Latest NewsNewsInternational

വനിതാ റിപ്പോര്‍ട്ടറെ ഭ്രാന്താശുപത്രിയില്‍ പൂട്ടിയിട്ടു : സത്യമറിഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ ഞെട്ടി

 

ന്യൂയോര്‍ക്ക് : അസുഖമൊന്നും ഇല്ലാതെ വനിതാ റിപ്പോര്‍ട്ടറെ ഭ്രാന്താശുപത്രിയില്‍ പൂട്ടിയിട്ടു. എന്തിനാണെന്നറിഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ പോലും ഞെട്ടിപ്പോയി എന്നതാണ് വാസ്തവം. ഭ്രാന്താശുപത്രിയ്ക്ക് ഉള്ളില്‍ രോഗികള്‍ നേരിടുന്ന പീഡനങ്ങള്‍ പുറത്തെത്തിക്കാനായിരുന്നു അവര്‍ ഇങ്ങനെ ഒരു ത്യാഗത്തിന് മുതിര്‍ന്നത്. ജോലിയോടുള്ള ആത്മാര്‍ഥതയും ഏതുവിധേനയും സത്യം പുറത്തുകൊണ്ടുവരണമെന്നുള്ള ചിന്തയുമാണ് അവരെ അത്തരത്തിലൊരു സാഹസത്തിന് പ്രേരിപ്പിച്ചത്.

എലിസബത്ത് കോക്റാന്‍ എന്നാണ് ഈ ധീരയായ റിപ്പോര്‍ട്ടറുടെ പേര്. നല്ലീബ്ലൈ എന്ന തൂലികാനാമത്തിലറിയപ്പെട്ട ഈ അമേരിക്കന്‍ ജേണലിസ്റ്റ് തന്റെ ജീവന്‍ പോലും ബലിനല്‍കാന്‍ തയാറായാണ് കരിയറില്‍ മുന്നേറിയത്. വളരെച്ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ മരിച്ചതുകൊണ്ട് അമ്മയുടെയും 14 സഹോദരങ്ങളുടെയും ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് പഠനവും ജോലിയും ഒന്നിച്ചു കൊണ്ടുപോകാന്‍ തീരുമാനിച്ചു.

പെന്‍സില്‍വാനിയയില്‍ താമസിക്കുമ്പോഴാണ് കൗമാരക്കാലത്ത് ഒരു പത്രത്തിലെ കോളം എലിസബത്ത് വായിക്കാനിടയായത്. പെണ്‍കുട്ടികളെ എന്തിനുകൊള്ളാം എന്ന തലക്കെട്ടോടെ വന്ന ലേഖനം എലിസബത്തിനെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. തന്റെ രോഷം പ്രകടിപ്പിച്ചുകൊണ്ട് അവള്‍ പത്രത്തിന്റെ എഡിറ്റര്‍ക്ക് ഒരു കത്തെഴുതി. ആ കത്തുകണ്ട് മതിപ്പു തോന്നിയ എഡിറ്റര്‍ തന്റെ പത്രത്തിനു വേണ്ടി ഒരു ആര്‍ട്ടിക്കിള്‍ എഴുതാമോ എന്ന് എലിസബത്തിനോട് ചോദിച്ചു.

പത്രത്തിലേക്ക് അവള്‍ എഴുതിയ ആര്‍ട്ടിക്കിള്‍ വായിച്ച എഡിറ്റര്‍ എലിസബത്തിന് പത്രത്തില്‍ ഒരു സ്ഥിരംജോലി വാഗ്ദാനം ചെയ്യുകയും നല്ലീബ്ലൈ എന്ന തൂലികാനാമത്തില്‍ അവളെ അഭിസംബോധന ചെയ്യുകയും ചെയ്തു. പത്രത്തില്‍ ജോലിചെയ്യാന്‍ തുടങ്ങിയ എലിസബത്ത് സ്ത്രീകളുടെ പ്രശ്‌നങ്ങളെപ്പറ്റിയും അവകാശങ്ങളെപ്പറ്റിയുമുള്ള ലേഖനങ്ങള്‍ നിരന്തരം എഴുതിത്തുടങ്ങി. അതുവരെ ഫാഷനെപ്പറ്റിയും പൂന്തോട്ടനിര്‍മ്മാണത്തെപ്പറ്റിയും മാത്രം സംസാരിച്ചുകൊണ്ടിരുന്ന പത്രങ്ങള്‍ക്കിടയില്‍ എലിസബത്തിന്റെ എഴുത്ത് വളരെവേഗം തിരിച്ചറിയപ്പെട്ടു.

