KeralaLatest NewsNewsEditorial

സെബാസ്റ്റ്യന്‍ പോള്‍ പറയുന്നത് ഇവിടുത്തെ പൊതുസമൂഹവും നിയമസംവിധാനങ്ങളും ശ്രദ്ധാപൂർവം കേൾക്കേണ്ടത്- സഹാനുഭൂതി കുറ്റമല്ല; ദിലീപിനുവേണ്ടിയും ചോദ്യങ്ങൾ ഉണ്ടാകണം

അഭിഭാഷകൻ സെബാസ്റ്റ്യന്‍ പോള്‍ ഇക്കഴിഞ്ഞ ദിവസം ഒരു മലയാള ഓൺലൈൻ മാധ്യമത്തിൽ ദിലീപ് വിഷയത്തെ കുറിച്ച് പ്രതികരിച്ചിരുന്നു. ഇവിടുത്തെ പൊതുസമൂഹവും നിയമസംവിധാനങ്ങളും അദ്ദേഹം പറഞ്ഞത് വളരെ ശ്രദ്ധാപൂർവം കേൾക്കേണ്ടതാണ്. സഹാനുഭൂതി കുറ്റമല്ലെന്നും ദിലീപിനുവേണ്ടിയും ചോദ്യങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം പറയുന്നു.

വളരെ നിസ്പക്ഷമായി അദ്ദേഹം കാര്യങ്ങൾ വിവരിക്കുന്നു. പോലീസിന്റെ നിര്ബന്ധബുദ്ധിയെക്കുറിക്കും കോടതിയുടെ പരാമർശങ്ങളും അദ്ദേഹം ഈ ലക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. മാത്രമല്ല ദിലീപിനെ പോലെ മറ്റനവധി ആളുകൾ കുറ്റാരോപിതരായി പല ജയിലുകളിലായി കഴിയുന്നുണ്ടെന്നും അവരിൽ കുറച്ചു പേരെ താൻ സന്ദർശിച്ചെന്നും അവരുടെ അവസ്ഥ പുറലോകത്ത് എത്തിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനത്തിലേക്ക്;

 

ദിലീപ് ജയിലില്‍ അറുപത് ദിവസം പിന്നിട്ടു. അറുപതെന്നത് റിമാണ്ട് കാലാവധിയിലെ നിര്‍ണായകമായ ഒരു ഘട്ടമാണ്. അടുത്ത ഘട്ടം തൊണ്ണൂറാണ്. ജാമ്യം എന്ന സ്വാഭാവികമായ അവകാശം നിഷേധിക്കുന്നതിന് അപ്പോഴേയ്ക്ക് ഒരു കുറ്റപത്രം കോടതിയില്‍ വരും. കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ക്കും. അത് പൊലീസിന്റെ കാര്യം. പൊലീസ് പറയുന്നത് വിശ്വസിക്കരുതെന്ന മുന്നറിയിപ്പാണ് ക്രിമിനല്‍ നിയമവും ഭരണഘടനയും നല്‍കുന്നത്. നിര്‍ഭാഗ്യവശാല്‍ മജിസ്‌ട്രേറ്റുമാരും ജഡ്ജിമാരും ഈ മുന്നറിയിപ്പിനെ അവഗണിക്കുന്നു.

അവര്‍ പൊലീസിനെ വിശ്വസിക്കുന്നു. തീയില്ലാതെ പുകയുണ്ടാകുമോ എന്ന അതീവലളിതമായ നാടന്‍ ചോദ്യത്താല്‍ അവര്‍ നയിക്കപ്പെടുന്നു. ഇരയെ ഓര്‍ക്കേണ്ടതല്ലേ എന്ന പ്രത്യക്ഷത്തില്‍ മനുഷ്യത്വപരമായ ചോദ്യവും അവര്‍ ഉന്നയിക്കും. വീഴുന്നവനെ ചവിട്ടുന്ന സമൂഹവും നനഞ്ഞേടം കുഴിക്കുന്ന മാധ്യമങ്ങളും ചേര്‍ന്ന് രചിക്കുന്നത് നീതിനിഷേധത്തിന്റെ മഹേതിഹാസമാണ്.

അബ്ദുന്നാസര്‍ മഅദനിയുടെ കാര്യത്തില്‍ നാമിത് കണ്ടു. എത്ര അനായാസമാണ് ഭീകരന്‍ എന്ന ചാപ്പ കുത്തി കര്‍ണാടക പൊലീസിന്റെ നൃശംസതയ്ക്ക് നാം അദ്ദേഹത്തെ വിട്ടുകൊടുത്തത്. ആരോപിച്ച കുറ്റം തെളിയിക്കാനാവാതെ പ്രോസിക്യൂഷന്‍ ഇരുട്ടില്‍ തപ്പുമ്പോള്‍ മഅദനിയുടെ അന്യദേശത്തെ ജയില്‍വാസം ഏഴു വര്‍ഷം പിന്നിട്ടു.

