികളെ പ്രേമിച്ച് മതംമാറ്റാനും പിന്നീട് അവരെ വിദേശത്തേക്ക് കടത്തി അവിടെ ഐഎസ് പോലുള്ള ഭീകര പ്രസ്ഥാനങ്ങളുടെ ഭാഗമാക്കാനുമുള്ള വലിയ പദ്ധതിയുടെ മറ്റൊരു രൂപമാണ് അഖിലകേസ് എന്നമട്ടിലാണ് കാര്യങ്ങൾ നീങ്ങുന്നത്. അത് ഏറെക്കുറെ സുപ്രീം കോടതിയും അംഗീകരിക്കുന്നു എന്നതാണ് ഇന്നത്തെ ഉത്തരവിൽ നിന്നും മനസിലാക്കേണ്ടത്. എല്ലാ വശവും അന്വേഷിക്കാനാണ് എൻഐഎയോട് അത്യുന്നത നീതിപീഠം ആവശ്യപ്പെട്ടിരിക്കുന്നത്. റിട്ടയർ ചെയ്ത സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആർവി രവീന്ദ്രൻ ഈ അന്വേഷണത്തിന്‌ മേൽനോട്ടം വഹിക്കണമെന്ന പ്രധാന നിർദ്ദേശവും അതിലുണ്ട്. തീർച്ചയായും കുറേനാളായി നാമൊക്കെ കേൾക്കുന്ന അസുഖകരമായ പല സംഭവങ്ങളിലേക്കും കടന്നുചെല്ലാൻ, ഇറങ്ങിച്ചെല്ലാൻ ഈ അന്വേഷണം സഹായിക്കും എന്നാണ് കരുതേണ്ടത്.

വൈക്കം സ്വദേശിയാണ് അഖില. തമിഴ്‌നാട്ടിൽ ഒരു കോളേജിൽ പഠിക്കാൻ പോയി. ഒരു പൂർവ ജവാന്റെ ഏകമകൾ. ആ പൂർവസൈനികൻ തന്റെ വരുമാനം മുഴുവൻ ചെലവഴിച്ചാണ് ആ കുട്ടിയെ പഠിപ്പിച്ചത് എന്നത് പറയേണ്ടതില്ലല്ലോ. അതിനിടെ അവിടെയുള്ള ഒരു മുസ്ലിം ചെറുപ്പക്കാരനുമായി പരിചയപ്പെട്ടുവെന്നും പിന്നീട് മലപ്പുറത്തെ കുപ്രസിദ്ധമായ ഒരു മതംമാറ്റ കേന്ദ്രത്തിലേക്ക് കുട്ടിയെ എത്തിച്ചുവെന്നും പറയുന്നു. ആ ആക്ഷേപങ്ങളിൽ പലതും പെൺകുട്ടി ശരിവെച്ചിട്ടുണ്ട്. ഇസ്ലാമിക മതംമാറ്റ കേന്ദ്രത്തെക്കുറിച്ചും മറ്റും ആ കുട്ടി പറഞ്ഞതായി കേൾക്കുന്ന കാര്യങ്ങൾ ഭയപ്പെടുത്തുന്നതും ഗൗരവമർഹിക്കുന്നതുമാണ്. അഖില മാത്രമല്ല, ഇതിനിടയിൽ സിറിയയിലേക്കും മറ്റും കടത്തപ്പെട്ട കുറെയേറെ ഹിന്ദു- ക്രിസ്ത്യൻ കുട്ടികളെ മതം മാറ്റിയതും അവരുടെ മനസ് മാറ്റിയതും അതെ കേന്ദ്രത്തിലാണ് എന്നത് സ്ഥിരീകരിക്കപ്പെട്ടതാണ്. തനിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കുന്നതല്ല ഇവിടത്തെ പ്രശ്നം. ആ കുട്ടിയെ മതം മാറ്റുന്നു, പിന്നീട് ഭീകര പ്രവർത്തനത്തിനായി അയക്കുന്നു…….. അതിനായി ആ കുട്ടിയുടെ മനസ് പാകപ്പെടുത്താൻ വേണ്ടുന്ന കുൽസിത ശ്രമങ്ങൾ നടക്കുന്നു ……. ഇതൊക്കെയാണ് മുൻപ് പലപ്പോഴും ഇവിടെ നടന്നതെന്നത് എൻഐഎ കണ്ടെത്തിയതാണ്. കേരളം ഇത്തരം പ്രവർത്തനങ്ങളുടെ ഒരു കേന്ദ്രമായി മാറുന്നു എന്ന ആശങ്കയും പലരും പങ്കുവെച്ചിട്ടുണ്ട്.

