Latest NewsKeralaNews

സപ്ലൈകോയില്‍ സബ്സിഡിയുള്ള സാധനങ്ങള്‍ കിട്ടാനില്ല : ഓണത്തിന് മുമ്പ് സാധനങ്ങളുടെ വില കുതിയ്ക്കുന്നു

 

തിരുവനന്തപുരം : ഓണക്കാലമായതോടെ നിത്യോപയോഗസാധനങ്ങള്‍ക്കു വന്‍ വിലക്കയറ്റം. വില പിടിച്ചു നിര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങളൊന്നും ഫലം കാണുന്നില്ല. സപ്ലൈകോയില്‍ സബ്‌സിഡിയുള്ള പല സാധനങ്ങളും കിട്ടാനില്ലെന്ന പരാതിയും വ്യാപകമാണ്.

അരിവില നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഇപ്പോഴും വിപണിയില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. മട്ട വടിക്ക് കിലോയ്ക്ക് 50 രൂപയ്ക്കു മുകളിലാണു ചില്ലറ വില്‍പന വില. സംസ്ഥാന സര്‍ക്കാരിന്റെ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുപ്രകാരം മട്ട അരിയുടെ ശരാശരി വിപണി വില 43.75 രൂപയാണ്.

പഞ്ചസാരയുടെ ചില്ലറവില്‍പന വില 45 രൂപയ്ക്കു മുകളിലാണ്. സബ്‌സിഡി നിരക്കില്‍ ഒരു കിലോ മാത്രമാണു നല്‍കുന്നത് എന്നതിനാല്‍ സാധാരണക്കാര്‍ക്കു പൊതുവിപണിയില്‍ നിന്ന് പൊള്ളുന്ന വില നല്‍കി പഞ്ചസാര വാങ്ങുകയേ നിവൃത്തിയുള്ളൂ.

വെളിച്ചെണ്ണ വില ഒരുമാസത്തിനിടെ ലീറ്ററിനു 15 രൂപയോളമാണു വര്‍ധിച്ചത്. ഇക്കണോമിക്‌സ് വകുപ്പിന്റെ വിലവിവരപ്പട്ടിക പ്രകാരം ജൂലൈ 17നു വെളിച്ചെണ്ണവില 149 ആയിരുന്നു. ഓഗസ്റ്റ് 17നു വില 164 രൂപയായി.

ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന ചെറിയ ഉള്ളിയുടെ വില ഇടയ്ക്ക് അല്‍പം താഴ്‌ന്നെങ്കിലും വീണ്ടും ഉയര്‍ന്ന് 96 രൂപയായി. രണ്ടുമാസം മുന്‍പ് 140 രൂപ വരെ വില ഉയര്‍ന്നു. കഴിഞ്ഞമാസം ഇത് 85 രൂപയായി താഴ്‌ന്നെങ്കിലും വീണ്ടും വില കയറി. മാസങ്ങളോളം കുറഞ്ഞവിലയ്ക്കു ലഭിച്ച സവാളയ്ക്ക് ഒരുമാസത്തിനിടെ വില ഇരട്ടിയായി.

കഴിഞ്ഞമാസം ശരാശരി 17 രൂപയ്ക്കു ലഭിച്ച സവാളയ്ക്ക് ഇപ്പോള്‍ 35 രൂപയില്‍ കൂടുതലാണു വില. തക്കാളി, കാരറ്റ് വില മാത്രമാണ് അടുത്ത കാലത്ത് അല്‍പമെങ്കിലും കുറഞ്ഞത്. തക്കാളിവില 80 രൂപയില്‍ നിന്ന് 51 രൂപയായും കാരറ്റിന്റെ വില 69ല്‍ നിന്ന് 58 രൂപയായും കുറഞ്ഞു.

ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ഏത്തപ്പഴം കിലോയ്ക്ക് 75 രൂപയാണു വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ പട്ടിക പ്രകാരമുള്ള വില. ഓണമടുക്കുമ്പോഴേക്ക് വില ഇനിയും ഉയരുമെന്നാണു വിപണിയില്‍ നിന്നുള്ള വിവരം.

ഞാലിപ്പൂവന്‍ പഴത്തിനും വില 75 രൂപയ്ക്കു മുകളിലാണ്. പൂവന്‍ പഴത്തിന് 60 രൂപ കൊടുക്കണം. കിലോയ്ക്ക് 30 രൂപയ്ക്കു ലഭിച്ചിരുന്ന പാളയംകോടന്‍ (മൈസൂര്‍ പൂവന്‍) പഴത്തിന് 45 രൂപയായി. തേങ്ങയുടെ വില കിലോയ്ക്ക് 33 രൂപയായി. പൊതുവിപണയില്‍ പഴവര്‍ഗങ്ങളുടെ വില ഇതിലും വളരെ കൂടുതലാണ്.

രസകദളിക്ക് (ഞാലിപ്പൂവന്‍) 120, നേന്ത്രന്‍ 84, പാളയംകോടന്‍ 52 എന്നിങ്ങനെയാണു തിരുവനന്തപുരത്ത് പലയിടത്തും വില. നേന്ത്രക്കായ വില കഴിഞ്ഞവര്‍ഷം 70 രൂപയായപ്പോള്‍ ഉപ്പേരിക്കും ചിപ്‌സിനും കിലോഗ്രാമിന് 300 മുതല്‍ 350 രൂപ വരെയായിരുന്നു വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button