Latest NewsKeralaNews

ഈ വിമാനത്താവളങ്ങളിലെ ആഭ്യന്തര ടെർമിനലുകളിൽ ഇനി വിദേശമദ്യം ലഭിക്കും

തിരുവനന്തപുരം: ഇനി മുതൽ കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിലെ ആഭ്യന്തര ടെർമിനലുകളിലും വിദേശമദ്യം ലഭിക്കും. സർക്കാർ പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ അബ്കാരി നിയമത്തിൽ മാറ്റങ്ങൾ വരുത്തി ഉത്തരവിറങ്ങി. ആദ്യ ലൗഞ്ച് ബാർ തിരുവനന്തപുരം ആഭ്യന്തര ടെർമിനലിൽ തുടങ്ങാനുള്ള അപേക്ഷ എക്സൈസ് വകുപ്പിനു ലഭിച്ചു.

ആഭ്യന്തര ടെർമിനലുകളിൽ ഫോറിൻ ലിക്വർ 7 എയർപോർട്ട് ട്രാൻസിറ്റ് ലൗഞ്ച് ലൈസൻസിന്റെ അടിസ്ഥാനത്തിലാണ് ബാർ തുടങ്ങുക. എയർപോർട്ട് അതോറിറ്റിയുടെ അനുമതിയോടൊപ്പം അപേക്ഷ സമർപ്പിച്ചാൽ എക്സൈസ് കമ്മിഷണർ അനുമതി നൽകും. എക്സൈസ് വകുപ്പിനു നൽകേണ്ട വാർഷിക ഫീസ് ഒരു ലക്ഷം രൂപയാണ്.

ഇതുവരെ വിമാനത്താവളങ്ങളിലെ രാജ്യാന്തര ടെർമിനലുകളിൽ മാത്രമേ വിദേശ മദ്യവിൽപന കേന്ദ്രങ്ങളും ലൗഞ്ച് ബാറുകളും പ്രവർത്തിച്ചിരുന്നുള്ളൂ. നേരത്തെ കൊട്ടാരക്കരയിലെ ബാർ ഉടമ ആഭ്യന്തര ടെർമിനലുകളിലും വിദേശ മദ്യവിൽപന അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു.

ഈ സൗകര്യം ന്യൂഡൽഹി ഉൾപ്പെടെ രാജ്യത്തെ മറ്റു പ്രധാന വിമാനത്താവളങ്ങളിൽ ഉണ്ടെന്ന് അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, അബ്കാരി നയത്തിൽ ഇക്കാര്യം ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ അനുവദിക്കാനാകില്ലെന്ന് എക്സൈസ് വകുപ്പ് നിലപാടെടുത്തു. അതിനിടെയാണ് ഇടതുസർക്കാർ പുതിയ മദ്യനയം പ്രഖ്യാപിച്ചത്. മദ്യനയത്തിൽ ആഭ്യന്തര ടെർമിനലുകളിലും വിദേശമദ്യ വിൽപന കേന്ദ്രങ്ങൾ തുടങ്ങാനുള്ള തീരുമാനം ഉൾപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button