Latest NewsNewsIndia

കര്‍ണാടക തെരഞ്ഞെടുപ്പ് : സിദ്ധരാമയ്യ വീഴുമോ?പുതിയ സര്‍വേ ഫലം പുറത്ത്

ബംഗളൂരു•2018 ല്‍ നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് 113 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പുതിയ സര്‍വേ ഫലം. 2008 ല്‍ ബി.എസ് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ ഉണ്ടായിരുന്ന അതെ സീറ്റ് നിലയാണിത്‌. നിലവില്‍ അധികാരത്തിലിരിക്കുന്ന സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് 86 സീറ്റുകളും ജെ.ഡി.എസിന് 25 സീറ്റുകളും ലഭിക്കുമെന്ന് ക്രീയേറ്റീവ് സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ ആന്‍ഡ്‌ സോഷ്യല്‍ സ്റ്റഡീസ് (COPS) നടത്തിയ സര്‍വേ പറയുന്നു.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്ന് എസ്.ഡി.പി.ഐയേയും കെ.എഫ്.ഡിയെയും നിരോധിക്കണമെന്നാവശ്യപ്പെട്ട് തീരപ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന ജൂലൈ മാസത്തിലാണ് കോപ്സ് സര്‍വേ നടത്തിയത്.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബി.ജെ.പിയ്ക്ക് നേരിയ ഭൂരിപക്ഷം ലഭിക്കുമെന്ന് സര്‍വേ പറയുന്നു. ഓള്‍ഡ്‌ മൈസൂരു മേഖലയിലും ബംഗലൂരു മേഖലയിലും കോണ്‍ഗ്രസ് ഭൂരിപക്ഷം നേടും. ഓള്‍ഡ്‌ മൈസൂരുവില്‍ 37 സീറ്റുകളില്‍ 21 എണ്ണത്തിലും ബംഗലൂരുവില്‍ 32 സീറ്റുകളില്‍ 16 എണ്ണത്തിലും കോണ്‍ഗ്രസ് വിജയിക്കും. ഈ മേഖലയില്‍ ബി.ജെ.പിയ്ക്ക് 14 ഉം ജെ.ഡി (എസ്) ന് 2 സീറ്റുകളും ലഭിക്കും.

അതേസമയം, തീരപ്രദേശവും, മുംബൈ-കര്‍ണാടക, ഹൈദരാബാദ്-കര്‍ണാടക മേഖകലകള്‍ ബി.ജെ.പി തൂത്തുവാരും. ഹൈദരാബാദ്-കര്‍ണാടക മേഖലയിലെ 40 സീറ്റുകളില്‍ 25 ഇടങ്ങളില്‍ ബി.ജെ.പി വിജയിക്കും. മുംബൈ-കര്‍ണാടക മേഖലയിലെ 56 സീറ്റുകളില്‍ 36 എണ്ണത്തില്‍ ബി.ജെ.പി വിജയിക്കും. അതേസമയം, മധ്യ കര്‍ണാടകയില്‍ കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും തുല്യ സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

നേരത്തെ പുറത്തുവന്ന സി-ഫോര്‍ സര്‍വേയില്‍ കോണ്‍ഗ്രസിനായിരുന്നു ഭൂരിപക്ഷം പ്രവചിച്ചിരുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസിന് 120-132 സീറ്റുകളാണ് സി-ഫോര്‍ നല്‍കിയിരുന്നത്. ബി.ജെ.പിയ്ക്ക് 60-72 സീറ്റുകള്‍ ലഭിക്കുമെന്നുമായിരുന്നു സി-ഫോറിന്റെ പ്രവചനം. ഇതിനെ പാടെ തള്ളിക്കളയുന്നതാണ് പുതിയ സര്‍വേ ഫലം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button