വിശ്വ ഹിന്ദുപരിഷത്തും ഹിന്ദു ഹെൽപ്പ് ലൈനും മറ്റും ഇതിനെതിരെ കേരളത്തിൽ ശക്തമായി രംഗത്തുവന്നതാണ്. അവരിവിടെ സക്രിയമായി ഇടപെടുന്നുമുണ്ട്. എന്നാൽ പിന്നീടാണ് ഇത് ഹിന്ദുക്കളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല എന്ന തോന്നൽ ക്രിസ്ത്യൻ സഭകൾക്കുണ്ടായത്. അതിനുകാരണം അവർക്കിടയിലെ ചെറുപ്പക്കാരികളും ഇത്തരം പ്രശ്നങ്ങളിൽ ചെന്നുപെടുന്നു എന്ന തിരിച്ചറിവാണ്. കുറെ ക്രിസ്ത്യൻ പെൺകുട്ടികൾ, പ്രത്യേകിച്ചും വിദ്യാർഥികൾ ഇതിനകം ഇത്തരം സംഭവങ്ങളിൽ പെട്ടിട്ടുമുണ്ട്. അവരിൽ ചിലരും ഇന്നിപ്പോൾ ഐഎസ് കേന്ദ്രങ്ങളിലാണ് എന്ന് കേൾക്കുന്നു. അത് ക്രിസ്ത്യൻ നേതാക്കളിലും ഇനി എന്തുവേണം എന്ന ചിന്തയുയർത്താൻ സഹായിച്ചു എന്നതിൽ സംശയമില്ല. ഞാൻ മനസിലാക്കിയത് ഹിന്ദു ഹെൽപ്പ് ലൈനിന്റെ രൂപത്തിൽ ഒരെണ്ണം അവരും ആരംഭിച്ചിട്ടുണ്ടത്രെ. രണ്ടു പ്രമുഖ സമുദായങ്ങൾ, മത വിഭാഗങ്ങൾ, ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നു എന്നത് നല്ലതുതന്നെ.

ഇവിടെ നാം ശ്രദ്ധിക്കേണ്ടത് ഇതൊക്കെ ഒരു ആസൂത്രിത ശ്രമമാണ് എന്നതാണ്. അഖിലയുടെ വിവാഹം നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയതാണ്. വിവാഹം കഴിച്ചുവെന്ന് പറയുന്ന യുവാവാണ് കോടതിയിൽ പോയത്. നിയമവിധേയമായുള്ള വിവാഹമായിരുന്നില്ല അത് എന്നതാണ് അതിനു കോടതി കണ്ട ന്യായം. അത് വസ്തുതാപരമായിരുന്നുതാനും. എന്നാൽ അതിനോട് കേരളത്തിലെ ചില ഇസ്ലാമിക സംഘടനകൾ സ്വീകരിച്ച നിലപാട് ഇപ്പോൾ ഓർക്കാതെ വയ്യ. എന്തായിരുന്നു അവരുടെ രോഷപ്രകടനം……. പരസ്യ പ്രസ്താവനകൾ…… ഏറ്റവുമൊടുവിൽ കോടതിയെയും ന്യായാധിപന്മാരെയുമൊക്കെ അധിക്ഷേപിച്ചുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടും തെരുവിൽ പ്രകടനം. നാടുനീളെ കോടതിവിധിയെ അധിക്ഷേപിച്ചുകൊണ്ട് പോസ്റ്ററുകൾ…… അക്ഷരാർഥത്തിൽ അതൊരു യുദ്ധപ്രഖ്യാപനമായിരുന്നു എന്ന് പറയേണ്ടതായിവരും. ശരിയാണ് ആ പ്രകടനത്തിലും മറ്റുമുണ്ടായിരുന്ന ചിലർക്കെതിരെ കേരള പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ അത് മാത്രമാണോ വേണ്ടിയിരുന്നത് ……..?. തങ്ങൾ ഇഷ്ടമുള്ളതൊക്കെ ചെയ്യും കോടതി എതിർത്താൽ ജഡ്‌ജിമാരെ തെരുവിൽ നേരിടും ……….. ഇതൊക്കെ ഇന്ത്യയിൽ അനുവദിക്കാമോ. ദൗർഭാഗ്യവശാൽ കേരള സർക്കാർ ഇക്കാര്യത്തിൽ ആവശ്യമുള്ളത് മുഴുവൻ ചെയ്തില്ല. എനിക്ക് തോന്നുന്നു അത് പൊലീസിന് അറിയാമായിരുന്നു. ഇപ്പോൾ ഈ പ്രശ്നം സുപ്രീംകോടതിയിലെത്തിയപ്പോൾ എൻഐഎ അന്വേഷണത്തെ എതിർക്കാതിരിക്കാൻ കേരളം ശ്രദ്ധിച്ചത് അതിനുള്ള പ്രായശ്ചിത്തമാണോ ആവോ. അതോ എതിർത്താലും കാര്യമില്ല എന്ന വിശ്വാസമോ അതിനു പിന്നിൽ?. പറഞ്ഞുവന്നത്, ഒരു വിവാഹം, അത് മതത്തിന്റെ ആചാരങ്ങൾ പോലും പാലിക്കപ്പെടാതെ നടത്തപ്പെട്ടത്, റദ്ദാക്കപ്പെട്ടപ്പോൾ ഇസ്ലാമിക സംഘടനകൾ തെരുവിൽ കാട്ടിക്കൂട്ടിയത് വലിയ വെല്ലുവിളിയായി കാണണം എന്നതാണ്.

എന്താവണം അതിനൊക്കെ ഈ ഇസ്ലാമിക മതമൗലികവാദ – വിഘടനവാദ പ്രസ്ഥാനങ്ങളെ നിര്ബന്ധിതമാക്കിയത് ?. കുറുക്കുവഴിയിലൂടെയുള്ള മതംമാറ്റത്തിനും വിവാഹങ്ങൾക്കും നടത്തുന്ന ശ്രമങ്ങൾക്ക് ഒരു കനത്ത തിരിച്ചടിയാണ് കോടതിവിധി എന്നതാണ് അതെന്നതിൽ സംശയമില്ല. ഇതുപോലെ തന്നെയാണ് സുപ്രീംകോടതിവിധിയും എന്ന് പറയേണ്ടിയിരിക്കുന്നു. സുപ്രീംകോടതി ഈ പ്രശ്നം എൻഐഎക്ക്‌ വിടുന്നകാര്യമാലോചിച്ചപ്പോൾ ഹർജിക്കാരൻ, അതായത് വിവാഹം കഴിച്ചുവെന്ന് പറയുന്ന യുവാവ്, നഖശിഖാന്തം എതിർക്കുകയായിരുന്നു. പക്ഷെ അതിലേക്ക്തന്നെ കോടതി ചെന്നെത്തി. ഈ എൻഐഎ അന്വേഷണം തീർച്ചയായും സുപ്രധാനമാണ് എന്ന് കരുതുന്നയാളാണ് ഞാൻ. കുറേയേറെയായി നാം കാണുന്ന കേൾക്കുന്ന ‘ലവ് ജിഹാദ് ‘ ഉൾപ്പടെയുള്ള വിഷയങ്ങളിലേക്ക്, നിർബന്ധിച്ചും പ്രലോഭിപ്പിച്ചും മറ്റ്‌ മാർഗങ്ങളിലൂടെയും മതം മാറ്റുന്ന കേന്ദ്രങ്ങൾ ശക്തികൾ എന്നിവയിലേക്ക്, അവയുടെ അന്താരാഷ്ട്ര ബന്ധങ്ങൾ, അവരുടെ വരുമാന ശ്രോതസുകൾ, ഇത്തരം കേന്ദ്രങ്ങളിൽ നടക്കുന്നതായി ആക്ഷേപിക്കപ്പെടുന്ന സുഖകരമല്ലാത്ത പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം അതിൽ വന്നുകൂടായ്‌കയില്ല. പിന്നെ ഇതൊക്കെ നടക്കുന്നത് ഒരു മുൻ സുപ്രീം കോടതി ജഡ്‌ജിയുടെ നിരീക്ഷണത്തിലാണ് എന്നതും പ്രധാനം തന്നെ.

