KeralaLatest NewsNews

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ സുപ്രധാന വിധി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കി. കേസില്‍ കഴിഞ്ഞയാഴ്ച്ച വാദം പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ നാലു തവണയും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. 86 ദിവസം ജയിലില്‍ കഴിഞ്ഞ ദിലീപിന് കര്‍ശന ഉപാധികളോടെ പുറത്തിറങ്ങാം. അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണം. ഒരു ലക്ഷം രൂപയുടെ ബോണ്ട് കോടതിയില്‍ കെട്ടിവെയ്ക്കണം. പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ചാണ് ഇന്ന് ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

അതേസമയം ക്വട്ടേഷന്‍ തുക വാങ്ങിയതിന് ശേഷം രക്ഷപ്പെടാനായിരുന്നു പള്‍സര്‍ സുനി പദ്ധതിയിട്ടിരുന്നതെന്നും എന്നാല്‍ കൂട്ടുപ്രതി സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ കീഴടങ്ങിയതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. എന്നാല്‍ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ എവിടെയെന്ന് ഹൈക്കോടതി ചോദിച്ചു. അന്വേഷണസംഘം നേരിടുന്ന പ്രധാന ചോദ്യം അതുതന്നെയെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയിരുന്നു. ഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമം നടക്കുകയാണ്. ക്വട്ടേഷന്‍ ദിലീപിന്റേതാണെന്ന് പത്താം പ്രതി വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. അതേസമയം സാക്ഷിയെ സ്വാധീനിക്കാന്‍ കാവ്യാ മാധവന്റെ ഡ്രൈവര്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

ലക്ഷ്യയുടെ മാനേജരെ ഡ്രൈവറായ സുധീര്‍ 40 തവണ ഫോണില്‍ വിളിച്ചു. അന്വേഷണം പൂര്‍ത്തിയായോ എന്നും പ്രധാന സാക്ഷികളുടെ മൊഴിയെടുത്തോയെന്നും കോടതി ചോദിച്ചു. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിപിന്‍ലാലിന്റെ മൊഴി പ്രോസിക്യൂഷന്‍ കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചു. സിനിമാ മേഖലയിലെ നാല് പേരുടെ കൂടി രഹസ്യമൊഴി രേഖപ്പെടുത്തും. ഇതുവരെ 21 പേരുടെ രഹസ്യമൊഴിയെടുത്തിരുന്നു. അതേസമയം കേസിലെ നിര്‍ണ്ണായക സാക്ഷിയെയടക്കം സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഇതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇനി പുറത്തിറങ്ങിയാലും കേസിനെ സ്വാധീനിക്കാന്‍ കഴിയില്ല. പ്രായമായ അമ്മയും ഒരു മകളും വീട്ടിലുണ്ട്. ഏത് ഉപാധിയോടെയും പുറത്തിറങ്ങാന്‍ തയ്യാറാണെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button