എന്നിട്ടും പൊലീസിന്റെ ശൗര്യത്തിനു കുറവുണ്ടോ? അവശതയില്‍ കഴിയുന്ന മാതാപിതാക്കളെ കാണുന്നതിനും മകന്റെ കല്യാണത്തില്‍ പങ്കെടുക്കുന്നതിനും സുപ്രീം കോടതി നല്‍കിയ അനുവാദം എത്ര സമര്‍ത്ഥമായാണ് നിഷേധിക്കാന്‍ പൊലീസ് ശ്രമിച്ചത്. പിതൃസ്മരണയില്‍ രണ്ടു മണിക്കൂര്‍ വീട്ടില്‍ ചെലവഴിക്കുന്നതിനുള്ള അനുവാദം ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് നല്‍കി. പൊലീസിന്റെ എതിര്‍പ്പിനെ മറികടന്നായിരുന്നു അത്. നീതിബോധമുള്ളവര്‍ക്ക് സന്തോഷം നല്‍കിയ വാര്‍ത്തയായിരുന്നു അത്.

അതിലും കുറ്റം കണ്ടവര്‍ നിരവധി. നീതിനിഷേധത്തിനെതിരെ പ്രതികരിക്കുന്നതിനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ജസ്റ്റീസ് ഫോര്‍ മഅദനി ഫോറം എന്ന പേരില്‍ മഅദനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം എനിക്കുണ്ടായി. അതിന് ഫലവുമുണ്ടായി. ദിലീപിനുവേണ്ടി സംഘടനയുണ്ടാക്കുന്നില്ല. പക്ഷേ ദിലീപിനുവേണ്ടി സംസാരിക്കണം. കയറും കടിഞ്ഞാണുമില്ലാതെ മുന്നേറുന്ന പൊലീസിനെ നിയന്ത്രിക്കുന്നതിന് ആ സംസാരം ആവശ്യമുണ്ട്. അപ്രകാരം സംസാരിക്കുന്ന സുമനസുകള്‍ക്കൊപ്പം ഞാന്‍ ചേരുന്നു. ഇത് ഉപകാരസ്മരണയോ പ്രത്യുപകാരമോ അല്ല. ഉപകാരത്തിന്റെ കണക്ക് ഞങ്ങള്‍ തമ്മിലില്ല.

തടവറയ്ക്ക് താഴിട്ടാല്‍ തടവുകാരനെ മറക്കുകയെന്നതാണ് സാമാന്യരീതി. ഇന്ത്യന്‍ ജയിലുകളില്‍ വിചാരണയില്ലാതെ കഴിയുന്ന ഹതഭാഗ്യരുടെ എണ്ണം പറഞ്ഞാല്‍ സ്വതന്ത്ര പരമാധികാര റിപ്പബ്‌ളിക് തല താഴ്ത്തും. ദാരിദ്ര്യംകൊണ്ടുമാത്രം ജയിലില്‍ കഴിയുന്ന ചിലരെ പണം നല്‍കി വിമോചിതരാക്കിയ കാര്യം ജയിലില്‍നിന്നിറങ്ങിയ മംഗളം ടെലിവിഷന്‍ സിഇഒ അജിത്കുമാര്‍ എന്നോട് പറഞ്ഞു. മഅദനിയും അത്തരം കഥകള്‍ പറഞ്ഞിട്ടുണ്ട്.

ദിലീപിനും അത്തരം കഥകള്‍ പറയാനുണ്ടാകും. പാരപ്പന അഗ്രഹാര ജയിലില്‍ മഅദനിക്കൊപ്പം കഴിയുന്ന പരപ്പനങ്ങാടിയിലെ സക്കറിയ എന്ന ചെറുപ്പക്കാരന്റെ കഥ സമൂഹത്തെ അറിയിച്ചത് ഞാനാണ്. തടവുകാരോടുള്ള സഹാനുഭൂതി വിശുദ്ധമായ മനോഗുണപ്രവൃത്തിയാണ്. ജീവപര്യന്തം തടവ് അനുഭവിച്ചതിനുശേഷവും മോചിതനാകാതെ അതേ ജയിലില്‍ കഴിയുന്ന കോട്ടയം സ്വദേശി പ്രസാദ് ബാബുവിനെയും ഞാന്‍ കണ്ടു. അയാളുടെ കാര്യം ഞാന്‍ രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മോചനത്തിനുള്ള നടപടി ആരംഭിച്ചു. ഒരു തടവുകാരനില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ ആരാധിക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍.