ഇസ്ലാമിക ഭീകരത എന്നൊക്കെ നാം പറയുമ്പോഴും കേരളം അതിന്റെ കേന്ദ്രമാണ് എന്നത് ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ല എന്നത് പറയാതെവയ്യ. കേരളം ഒരിക്കലും ഇത്തരം ശക്തികളെ താലോലിച്ചിട്ടില്ല എന്നതാണ് നാമൊക്കെ പറയാറുള്ളത് . നമ്മുടേത് ‘ഗോഡ്‌സ് ഓൺ കൺട്രി’യാണ് അതായത് വിനോദസഞ്ചാരികളുടെ പറുദീസ. അവിടെയാണിപ്പോൾ ഭീകരതക്ക് വളക്കൂറുണ്ടാവുന്നത്‌. അതാലോചിക്കുമ്പോൾ നമ്മളൊക്കെ മറക്കാൻ പാടില്ലാത്ത ഒരു പേരുണ്ട് ; സിമി. ഭീകരതയുടെ പേരിൽ നിരോധിക്കപ്പെട്ട പ്രസ്ഥാനം. തങ്ങളുടെ മാതൃ സംഘടനക്ക് വീര്യം പോരെന്നുപറഞ്ഞു പുറത്തു വന്നവരാണ് ഇക്കൂട്ടർ എന്നതോർക്കുക. അതിന്റെ തലപ്പത്തുണ്ടായിരുന്ന ബുദ്ധികേന്ദ്രങ്ങളിലെ പ്രമുഖൻ മലയാളിയാണ്; ആലുവ സ്വദേശി. നിരോധനം വന്നപ്പോൾ ദുബായിക്ക് മുങ്ങിയ അയാൾ പിന്നീട് പ്രവർത്തിച്ചത് അവിടെനിന്നാണ്. ഇന്നിപ്പോൾ അവിടെയും ഉണ്ടാവാനിടയില്ല; കാരണം ദുബായിയും സൗദി അറേബ്യ യും മറ്റുമിന്ന് ഇത്തരം ഭീകരതക്കും ഭീകര നേതാക്കൾക്കുമെതിരെ ശക്തമായ നിലപാട് എടുത്തുതുടങ്ങിയല്ലോ. ഇന്ത്യൻ മുജാഹിദ്ദീനെക്കുറിച്ചും നാം കേട്ടിട്ടുണ്ട്. അതിന്റെ പ്രചാരകന്മാർ ആരായിരുന്നു; അവിടെയും മലയാളി സാന്നിധ്യം കാണാമായിരുന്നു. സിമിയുടെ മറ്റൊരു രൂപമായിരുന്നു അത്‌ . അതിന്റെ തലപ്പത്തും മലയാളിയായ ബഷീറിന്റെ പേര് നമുക്ക് കാണാം. ഇറാനിലെ മുജാഹിദ്ദീൻ പ്രസ്ഥാനത്തിന്റെ അനുചരന്മാരായിരുന്നു അവർ. ഇറാനിലെ പ്രതിപക്ഷ ശക്തിയായിരുന്നുവല്ലോ പീപ്പിൾസ് മുജാഹിദ്ദീൻ. ഇന്ത്യൻ മുജാഹിദ്ദീനിൽ നമുക്ക് മലയാളി ടച് ഉള്ള അനവധിപേരെ കാണാം; യാസിൻ ഭട്ട്ക്കലിനെ പോലെ. ഇതുമാത്രമല്ല, മുൻപ് സൂചിപ്പിച്ച മദനിയുടെ ഐ എസ് എസിന്റെ തേരാളികളിൽ അനവധിപേർ ചെന്നുപെട്ടതും ഇന്ത്യൻ മുജാഹിദ്ദീനിലാണ്. കോയമ്പത്തൂർ കേസിൽപെട്ട് മദനി ജയിലിലായതോടെ അവർക്കു മറ്റൊരു താവളം കണ്ടെത്തേണ്ടിവന്നതുമാവാം കാരണം. ചിലരെല്ലാം ചെന്നുപെട്ടത് എൻഡിഎഫിലാണ്. അതാണിന്നു നമ്മുടെ മുന്നിലെത്തിയ എസ്‌ ഡിപിഐ. പറഞ്ഞുവന്നത്, മദനിയുടെ നല്ലകാലം മുതലിവിടെ ഭീകരവാദം ശക്തമായിരുന്നു എന്നതാണ്. അവരുടെ അന്താരാഷ്ട്ര ബന്ധങ്ങളും കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങൾക്ക് നന്നായി അറിയുകയും ചെയ്യാമായിരുന്നു. ഇക്കൂട്ടരാണ് അഖില പ്രശ്നത്തിൽ ജഡ്ജിമാർക്കും കോടതിക്കുമെതിരെ തെരുവിലിറങ്ങിയത് എന്നതും ഓർമ്മിക്കുക.

