KeralaLatest NewsNews

ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത് കാലത്ത് ഉണ്ടായ ചില കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി. കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വ്യക്തിപരമായി ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് ശരിയായ പ്രവണതയല്ലയെന്നും ബെഹ്റ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭ്യമാക്കുന്നതിനും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും വേണ്ടി, തികച്ചും നിയമപരമായി, ഏറെ ജാഗ്രതയോടെയുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുൾപ്പെടെയുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. എ .ഡി .ജി .പി. ബി സന്ധ്യയ്‌ക്ക് മേൽനോട്ടച്ചുമതല മാത്രമാണുള്ളതെന്നും ബെഹ്റ പറഞ്ഞു.

സ്വാമി ഗംഗേശാനന്ദയുടെ കേസ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ബി. സന്ധ്യ ഈ അന്വേഷണ സംഘത്തിലില്ല. നിരപരാധികളായ ഒരാളേയും പൊലീസ് കേസിൽ പ്രതികളാക്കില്ല. എന്നാൽ കുറ്റം ചെയ്യുന്നവർ എത്ര ഉന്നതരായാലും രക്ഷപ്പെടാൻ അനുവദിക്കുകയുമില്ല. തെളിവുകളും വസ്‌തുതകളും മാത്രമാണ് കേസന്വേഷണത്തിൽ പരിഗണിക്കുന്നത്. നിയമപരമായും ശാസ്ത്രീയമായും അന്വേഷണം പുരോഗമിക്കുന്ന കേസുകളില്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തില്‍ വ്യക്തിപരമായ ആക്ഷേപങ്ങള്‍ പൊതുവേദികളില്‍ ഉന്നയിക്കുന്നത് നിയമവ്യവസ്ഥയെ മാനിക്കുന്ന ആരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അത്തരം നടപടികളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞു നില്‍ക്കണമെന്നും ഡി.ജി.പി. ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button