Latest NewsNewsTechnology

ലോകം കാത്തിരിയ്ക്കുന്നു : ആ സുന്ദരമായ കാഴ്ച കാണാന്‍

ന്യൂയോര്‍ക്ക് : ലോകം കാത്തിരിക്കുകയാണ് ആ സുന്ദരമായ കാഴ്ച കാണാന്‍. ആപ്പിള്‍ കമ്പനിയുടെ ഭാവി ആസ്ഥാനമെന്ന് വിളിക്കുന്ന ആപ്പിള്‍ പാര്‍ക്കിലെ ഓഡിറ്റോറിയത്തിന്റെ പേരാണ് ‘സ്റ്റീവ് ജോബ്സ് തിയേറ്റര്‍’. ലോകത്തിന്റെ ഫോണ്‍ സങ്കല്‍പ്പം മാറ്റിമറിച്ച ഐഫോണ്‍ അതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷത്തെ ഐഫോണ്‍ മോഡലുകള്‍ പുറത്തിറക്കാന്‍ കമ്പനി സ്റ്റീവ് ജോബ്സ് തിയേറ്റര്‍ തിരഞ്ഞെടുത്തേക്കാമെന്നാണ് പുതിയ കേട്ടുകേള്‍വി. ആപ്പിള്‍ പാര്‍ക്കിന്റെ പണി പൂര്‍ത്തിയാകാത്തതാണ് ഈ വേദി തിരഞ്ഞെടുത്തേക്കുമോ എന്ന സംശയത്തിനു കാരണം.

2005ല്‍ ആണ് ജോബ്സ് മള്‍ട്ടി ടച്ച് സാധ്യമായ ഒരു ഫോണ്‍ നിര്‍മിക്കുന്ന കാര്യം ഭാവനയില്‍ കാണുന്നത്. ഒരു കൂട്ടം എന്‍ജിനീയര്‍മാരെയും കൂട്ടി ജോബ്സ് ഫോണ്‍ നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. പ്രൊജക്ട് പേപിള്‍ 2 എന്നായിരുന്നു ഈ പദ്ധതിയുടെ പേര്. പത്താം ജന്മവാര്‍ഷികം ആഘോഷിക്കുന്ന ഐഫോണ്‍ പുറത്തിറക്കുന്നത് ജോബ്സിന്റെ പേരിലുള്ള ഓഡിറ്റോറിയത്തിലാകുക എന്നത് എന്തുകൊണ്ടും ഉചിതമായിരിക്കും. ഐഫോണ്‍ പുറത്തിറക്കുന്ന ചടങ്ങിലേക്ക് ക്ഷണക്കത്തിലൂടെയാണ് വേണ്ടവരെ ക്ഷണിക്കുന്നത്. ക്ഷണക്കത്ത് ഇറങ്ങിയാല്‍ മാത്രമെ വേദി ഏതാണെന്ന് തീര്‍ച്ചപ്പെടുത്താനാകൂ. ഇത് സെപ്റ്റംബര്‍ 4, 5 തിയതികളിലാണ് സാധാരണ അയയ്ക്കുക.

ഇത്തവണ പത്താം വാര്‍ഷിക ഐഫോണ്‍ ഉള്‍പ്പെടെ മൂന്നു മോഡലുകളാണ് പുറത്തിറക്കുക എന്നാണ് കേള്‍ക്കുന്നത്. ഐഫോണ്‍ 7/7 പ്ലസ് എന്നീ മോഡലുകള്‍ക്കു പകരം അവയോട് സാമ്യമുള്ള ഐഫോണ്‍ 7s/7s പ്ലസ് എന്നീ മോഡലുകളും ഇതുവരെയിറങ്ങിയ ഒരു ഐഫോണിനോടും സാമ്യമില്ലാത്ത, ഐഫോണ്‍ 8 എന്നോ പ്രോ എന്നോ പേരിട്ടേക്കാവുന്ന, പത്താം വാര്‍ഷിക ഫോണുമാണ് മൂന്നു മോഡലുകള്‍. ഐഫോണ്‍ അവതരിപ്പിച്ചാലും ചിലപ്പോള്‍ ഈ വര്‍ഷം അവസാനം മാത്രമെ വേണ്ടത്ര എണ്ണം മാര്‍ക്കറ്റിലെത്തിയേക്കൂ എന്നും പറയുന്നുണ്ട്. സെപ്റ്റംബര്‍ 12 അല്ലെങ്കില്‍ എട്ട് എന്നീ രണ്ടു തിയതികളാണിലാണ് ഫോണുകള്‍ പുറത്തിറക്കാന്‍ സാധ്യത.

ഫോണുകള്‍ക്കൊപ്പം 4K വിഡിയോ സ്ട്രീം ചെയ്യാന്‍ കഴിയുന്ന ആപ്പിള്‍ ടിവിയും, മൂന്നാം തലമുറ ആപ്പിള്‍ വാച്ചും പുറത്തിറക്കിയേക്കാം. എന്നാല്‍, ഇവയ്ക്കൊപ്പം ആപ്പിള്‍ പാര്‍ക്കിലെ സ്റ്റീവ് ജോബ്സ് തിയറ്ററില്‍ നടത്തുന്ന ആദ്യ ഇവന്റ് എന്ന പ്രാധാന്യവും ഈ വര്‍ഷത്തെ ഐഫോണ്‍ അവതരിപ്പിക്കലിനു ലഭിച്ചേക്കാം. ഒരു മൈല്‍ ചുറ്റളവാണ്, നിര്‍മാണം തീരാത്ത, വര്‍ത്തുള ആകൃതിയിലുള്ള ആപ്പിള്‍ പാര്‍ക്കിന്റെത്. അഞ്ചു ബില്ല്യന്‍ ഡോളര്‍ ഇതു നിര്‍മിക്കാന്‍ വേണ്ടിവരുമെന്നാണ് പറയുന്നത്.

സ്പെയ്സ് ഷിപ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഈ ആപ്പിള്‍ ക്യാമ്പസ് 175 ഏക്കറിലാണ് നിര്‍മിക്കുന്നത്. ആയിരം പേര്‍ക്ക് ഇരിക്കാവുന്നതാണ് സ്റ്റീവ് ജോബ്സ് ഓഡിറ്റോറിയം. ഇതിന്റെയെങ്കിലും പണി തീരുമെങ്കില്‍ ഫോണുകള്‍ ഇവിടെ തന്നെ അവതരിപ്പിച്ചേക്കും. 2014ല്‍ ആണ് ആപ്പിള്‍ പാര്‍ക്കിന്റെ പണി തുടങ്ങിയത്. ഇവിടം ഭാവിയില്‍ 12,000 ജോലിക്കാരെ നിയമിക്കും. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടാണ് നിര്‍മാണ പ്രവര്‍ത്തനമെന്നും അവകാശവാദമുണ്ട്. ദൈനംദിന ഉപയോഗത്തില്‍ അമിതമായി ഊര്‍ജ്ജ നഷ്ടം വരാത്ത രീതിയിലാണ് കെട്ടിടങ്ങള്‍ പണിയുന്നത്. ഇവിടെയുള്ള ക്യാമ്പസിന്റെ പ്രവര്‍ത്തനോര്‍ജ്ജം പൂര്‍ണ്ണമായും പുതുക്കി ഉപയോഗിക്കാവുന്നതാണ് എന്നതും കമ്പനിയുടെ കഴിവു വിളിച്ചോതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button