Latest NewsKeralaIndiaNewsInternational

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

1.ഓണത്തെ വരവേറ്റുകൊണ്ട് ഇന്ന് അത്തം. ഇനി പൂവിളികളുടെ പത്ത് നാളുകൾ.

ഓണം കഴിഞ്ഞ് പത്തുദിവസങ്ങള്‍ക്കപ്പുറം മലയാളിക്കു തിരുവോണമാണ്. രാവിലെ ഒമ്പതുമണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അത്തച്ചമയ ആഘോഷപരിപാടികള്‍ തൃപ്പൂണിത്തുറയില്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാംസ്‌കാരികത്തനിമ നിറഞ്ഞ ദൃശ്യങ്ങളും കലാപരിപാടികളും ഘോഷയാത്രയില്‍ നിറഞ്ഞു നിന്നു. ഉല്‍സവം കാണുന്നതിനായി കൊച്ചി രാജാവ് അണിഞ്ഞൊരുങ്ങി, പല്ലക്കില്‍ സര്‍വ്വ സന്നാഹങ്ങളോടെ എഴുന്നള്ളുന്നതിന്റെ പ്രതീകമായാണ് അത്ത ചമയ ആഘോഷത്തിന്റെ ഘോഷയാത്ര നടത്തുന്നത്. കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ സംസ്ഥാനങ്ങളിലേയും കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അണിനിരന്നു. പത്ത് മണിയോടെ ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി വൈകീട്ട് മൂന്നു മണിയോടെ തൃപ്പുണിത്തറ അത്തം നഗറില്‍ സമാപിച്ചു.

2.ഓട്ടോയും ഇനി ഓണ്‍ലൈനിലൂടെ വിളിക്കാം. ദേ ഓട്ടോ ആപ്പുമായി കൊച്ചി

കൊച്ചി നഗരത്തിലെ ഇരുനൂറില്‍ പരം ഓട്ടോറിക്ഷകളുമായി പ്രവര്‍ത്തനം തുടങ്ങാന്‍ പോകുന്ന ‘ദേ ഓട്ടോ’ ഇപ്പോള്‍ പരീക്ഷണ ഓട്ടത്തിലാണ്. കിയോസ്‌കുകള്‍ വഴിയാണ് സംവിധാനം നടപ്പാക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും ഓണ്‍ലൈന്‍ ഓട്ടോ വിളിക്കാനാണ് ആളില്ലാ കിയോസ്‌കുകളിലൂടെ ‘ദേ ഓട്ടോ’ അവതരിപ്പിക്കുന്നത്. ജി.പി.എസ്. സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന കിയോസ്‌ക് വികസിപ്പിച്ചെടുത്തിരിക്കുന്നത് ഇന്‍ഫോ പാര്‍ക്കിലെ ‘മെലോസിസ്’ എന്ന സ്ഥാപനമാണ്.

3.ലഡാക്കില്‍ പാംഗോങ് തടാകത്തിനു സമീപം റോഡ് നിര്‍മിക്കാനുള്ള ഇന്ത്യന്‍ നീക്കം സ്വയം മുഖത്തടിക്കുന്ന നടപടിയെന്ന്‌ ചൈന.

പാംഗോങ് തടാകത്തിനും മര്‍സിമിക് ലായ്ക്കും ഇടയിലായി 20 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പാത ഇന്ത്യ നിര്‍മിക്കാന്‍ ഒരുങ്ങുന്നെന്ന വാര്‍ത്ത പുറത്തെത്തിയതിനു പിന്നാലെയാണ് രൂക്ഷ പരിഹാസവുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്.
റോഡ് പണി പൂര്‍ത്തിയായി കഴിഞ്ഞാല്‍ കിഴക്കന്‍ ലഡാക്കിന്റെ ഉള്‍ഭാഗങ്ങളില്‍ വരെ ഇന്ത്യന്‍ സൈന്യത്തിന് എത്തിച്ചേരാന്‍ സാധിക്കും. എന്നാല്‍ ചൈനയുടെ കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശമാണ് ഇത്. ഡോക് ലാം പ്രദേശത്തെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മില്‍ രൂക്ഷമായ തര്‍ക്കം തുടങ്ങിയിട്ട് രണ്ടുമാസം കഴിഞ്ഞു.

4.തെറ്റില്ലാത്ത മലയാളം പറയാനും എഴുതാനും പഠിപ്പിക്കുന്ന ‘പച്ച മലയാളം’ കോഴ്സ് വരുന്നു. അഭ്യസ്തവിദ്യര്‍പോലും മലയാളം തെറ്റിക്കുന്നത് നികത്താനാണ് ഈ കോഴ്സിന് സംസ്ഥാന സാക്ഷരതാ മിഷന്‍ രൂപംനല്‍കിയിരിക്കുന്നത്.

