Latest NewsNewsGulf

യു.എ.യില്‍ എക്‌സൈസ് തീരുവ : സാധനങ്ങള്‍ക്ക് വില വര്‍ധിച്ചു

അബുദാബി : എക്‌സൈസ് തീരുവ നിലവില്‍ വന്നതോടെ സാധനങ്ങള്‍ക്ക് വില വര്‍ധിച്ചു. . പുകയില ഉല്‍പന്നങ്ങള്‍, ആരോഗ്യത്തിന് ഹാനികരമായ ഊര്‍ജദായക പാനീയങ്ങള്‍, ചിലയിനം ശീതള പാനീയങ്ങള്‍ തുടങ്ങിയവയ്ക്കാണ് ഇന്നു മുതല്‍ നികുതി ഈടാക്കി തുടങ്ങിയിരിക്കുന്നത്. സിഗരറ്റിന്റെയും മറ്റും വില ഇന്നു മുതല്‍ ഇരട്ടിയായി.

യുഎഇയിലെ പുതിയ നികുതി നിയമത്തിന്റെ ആദ്യപടിയായാണ് വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് എക്‌സൈസ് തീരുവ ചുമത്തുന്നത്. വിലയുടെ ഇരുനൂറ് ശതമാനം വരെയായിരിക്കും പരമാവധി തീരുവയായി ചുമത്തുക. പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ഊര്‍ജദായക പാനീയങ്ങള്‍ക്കും നൂറു ശതമാനമാണ് എക്‌സൈസ് തീരുവ. പഞ്ചസാരയുടെ അളവ് കൂടുതലുള്ള ശീതള പാനീയങ്ങള്‍ക്ക് അന്‍പത് ശതമാനവും തീരുവ നല്‍കണം. തീരുവ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിലയാണ് ഇതിന്റെ പരിധിയില്‍ വരുന്ന ഉല്‍പന്നങ്ങള്‍ക്ക് ഞായറാഴ്ച മുതല്‍ ഈടാക്കുന്നത്.

ധനമന്ത്രാലയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്രമന്ത്രി സഭയാണ് ഓരോ ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള തീരുവ നിശ്ചയിക്കുന്നത്. രാജ്യത്തെ ഫ്രീസോണുകള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളിലും എക്‌സൈസ് തീരുവ ബാധകമാണ്. എന്നാല്‍ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ നല്‍കേണ്ടതില്ല.

ആരോഗ്യത്തിന് ഹാനികരമാകുന്ന ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് അത്തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കിലുള്ള എക്‌സൈസ് തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എക്‌സൈസ് തീരുവ വഴി പ്രതിവര്‍ഷം എഴുനൂറു കോടി ദിര്‍ഹത്തിന്റെ അധിക വരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തവര്‍ഷം ജനുവരി ഒന്നു മുതല്‍ യുഎഇയില്‍ മൂല്യവര്‍ധിത നികുതിയും നിലവില്‍ വരും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button