KeralaLatest NewsNews

മതങ്ങൾ ജീർണ്ണിച്ച വസ്ത്രങ്ങൾ മാത്രം; സത്യമോ ദൈവമോ അതിലുണ്ടാകില്ല, ആതിരമാരുടെ നാടായി ഈ പുണ്യഭൂമി മാറിയെങ്കിൽ

കഴിഞ്ഞ ജൂലായിലാണ് ഉദുമ സ്വദേശിനിയായ ആതിര വീടുവിട്ടിറങ്ങി ഇസ്ലാം മതം സ്വീകരിച്ച് ആയിഷ എന്ന പേര് സ്വീകരിച്ചത്. താന്‍ ഇസ്ലാം മതം സ്വീകരിച്ചത് പലരുടെയും നിര്‍ബന്ധത്തെ തുടര്‍ന്നും തെറ്റിദ്ധാരണ മൂലമാണെന്നും വ്യക്തമാക്കിയ ആതിര, താൻ ഹിന്ദു മതത്തിലേക്ക് തിരിച്ചുവരുന്നതായി അറിയിച്ചിരുന്നു. ബിരുദത്തിനു പഠിക്കുമ്പോഴാണ് സഹപാഠികളായ മുസ്ലീം പെണ്‍കുട്ടികളുടെ വാക്കുകള്‍ കേട്ട് ഇസ്ലാം മതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. അവരുടെ ഏകദൈവ വിശ്വാസമാണ് തന്നെ ആകര്‍ഷിച്ചതെന്നും ആതിര വെളിപ്പെടുത്തുകയുണ്ടായി.സ്വന്തം മനസ്സും ചിന്തയും സംശയങ്ങളുംപോയ വഴികൾ സത്യസന്ധമായി തുറന്നു പറയാൻ ആതിര എന്ന പെൺകുട്ടി കാണിച്ച ചങ്കൂറ്റം ചെറുതൊന്നുമല്ലെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകയാണ് അബ്ദുൽ റഷീദ് എന്ന വ്യക്തി.

അദ്ദേഹത്തിൻറെ കുറിപ്പിന്റെ പൂർണരൂപം കാണാം;

എത്ര മിടുക്കി ആയാണ് ആതിര സംസാരിയ്ക്കുന്നത് !
പൊടിപ്പും തൊങ്ങലും ഒന്നും ചേർക്കാതെ… ചോദ്യങ്ങളിൽ പതറാതെ…
ആരെയും അമിതമായി കുറ്റപ്പെടുത്താതെ…
സ്വന്തം മനസ്സും ചിന്തയും സംശയങ്ങളുംപോയ വഴികൾ സത്യസന്ധമായി തുറന്നുപറഞ്ഞുകൊണ്ട്…
കൂട്ടുകാരും പോപുലർഫ്രണ്ടും ഹിന്ദുഹെൽപ്‌ലൈനും ഒക്കെ ഓരോ സമയത്തു തന്റെ വിശ്വാസങ്ങളിൽ എങ്ങനെ ഇടപെട്ടു എന്ന് തുറന്നു പറഞ്ഞുകൊണ്ട് …
ഇപ്പോൾ താൻ എവിടെനിൽക്കുന്നു എന്ന് കൃത്യമായി പറഞ്ഞുകൊണ്ട് …

ഇത്ര സമർത്ഥയായ ഒരു കുട്ടിയ്ക്ക് ഈ പ്രായത്തിൽ
ലോകത്തെയും ദൈവത്തെയും ജീവിതത്തെയും കുറിച്ച് സംശയങ്ങൾ ഉണ്ടായില്ലെങ്കിൽ പിന്നെ എപ്പോഴാണ് അത് ഉണ്ടാവുക?

നിർഭാഗ്യവശാൽ വ്യക്തിയുടെ അത്തരം സത്യാന്വേഷണങ്ങൾക്ക് ഒട്ടും പറ്റിയ നാടല്ല കേരളം. ഒരു വടംവലി മത്സരംപോലെയാണ് നമ്മൾ മതങ്ങളെ ഉപയോഗിക്കുന്നത്. മതത്തിൽനിന്നു ഇറങ്ങുന്നതും കയറുന്നതും നിരീക്ഷിയ്ക്കാനും എണ്ണിത്തിട്ടപ്പെടുത്താനും ഓരോ മതത്തിലും പാറാവുകാർ ഉണ്ട്. ആയുധമേന്തിയ അംഗരക്ഷകരുണ്ട് .