ജമ്മു കാശ്മീരിൽ വെച്ചു കൊല്ലപ്പെട്ട യുവാക്കളുടെ ചരിത്രവും നാമൊക്കെ മറക്കരുത്. 2008 -ലാണ് ആ സംഭവമെന്നാണ് ഓർമ്മ. അന്നുതന്നെ കാശ്‌മീർ പോലീസ് ഇക്കാര്യം കേരളത്തെ ധരിപ്പിച്ചിരുന്നു. കേരളത്തിൽ അന്നത് ഏറെ ചർച്ചചെയ്യപ്പെട്ടതുമാണ്. പാക് അധീന കാശ്മീരിൽ നിന്നും വരുന്നവഴിക്കാണ്‌ ആ മൂന്നു മലയാളി യുവാക്കൾ കൊല്ലപ്പെട്ടത്. അവർ എറണാകുളം, മലപ്പുറം, കണ്ണൂർ സ്വദേശികളായിരുന്നു. അതായത് പാക്കിസ്ഥാനിൽ ചെല്ലുകയും അവിടത്തെ ഭീകര പരിശീലന ക്യാമ്പിൽ പങ്കെടുത്തശേഷം തിരിച്ചു വരുമ്പോളാണ് കൊല്ലപ്പെട്ടത് എന്നത് ചെറിയ കാര്യമല്ലല്ലോ. ലഷ്കർ ഈ തോയ്‌ബയുടെ പ്രവർത്തകരായിരുന്നു അവരെന്നതും മനസിലാക്കിയിട്ടുണ്ട്. അവിടെനിന്നാണ് നമ്മുടെ പോലീസ് തടിയന്റവിട നസീറിലേക്ക്‌ എത്തുന്നത് എന്നാണോർമ്മ. അതിനൊപ്പമാണ് സക്കീർ നയിക്കിനെയും അയാളുടെ പ്രസ്ഥാനത്തെയുമൊക്കെ കാണേണ്ടതും. അന്വേഷണത്തെ നേരിടാൻ തയ്യാറാവാതെ നാടുവിട്ട അയാളാണ് മത പരിവർത്തനത്തിന്റെയും ഐഎസ് റിക്രൂട്ട്മെന്റിന്റെയും ഇന്ത്യയിലെ ഒരു സുപ്രധാന കേന്ദ്രമെന്നത് ഇതിനകം ഏറെക്കുറെ വ്യക്തമായിട്ടുണ്ടല്ലോ.

ഇതൊക്കെ എൻഐഎക്കറിയാം. അതുകൊണ്ടുതന്നെ ഇപ്പോൾ സുപ്രീം കോടതി പുറപ്പെടുവിച്ച അന്വേഷണം വസ്തുതകൾ പുറത്തുകൊണ്ടുവരാൻ സഹായകരമാവും. അത് തെറ്റ് ചെയ്തവരെ പ്രതിക്കൂട്ടിലാക്കും എന്നതിൽ സംശയമില്ലല്ലോ. അതേസമയം നിരപരാധികൾക്ക് സമാധാനവും അതുവഴി വന്നുചേരും. എൻഐഎ അന്വേഷണത്തെ രാജ്യം സ്വാഗതം ചെയ്യുന്നത് അതുകൊണ്ടാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button