ഫീച്ചറുകള്‍ മാത്രമല്ല ഇന്‍വസ്റ്റിഗേറ്റീവ് സ്റ്റോറികളും എലിസബത്ത് എഴുതാന്‍ തുടങ്ങി. പുറംലോകമറിയാത്ത സ്ത്രീ തൊഴിലാളികളുടെ കഷ്ടപ്പാടുകളെക്കുറിച്ച് അന്വേഷിച്ചറിഞ്ഞ് എലിസബത്ത് വാര്‍ത്തകളെഴുതി. ഇതോടെ വനിതാപേജിന്റെ ചുമതല എലിസബത്തില്‍ നിന്ന് എടുത്തുമാറ്റപ്പെട്ടു. ഇതില്‍ കുപിതയായ എലിസബത്ത് പതുക്കെ ജോലി വിട്ടു. കൂടുതല്‍ അവസരങ്ങള്‍ തേടി അവള്‍ ന്യൂയോര്‍ക്കിലെത്തി. ഏകദേശം നാലുമാസത്തോളം ജോലിയൊന്നുമില്ലാതെ അവള്‍ ജീവിച്ചു. കുറേ കഷ്ടപ്പെട്ടെങ്കിലും ഒടുവിലവര്‍ക്ക് ന്യൂയോര്‍ക്ക് വേള്‍ഡ് ന്യൂസ് പേപ്പറില്‍ അവസരം ലഭിച്ചു.

ഒരു കുപ്രസിദ്ധ ഭ്രാന്താശുപത്രിയെക്കുറിച്ചുള്ള വാര്‍ത്ത ചെയ്യണമെന്നതായിരുന്നു അവള്‍ക്കു ലഭിച്ച ആദ്യത്തെ അസൈന്‍മെന്റ്. ആ വനിതാഭ്രാന്താശുപത്രിക്കുള്ളില്‍ എന്താണു നടക്കുന്നതെന്ന് പുറം ലോകത്താര്‍ക്കുമറിയില്ല. അവിടെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട ആരും തന്നെ പുറംലോകം കണ്ടിട്ടുമില്ല. അങ്ങനെ ഒടുവില്‍ എലിസബത്ത് ഒരു ഭ്രാന്തിയാവാന്‍ തീരുമാനിച്ചു അതല്ലാതെ അവിടെ നടക്കുന്ന വിവരങ്ങളറിയാന്‍ മറ്റു നിര്‍വാഹങ്ങളൊന്നുമില്ലായിരുന്നു.

10 ദിവസത്തിനകം ഭ്രാന്താശുപത്രിക്ക് പുറത്തെത്തിക്കാം എന്ന ഉറപ്പ് ജോലിചെയ്യുന്ന പത്രസ്ഥാപനത്തില്‍ നിന്നും ലഭിച്ചതോടെ ധൈര്യമായി ഒരു ഭ്രാന്തിയായി ഭ്രാന്താശുപത്രിയില്‍ പ്രവേശിച്ചു. പുറമേ നിന്നു നോക്കുന്നതിനേക്കാള്‍ ദുസ്സഹമായിരുന്നു ഉള്ളിലെ കാര്യങ്ങള്‍. പാതിവെന്ത ബ്രഡും ചീഞ്ഞളിഞ്ഞ മാംസവും ശുദ്ധീകരിക്കാത്ത വെള്ളവുമായിരുന്നു രോഗികള്‍ക്കു നല്‍കിയത്. രോഗികളേക്കാള്‍ കൂടുതല്‍ അവിടെയുണ്ടായിരുന്നത് ഭ്രാന്തില്ലാത്ത സ്ത്രീകളായിരുന്നു. ഭാഷ അറിയാത്തതുകൊണ്ടു മാത്രം ഭ്രാന്താശുപത്രിയില്‍ കുടുങ്ങിപ്പോയവര്‍. മാനസ്സീകാസ്വാസ്ഥമുള്ളവര്‍ക്ക് നേരാംവണ്ണം ചികിത്സയും കിട്ടുന്നില്ലായിരുന്നു.

