KeralaLatest NewsNews

കേരളത്തെ ഞെട്ടിച്ച് കൊണ്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് :ദേശവിരുദ്ധ സംഘടനകള്‍ക്കായി വന്‍പ്രഹര ശേഷിയുള്ള തോക്കുകളും ആയുധങ്ങളും കേരളത്തിലേയ്ക്ക് കടത്തുന്നു

കൊച്ചി : കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സംസ്ഥാനത്തേയ്ക്ക് വന്‍ പ്രഹരശേഷിയുള്ള തോക്കുകളും ആയുധങ്ങളും കടത്തിയതായാണ് രഹസ്യ വിവരം. പ്രഹരശേഷി കൂടിയ 1000 സെമിഓട്ടോമാറ്റിക് കൈത്തോക്കുകള്‍ (പിസ്റ്റള്‍) നാലുമാസം മുന്‍പു കേരളത്തിലേക്കു കടത്തിയതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ട്. മഹാരാഷ്ട്രാ പൊലീസ് കൈമാറിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മിലിട്ടറി ഇന്റലിജന്‍സ് വിഭാഗത്തിന്റെ സഹകരണത്തോടെ കേരളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനകള്‍ക്കും ക്രിമിനല്‍ സംഘങ്ങള്‍ക്കുമാണ് തോക്കുകള്‍ കടത്തിയതായി സംശയിക്കുന്നത് .

മധ്യപ്രദേശിലെ സാന്‍ധ്വ പ്രദേശത്തെ ആയുധശാലയില്‍ നിര്‍മിച്ച തോക്കുകളാണു കേരളത്തിലേക്കു കടത്തിയതെന്നാണു വിവരം. തുര്‍ക്കിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ‘ബ്ലാങ്ക് ഗണ്‍’ (ബുള്ളറ്റ് ഇല്ലാത്ത, തിരകള്‍ പൊട്ടിക്കാവുന്ന കളിത്തോക്കുകള്‍) മധ്യപ്രദേശിലെ അനധികൃത ആയുധനിര്‍മാണ ശാലകളില്‍ നിന്നു പിടിച്ചെടുത്തിരുന്നു. സായുധ പരിശീലനം, സിനിമാ ഷൂട്ടിങ് എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഇത്തരം തോക്കുകളുടെ പ്രഹരശേഷി വര്‍ധിപ്പിച്ച് യഥാര്‍ഥ കൈത്തോക്കാക്കി മാറ്റി വില്‍പന നടത്തുന്നത് ഇവരുടെ രീതിയാണ്.

മഹാരാഷ്ട്രാ പൊലീസിന്റെ പിടിയിലായ ബീഹാര്‍ സ്വദേശിയായ ആയുധ ഇടപാടുകാരന്‍ ദീപക് കുമാര്‍ സാഹയുടെ കൂട്ടാളികള്‍ കൊച്ചി ബ്രോഡ്വേയിലെ ലോഡ്ജില്‍ രണ്ടാഴ്ച തങ്ങിയതായും വിവരം ലഭിച്ചു. കള്ളത്തോക്കുകളുമായി ജൂലൈ അവസാനം ന്യൂഡല്‍ഹി പൊലീസിന്റെ പിടിയിലായ എം.മനോവര്‍, മുഹമ്മദ് ഷാഹിദ് എന്നിവരാണു കൈത്തോക്കുകളുമായി കൊച്ചിയിലെത്തിയതെന്ന വിവരം ഇന്റലിജന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ കളിപ്പാട്ടനിര്‍മാണ കമ്പനിയുടെ ഏജന്റുമാരെന്ന വ്യാജേനയാണ് ഇവര്‍ കേരളത്തില്‍ എത്തിയത്.

ജര്‍മന്‍, യുഎസ് നിര്‍മിത ബ്ലാങ്ക് ഗണ്ണുകളുടെ ശേഖരം മഹാരാഷ്ട്രാ പൊലീസും പിടിച്ചെടുത്തിരുന്നു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ അനധികൃത ആയുധ നിര്‍മാതാക്കളുമായി അടുപ്പമുള്ള ഇടനിലക്കാരനാണു കഴിഞ്ഞ ജനുവരിയില്‍ അറസ്റ്റിലായ ദീപക് കുമാര്‍ സാഹ.

shortlink

Related Articles

Post Your Comments

Related Articles


Back to top button