റോമന്‍ ഭരണകൂടം ആ തടവുകാരനോട് നീതിപൂര്‍വകമായല്ല പെരുമാറിയതെന്ന ആക്ഷേപം എനിക്കല്ല, കാലത്തിനുണ്ട്. ഗാഗുല്‍ത്തയിലെ വിലാപം ഇരുപത് നൂറ്റാണ്ടുകള്‍ക്കിപ്പുറവും കേള്‍ക്കുന്നത് അതുകൊണ്ടാണ്. കുരിശിന്റെ വഴിയില്‍ ക്രുദ്ധരായ പട്ടാളക്കാരെ വകവയ്ക്കാതെ തടവുകാരനെ സമാശ്വസിപ്പിച്ച വെറോണിക്ക മാത്രമല്ല അവളുടെ പുണ്യം പതിഞ്ഞ തൂവാലയും ഇന്നും ഓര്‍മിക്കപ്പെടുന്നത് അതുകൊണ്ടാണ്.

തടവുകാരെ സന്ദര്‍ശിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യണമെന്നത് ആ തടവുകാരന്റെ നിര്‍ദേശമാണ്. അന്ത്യവിധിയുടെ നാളില്‍ വിലമതിക്കപ്പെടുന്ന മനോഗുണപ്രവൃത്തിയാണത്.

ഇത് ക്രിസ്ത്യാനികള്‍ക്കു മാത്രം ബാധകമായ കാര്യമല്ല. വിനയന്റെ വിശ്വാസത്തിലും, അല്ലെങ്കില്‍ പ്രത്യയശാസ്ത്രത്തിലും, ആത്മീയതയുടെ ഈ വെളിച്ചമുണ്ടാകണം. ജയറാമിന്റെ ഓണക്കോടിയിലും ഗണേഷ്‌കുമാറിന്റെ അല്‍പം അതിരുവിട്ട സംഭാഷണത്തിലും ഈ വെളിച്ചം ഞാന്‍ കാണുന്നുണ്ട്. മകന്‍ ജയിലില്‍ കിടന്നാലും കാണാന്‍ പോവില്ലെന്ന് വിനയന്‍ പറഞ്ഞത് മകന്‍ ജയിലില്‍ കിടക്കാത്തതുകൊണ്ടാണ്. മകന്‍ ജയിലില്‍ കിടക്കുമ്പോഴുള്ള വേദന അനുഭവിച്ചിട്ടുള്ള പിതാവാണ് ഞാന്‍.

ഇരയോടുള്ള സഹാനുഭൂതി പ്രതിയോടുള്ള വിദ്വേഷത്തിന് കാരണമാകരുത്. ആക്രമിക്കപ്പെട്ടവള്‍ ചൂണ്ടിക്കാട്ടിയ പ്രതികള്‍ ജയിലിലുണ്ട്. അവര്‍ക്കെതിരെ തെളിവുകള്‍ ശക്തമാക്കി പരമാവധി ശിക്ഷ ഉറപ്പിക്കാനാണ് പൊലീസ് ശ്രമിക്കേണ്ടത്. സ്ത്രീയെ ലൈംഗികമായി ആക്രമിക്കുന്ന പുരുഷന്റെ ഉദ്ദേശ്യമെന്തെന്ന് അന്വേഷിക്കേണ്ടതില്ല.

സമാനമായ ആക്രമണം മറ്റ് നടികള്‍ക്കെതിരെയും പള്‍സര്‍ സുനി നടത്തിയതായി വാര്‍ത്തയുണ്ട്. ദിലീപ് പ്രതിയാക്കപ്പെട്ട കേസിന് ആസ്പദമായ സംഭവത്തിന്റെ ആസൂത്രണം മുഖ്യപ്രതി സുനി നേരിട്ട് നടത്തിയതാകണം. അതിനുള്ള പ്രാപ്തിയും പരിചയവും അയാള്‍ക്കുണ്ട്. വെളിവാക്കപ്പെട്ട രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ എനിക്കുള്ള മറ്റ് സന്ദേഹങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല.

