KeralaLatest NewsNews

ജല സ്രോതസ്സുകള്‍ മലിനപ്പെടുത്തിയാല്‍ തടവും പിഴയും

തിരുവനന്തപുരംജല സ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന നിയമ നിര്‍മ്മാണത്തിനും ജലസംഭരണികളില്‍ പരമാവധി ജലം ശേഖരിക്കുന്നതിന് തടസ്സമായ അടിഞ്ഞുകിടക്കുന്ന ചെളിയും എക്കലും മണലും മാറ്റുന്നതിനുമുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് പ്രോസീഡ്വറിനും മന്ത്രിസഭ അംഗീകാരം നല്‍കിയതായി ജല വിഭവ വകുപ്പുമന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ഹരിതകേരളം പദ്ധതിയില്‍ നിലവിലെ ജലസ്രോതസ്സുകള്‍ മാലിന്യ മുക്തമാക്കുന്നതിനും സംരക്ഷിച്ച് വര്‍ഷം മുഴുവന്‍ ജല ലഭ്യത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടിരുന്നു. ഇതിന് നിയമപരമായ പിന്തുണയും സംരക്ഷണവും ഉറപ്പുനല്‍കുന്നതാണ് പുതിയ നിയമനിര്‍മ്മാണം.

ജലസ്രോതസ്സുകളേയോ ജലാശയങ്ങളേയോ ജല നിര്‍ഗമനമാര്‍ഗ്ഗങ്ങളേയോ ഏതെങ്കിലും വിധത്തില്‍ മലിനപ്പെടുത്തുന്നവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ഉറപ്പാക്കുന്ന വിധത്തില്‍ 2003-ലെ കേരള ജലസേചനവും ജലസംരക്ഷണവും നിയമത്തിലെ പ്രസക്ത ഭാഗങ്ങളില്‍ ഭേദഗതി വരുത്താനാണ് മന്ത്രിസഭ അനുമതി നല്‍കിയത്. ഭേദഗതികള്‍ ഗവര്‍ണറുടെ അംഗീകാരത്തോടെ ഓര്‍ഡിനന്‍സായി പ്രസിദ്ധീകരിക്കുന്നതിലൂടെ നിയമ പ്രാബല്യം ഉറപ്പാക്കും. സംസ്ഥാനത്തെ ജല സംഭരണികളില്‍ വര്‍ഷങ്ങളായി ഒഴുകിയെത്തിയ ചെളിയും എക്കലും മണലും ജലസംഭരണികളുടെ ശേഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതുമൂലം പ്രസ്തുത ജലസംഭരണികളില്‍ ശേഖരിച്ചു നിര്‍ത്തുന്ന വെള്ളം വേനല്‍കാലത്തെ ആവശ്യങ്ങള്‍ക്ക് തികയാതെ വരുന്നു.

സംഭരണികളില്‍ അടിഞ്ഞുകൂടുന്ന ചെളിയും എക്കലും മണലും മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. ചൂളിയാര്‍, മംഗലം ഡാമുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധന നടത്തുകയും തുടര്‍ന്ന് മറ്റു ജല സംഭരണികളില്‍ നടപ്പാക്കുകയും ചെയ്യും. ഡാമുകളില്‍ നിന്നുള്ള ചെളി, എക്കല്‍, മണല്‍ എന്നിവ കരയ്‌ക്കെത്തിച്ച് മണല്‍ വേര്‍തിരിച്ചെടുക്കുകയും ഈ മണല്‍ നിര്‍മാണമേഖലയിലുപയോഗിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button