Latest NewsLife Style

എല്ലാവരുടേയും കണ്ണിലുണ്ണിയായി മാറാന്‍ ചില നുറുങ്ങുവിദ്യകള്‍

ചുറ്റുമുള്ളവരുടെ സ്നേഹവും ശ്രദ്ധയും പിടിച്ചുപറ്റണമെന്നു ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എല്ലാവരും ഇഷ്ടപ്പെടണമെന്ന ഈ ആഗ്രഹം, ആഗ്രഹത്തില്‍ മാത്രം ഒതുങ്ങി പോകരുതെന്ന് മാത്രം. പ്രവര്‍ത്തിയിലൂടെ മാത്രമെ നമുക്ക് ഇഷ്ടം പിടിച്ചു പറ്റാനാകൂ. പെരുമാറ്റത്തിലും പ്രവൃത്തിയിലും ചില മാറ്റങ്ങള്‍ കൊണ്ടു വന്നാല്‍ എല്ലാവരുടേയും ഇഷ്ടം പിടിച്ചു പറ്റാന്‍ സാധിക്കും.

സംസാരിക്കുമ്പോള്‍ തെറ്റ് പറ്റാത്തവരായി ആരും തന്നെ ഉണ്ടാകില്ല.എന്നാല്‍ സംസാരിക്കുന്നതിനിടയില്‍ സ്വന്തം അബദ്ധങ്ങളെ കുറിച്ച് പറഞ്ഞ് ചിരിക്കാനോ, ചെറിയ പിഴവുകള്‍ ചിരിച്ചു തള്ളാനോ കഴിയുമെങ്കില്‍ ചുറ്റുമുള്ളവര്‍ നിങ്ങളുടെ സാന്നിധ്യം എപ്പോഴും ആഗ്രഹിക്കും. സംസാരത്തിനിടയില്‍ തമാശ പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിക്കാന്‍ കഴിയുന്നവരെ ഏവരും ഒരുപാട് ഇഷ്ടപ്പെടും. തമാശ പറയാനുള്ള അതി സാഹസിക ശ്രമത്തില്‍ ‘വടക്കു നോക്കിയന്ത്ര’ത്തിലെ ശ്രീനിവാസന്‍ ആകാതിരുന്നാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒന്നും ഉണ്ടാകില്ല. അത് പോലെ തന്നെ ചിരിപ്പിക്കുന്നതോടൊപ്പം ചിരിക്കാനും ശ്രമിക്കുക. ചിരിച്ച് സംസാരിക്കുന്നവരോട് എല്ലാവര്‍ക്കും പ്രത്യേക ഒരു ഇഷ്ടം തോന്നുക തന്നെ ചെയ്യും. എന്നാല്‍ അത് കപടമായ ചിരി ആകരുത്. സത്യസന്ധമായ ചിരിക്ക് ഏത് ബന്ധത്തെയും ഊട്ടി ഉറപ്പിക്കാന്‍ കഴിയും

തനിക്ക് പറയാന്‍ ഉള്ളത് മാത്രം പറയുന്ന ‘റേഡിയോ’ ആകാതിരിക്കുക. പറയുന്ന പോലെ തന്നെ നല്ലൊരു കേള്‍വിക്കാരനും ആയിരിക്കുക.ഒപ്പമുള്ളയാള്‍ക്ക് പറയാന്‍ അവസരം നല്‍കുക. ഏറ്റവും മാന്യമായതാണ് നിങ്ങളുടെ പെരുമാറ്റം എന്നത് സംസാര രീതിയില്‍ നിന്ന് തന്നെ മനസ്സിലാകും. മറ്റൊരാളെ മാനിക്കുന്നയാള്‍ ഒരിക്കലും ഇടയ്ക്ക് കയറി പറഞ്ഞ് തടസ്സമുണ്ടാക്കില്ല.

അഭിനന്ദനങ്ങള്‍ ഒരിക്കലും ആത്മാര്‍ത്ഥതയില്ലാത്തതാവരുത്. സത്യസന്ധമായി അഭിനന്ദിക്കാനും അംഗീകരിക്കാനുമുള്ള കഴിവ് ഒരാളുടെ നിലപാടുകൂടിയാണ് വ്യക്തമാക്കുന്നത്. പരിചയമുള്ള ഒരാളെ കാണുമ്പോള്‍ വളരെ സന്തോഷത്തോടെ സംസാരിക്കുക. മുഖത്ത് എപ്പോഴും ഒരു ചിരി കരുതുക. ആ ചിരി മറ്റുള്ളവരിലേക്ക് പകരുക. അത് നിങ്ങളെ മാത്രമല്ല കൂടെയുള്ളവരെയും സന്തോഷിപ്പിക്കും.

shortlink

Post Your Comments


Back to top button