മലയാളം പഠിക്കാന്‍ താത്പര്യമുള്ള ഏത് പ്രായത്തിലുള്ളവര്‍ക്കും ഇതില്‍ ചേരാം. രണ്ട് പാഠ്യഭാഗങ്ങളിലായി അക്ഷരം, ചിഹ്നം, വാക്യം, വാക്യഘടന അടുത്തതില്‍ ഭാഷാസാഹിത്യം, കല, കേരളസംസ്കാരം, മാധ്യമ സാക്ഷരത എന്നിവ പഠിപ്പിക്കും. മൂന്ന് മണിക്കൂര്‍ വീതമുള്ള 20 ക്ലാസെങ്കിലും പഠിതാവിന് ലഭ്യമാക്കാനാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. മുതിര്‍ന്നവരുടെ ബോധന ശാസ്ത്രത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന പാഠപുസ്തകവും ഉണ്ടാകും. സെപ്റ്റംബര്‍ ഒന്നുമുതല്‍ 30 വരെ ഇതിനായി രജിസ്റ്റര്‍ചെയ്യാം.

വാര്‍ത്തകള്‍ ചുരുക്കത്തില്‍

1.അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

2.മന്ത്രി തോമസ് ചാണ്ടി സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയെന്ന റിപ്പോർട്ട് പൂഴ്ത്തി . വില്ലേജ് ഓഫീസർ 6 വർഷം മുമ്പ് നൽകിയ റിപ്പോർട്ടാണ് പൂഴ്ത്തിയത്.

3.കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാംപ്രതി വിപിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍.

4.മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ ഇസ്രത് ജഹാന് സാമൂഹ്യ‌വിലക്ക്. നിയന്ത്രണങ്ങളും അപമാനപ്പെടുത്തലും പുതിയ പോരാട്ടത്തിലേക്കു വാതിൽ തുറക്കുകയാണെന്ന് ഇസ്രത്ത് ജഹാൻ ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

5.സംസ്ഥാനത്തെ സ്വകാര്യബസുകളുടെ പെര്‍മിറ്റ് വിവരങ്ങളും സമയക്രമവും ഇനി ഓണ്‍ലൈനില്‍.

6.ഗര്‍ഭിണികളുടെ സ്‌കാനിങ്ങിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി മഹാരാഷ്ട്രാ സര്‍ക്കാര്‍. പെണ്‍ഭ്രൂണഹത്യ തടയാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം

7.200 രൂപ നോട്ടുകള്‍ രാജ്യത്ത് ഇന്നുമുതല്‍ പ്രാബല്യത്തില്‍.മഞ്ഞ നിറത്തിലുള്ള മഹാത്മാ ശ്രേണിയിലുള്ള കറന്‍സിയാണ് പുറത്തിറക്കുന്നതെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു

8.സ്വകാര്യത മൗലികാവകാശമാക്കിയ സുപ്രീം കോടതി വിധി എന്‍ഡിഎ സര്‍ക്കാരിന്റെ കാഴ്ചപ്പാടുകളുമായി ഒത്തുപോകുന്നതാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സാമൂഹിക നീതിയുടെ തുല്യമായ വിതരണം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും സ്വകാര്യതയ്ക്കുള്ള അവകാശത്തെ പാര്‍ട്ടി പൂര്‍ണമായും മാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.

9.ശ്രീജന്‍ അഴിമതി സിബിഐ അന്വേഷിക്കും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആവശ്യപ്രകാരമാണ് 800 കോടി രൂപയുടെ അഴിമതി കേസ് സിബിഐ ഏറ്റെടുത്തത്.

10.മൂന്നാറില്‍ വീണ്ടും പുലികളിറങ്ങി. ബുധനാഴ്ച വൈകീട്ട് പുതുക്കടി കവലക്കു സമീപമുള്ള കുടിവെള്ളസംഭരണിയോടു ചേര്‍ന്നുള്ള കാട്ടിലാണ് അഞ്ചു പുലികളെ കണ്ടത്.

11.വടക്കാഞ്ചേരി പീഡനക്കേസിൽ പ്രതികളുടെ നുണ പരിശോധന ഫലം പുറത്ത്. കേസുമായി ബന്ധപ്പെടുത്താവുന്ന തെളിവുകളൊന്നും നുണപരിശോധനയിൽ ലഭിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button