ഒരു മുറിയില്‍ ഉള്‍ക്കൊള്ളാവുന്നതിലും രണ്ടിരട്ടിയിലധികം ആളുകളെ കുത്തിനിറച്ചിരുന്ന മുറികളില്‍ നിറയെ എലികളുമുണ്ടായിരുന്നു. സ്വബോധമുള്ള ഒരാള്‍ക്കു പോലും മനസ്സിന്റെ സമനില നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു അവിടെ. സഹിക്കുന്ന പീഡനങ്ങളെക്കുറിച്ച് ഡോക്ടര്‍മാരോടു തുറന്നു പറഞ്ഞാലും അവര്‍ വിശ്വസിക്കാത്ത അവസ്ഥ. ജോലിക്കാരുടെ ചൂഷണങ്ങളും മര്‍ദ്ദനവും സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു. കൈകാലുകള്‍ ബന്ധിച്ച് തണുത്ത വെള്ളത്തില്‍ ശരീരം മുക്കുക. കൊടും തണുപ്പില്‍ ഷവറിന്റെ ചോട്ടില്‍ കൊണ്ടുനിര്‍ത്തുക എന്നിവയായിരുന്നു മര്‍ദ്ദനമുറകളില്‍ ചിലത്.

നരകസമാനമായ 10 ദിവസത്തെ ജീവിതത്തില്‍ നിന്നും എലിസബത്തിനെ മോചിപ്പിക്കാന്‍ ഒരു അഭിഭാഷകനെത്തി. എലിസബത്ത് ആരാണെന്ന സത്യമറിഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. ”10 ഡെയ്‌സ് ഇന്‍ എ മാഡ് ഹൗസ്” എന്ന ബുക്കില്‍ ആശുപത്രിയിലെ നരകജീവിതത്തെക്കുറിച്ച് എലിസബത്ത് വിശദമായി എഴുതി. ആ പുസ്തകം പബ്ലിഷ് ചെയ്തതിനു ശേഷം മാനസീകാരോഗ്യകേന്ദ്രത്തിലെ നിലവിലെ സ്ഥിതി മാറണമെന്നും മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കണമെന്നും ഗവണ്‍മെന്റ് ഉത്തരവിട്ടു.

ഈ വാര്‍ത്തകളും അതിലൂടെ സംഭവിച്ച നന്മകളും എലിസബത്തിനെ പ്രശസ്തയാക്കി. അവള്‍ തുടര്‍ന്നും മാനുഷീക പരിഗണനകള്‍ക്ക് മൂല്യം നല്‍കുന്ന ലേഖനങ്ങളെഴുതി. ദാരിദ്രത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും അങ്ങനെ പെണ്ണിന് തന്റെ അഭിപ്രായം തുറന്നു പറയാന്‍ മടിയുള്ള എല്ലാത്തിനെപ്പറ്റിയും അവള്‍ എഴുതി. തന്നാലാവുംവിധം മാറ്റം അവള്‍ സമൂഹത്തില്‍ക്കൊണ്ടു വന്നു.

1922 ല്‍ തന്റെ 57-ാം വയസ്സില്‍ പക്ഷാഘാതം വന്നു മരിക്കുന്നതുവരെ എലിസബത്ത് തന്റെ പോരാട്ടം തുടര്‍ന്നു. അനേകം യുവതീ യുവാക്കള്‍ക്ക് അവരുടെ ജീവിതം പ്രചോദനമായി. ഇഷ്ടപ്പെട്ട ജോലിചെയ്യുന്നതിനുവേണ്ടി സ്വന്തം മനസ്സിന്റെ ശബ്ദത്തിനു കാതോര്‍ക്കുന്നതിനുവേണ്ടി എത്ര സാഹസത്തിനും മുതിരുന്ന അവരെ ഒരുപാടു തലമുറയിലുള്ള യുവതീയുവാക്കള്‍ മാതൃകയാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button