വളരെ ചെറിയ ഈ പ്രായത്തിൽ ആ പെൺകുട്ടി അവളുടേതായ ഒരു സത്യാന്വേഷണം നടത്തി. കേൾവിയിൽ ശെരിയെന്നു തോന്നിയ ഒരു മതത്തിലേക്ക് ധീരതയോടെ പോയി ആ മതത്തെ പഠിയ്ക്കാൻ ശ്രമിച്ചു. പലർക്കും കഴിയാത്ത കാര്യമാണത്. പലരും ധൈര്യപ്പെടാത്തതും.
പഠിയ്ക്കാൻ തുനിഞ്ഞു ഇറങ്ങിയപ്പോൾ അവൾ അതിനോട് പൂർണ്ണ ആത്മാർഥത പുലർത്തി .

തിരിച്ചു വന്നപ്പോഴും അവളുടെ അച്ഛനും അമ്മയും പാകത കാട്ടി.
തല്ലിയില്ല , പൂട്ടിയിട്ടില്ല…
ഒന്ന് മാത്രം പോരാ, എല്ലാ മതവും പഠിയ്ക്കാൻ പറഞ്ഞു എന്ന് ആ കുട്ടി പറയുന്നു .

അങ്ങനെ ശെരിയെന്നു കരുതി താൻ പോയ മതത്തെ വിമർശനാത്മകമായി കൂടി വായിക്കാൻ ആതിര തയാറാവുന്നു. താൻ തേടിപ്പോയ ഉത്തരങ്ങൾ തന്റെ മതത്തിൽ തന്നെ ഉണ്ടെന്നു തിരിച്ചറിയുന്നു. സത്യം തേടി മറ്റൊരു മതത്തിലേക്ക് പോകേണ്ട കാര്യമില്ല എന്ന് മനസ്സിലാക്കുന്നു . മനുഷ്യരെ പിടിച്ചു എണ്ണയിലിട്ട് പൊരിച്ചെടുക്കുന്ന ആൾ അല്ല ദൈവം എന്ന് തിരിച്ചറിയുന്നു. ഈ തിരിച്ചറിവുകൾ ഒക്കെ ലോകത്തോട് തുറന്നു പറയുന്നു .

ഈ പ്രായത്തിൽ സാധ്യമാകുന്ന എല്ലാ സത്യസന്ധതയോടെയും ആതിര നടത്തിയ ആ സത്യാന്വേഷണം നല്ലതുതന്നെ.
ഇത്തരം മിടുക്കരായ കുട്ടികൾ ഇനിയും വരട്ടെ.
വീടുവിട്ടു ഇറങ്ങാതെയും ഒളിവിൽ പാർക്കാതെയും പാവം അച്ഛനെയും അമ്മയെയും നെട്ടോട്ടം ഓടിയ്ക്കാതെയും തന്നെ അവർ എല്ലാ മതങ്ങളും പഠിക്കട്ടെ. മതത്തോടും ദൈവത്തോടും ചോദ്യം ചോദിയ്ക്കാൻ കഴിവുള്ളവർ ആകട്ടെ.
ഖുർആനും ഗീതയും ബൈബിളും മാത്രമല്ല സൽമാൻ റുഷ്ദിയെയും തസ്‌ലീമ നസ്രിനെയും കാഞ്ചഏലയ്യയെയും ആനന്ദിനെയും ഇടമറുകിനെയും അരുന്ധതി റോയിയേയും പെരുമാൾ മുരുകനെയും ഒക്കെ വായിക്കട്ടെ.

അങ്ങനെ വായിച്ചും അറിഞ്ഞും ജീവിച്ചും മുന്നോട്ടു പോകുമ്പോൾ ആതിരയെപ്പോലെയുള്ള മിടുക്കി കുട്ടികൾ തീർച്ചയായും തിരിച്ചറിയും ,തങ്ങൾ അന്വേഷിയ്ക്കുന്ന സത്യം മതങ്ങൾക്ക് ഉള്ളിൽ അല്ലെന്ന് !
മനസ്സിൽ തന്നെയാണെന്ന്!

മതങ്ങൾ പറയുന്ന ദൈവമല്ല യഥാർത്ഥ ദൈവം എന്നുപോലും അവർ മനസ്സിലാക്കും. മതങ്ങൾ ജീർണിച്ച വസ്ത്രങ്ങൾ മാത്രമാണെന്നും ദൈവമോ സത്യമോ അതിനുള്ളിൽ ഇല്ലെന്നും തിരിച്ചറിയും.
അപ്പോഴാവും അവർ മതത്തിനു പുറത്തുള്ള മനുഷ്യത്വവും സത്യവും തിരഞ്ഞുതുടങ്ങുക. അതാകും യദാർത്ഥ തിരിച്ചറിവ് .

‘We have just enough religion to make us hate, but not enough to make us love one another.’ എന്നു പറഞ്ഞത് ആരായിരുന്നു ?

shortlink

Related Articles

Post Your Comments

Related Articles


Back to top button