കൊച്ചിയിലെ ആക്രമണത്തില്‍ ഗൂഢാലോചനയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു വാര്യരാണ്. അതിന്റെ അടിസ്ഥാനമെന്തെന്ന് മഞ്ജു വെളിപ്പെടുത്തിയതായി അറിവില്ല. സന്ധ്യയോട് സ്വകാര്യമായി പറഞ്ഞിട്ടുണ്ടാകാം. ദിലീപിന്റെയും മഞ്ജുവിന്റെയും ദാമ്പത്യജീവിതം കലുഷമായതിന്റെ ഉത്തരവാദി എന്ന നിലയിലാണ് നടിയോട് ദിലീപിന് വിദ്വേഷമുണ്ടായതെന്ന് പൊലീസ് പറയുന്നു. മഞ്ജു അങ്ങനെ പറഞ്ഞിട്ടുണ്ടോ? പ്രതിയുടെ സന്ദിഗ്ധത നിറഞ്ഞ വെളിപ്പെടുത്തലിന്റെയും തത്പരകക്ഷിയുടെ അവ്യക്തമായ ആരോപണത്തിന്റെയും അടിസ്ഥാനത്തില്‍ പന്താടാനുള്ളതാണോ ഒരു വ്യക്തിയുടെ ജീവനും ജീവിതവും?

ഈ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് എല്ലാവര്‍ക്കും അവകാശമുണ്ട്. ചോദ്യങ്ങളിലൂടെയാണ് വ്യക്തിയുടെയും സമൂഹത്തിന്റെയും സ്വാതന്ത്ര്യം ഉറപ്പാക്കപ്പെടുന്നത്. ഗൗരിക്ക് ലഭിച്ചതുപോലെ ചിലപ്പോള്‍ വെടിയുണ്ടകളായിരിക്കും മറുപടി. എന്നാലും ചോദ്യങ്ങള്‍ അവസാനിക്കരുത്. ദീദി ദാമോദരനും മറ്റും ഈ വിഷയത്തില്‍ സ്വീകരിക്കുന്ന വീണ്ടുവിചാരമില്ലാത്ത നിലപാട് എന്നെ വേദനിപ്പിക്കുന്നു. ദിലീപിന് അനുകൂലമായി തരംഗം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പൊലീസ് എന്റെ നിലപാടിനെ വ്യാഖ്യാനിച്ചേക്കാം. സഹതാപതരംഗമോ അനുകൂലതരംഗമോ സൃഷ്ടിക്കപ്പെടുന്നതില്‍ എന്തു തെറ്റാണുള്ളത്?

പ്രതികൂലതരംഗം സൃഷ്ടിക്കുന്നതിന് മാധ്യമങ്ങളെ പൊലീസ് നന്നായി ഉപയോഗിക്കുന്നുണ്ട്. ടി ദാമോദരന്റെ സ്‌ക്രിപ്റ്റ്‌പോലെ അനായാസം സങ്കീര്‍ണവിമുക്തമാക്കാന്‍ കഴിയുന്നതല്ല ജീവിതത്തിലെ സന്ധികളും പ്രതിസന്ധികളും. ഭരണഘടനയുടെ പരിരക്ഷയുള്ള പൗരനെ കുടയ്ക്കു പുറത്ത് മഴയത്ത് നിര്‍ത്തുമ്പോള്‍ ചോദ്യങ്ങള്‍ ഉണ്ടാകണം. ജാമ്യത്തിനുള്ള നീക്കം ഓരോ തവണയുണ്ടാകുമ്പോഴും കോടതിയുടെ മനസ് പ്രതികൂലമാക്കുന്നതിന് പൊലീസ് ഓരോ കഥയിറക്കും.

മഅദനിയുടെ കേസില്‍ അത് നിരന്തരം കണ്ടവരാണ് ഞങ്ങള്‍. അതിവിടെ ആവര്‍ത്തിക്കരുതെന്ന് ശാഠ്യം പിടിക്കുന്നതിനുള്ള ഉത്തരവാദിത്വം എനിക്കും ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉണ്ട്. സംസാരവും സഹാനുഭൂതിയും തടയുന്നതിന് മജിസ്‌ട്രേട്ടിനെ സമീപിച്ച പൊലീസ് തങ്ങളുടെ ആവനാഴിയില്‍ അമ്പുകള്‍ വേണ്ടത്രയില്ലെന്ന സംശയമാണ് ജനിപ്പിക്കുന്നത്. ഏഴു മാസം പഴക്കമായ കേസില്‍ തെളിവുകള്‍ ആവോളമായെങ്കില്‍ ഇനി ദിലീപിന്റെ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ക്കരുത്. അയാളെ പുറത്തുനിര്‍ത്തി നമുക്ക് വിചാരണയിയേക്ക് കടക്കാം. കുറ്റക്കാരനെന്നു കണ്ടാല്‍ ദീദിക്കും കൂട്ടര്‍ക്കും മതിയാവോളം ദിലീപിനെ നമുക്ക് ശിക്ഷിക്കാമല്ലോ!

 

shortlink

Related Articles

Post Your Comments

Related Articles


Back to top button