Latest NewsKeralaNews

ദിലീപിന്റെ ജാമ്യത്തിനായി ‘ജഡ്ജിയമ്മാവന്‍ മുതല്‍ നാഗമ്പടത്തെ അന്തോനീസ് പുണ്യാളന്‍” വരെ

കോട്ടയം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന നടന്‍ ദിലീപിനെ പുറത്തിറക്കാൻ ഭക്തിമാർഗത്തിലായിരുന്നു കുടുംബാംഗങ്ങളും ആരാധകരും. ഇവർ പ്രാര്‍ത്ഥനയും നേര്‍ച്ചയും വഴിപാടും നടത്താത്ത ആരാധനാലയങ്ങള്‍ വിരളമാണ്. ജാമ്യത്തിനായി ‘ജഡ്ജിയമ്മാവന്‍ മുതല്‍ നാഗമ്പടത്തെ അന്തോനീസ് പുണ്യാളനെ വരെ ഇവർ സമീപിച്ചു.

ദിലീപിനായി ആദ്യം വഴിപാട് പൊന്‍കുന്നം ചെറുവള്ള ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠകളിലൊന്നായി ജഡ്ജിയമ്മാവനിലാണ് എത്തിയത്. ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ ദിലീപിന്റെ ആദ്യ ജാമ്യാപേക്ഷ പരിഗണിക്കുന്ന തലേന്ന് സഹോദരന്‍ അനൂപ് എത്തി വഴിപാട് നടത്തിയിരുന്നു. ജഡ്ജിയമ്മാവന്‍ കോടതി വ്യവഹാരങ്ങളില്‍ പെട്ട് കിടക്കുന്നവര്‍ക്ക് ആശ്രയമാണ് എന്നാണ് പറയപ്പെടുന്നത്. പക്ഷെ അന്ന് ദിലീപിനെ ജഡ്ജിയമ്മാവന്‍ കൈവിട്ടു.

ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.പി മുകുന്ദന്‍ ദിലീപിന്റെ സമയദോഷം മാറാന്‍ ദോഷ പരിഹാര പൂജയുമായി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ എത്തിയിരുന്നു. പൂജ ജയിലില്‍ കഴിയുന്ന ദിലീപിന് സമയദോക്ഷം തീര്‍ന്ന് വ്യക്തിപരമായ നേട്ടങ്ങളും നന്മകളും സംഭവിക്കാനാണെന്ന് മുകുന്ദന്‍ വ്യക്തമാക്കിയിരുന്നു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ അറസ്റ്റിലാകുന്നതിനു മുന്‍പ് ദിലീപ് ഭാര്യ കാവ്യയ്‌ക്കൊപ്പം എത്തിയിരുന്നു.

കഴിഞ്ഞ ദിവസം ദിലീപിന്റെ സമയദോഷം മാറിയതായി ഒരു ജ്യോത്സനും പ്രവചിച്ചിരുന്നു. ഇദ്ദേഹം ദിലീപിന്റെ ഭാവിയെ കുറിച്ച് മുന്‍പും ശ്രദ്ധേയമായ പ്രവചനങ്ങള്‍ നടത്തിയ വ്യക്തിയാണ്. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന നേര്‍ച്ച കോട്ടയം നാഗമ്പടത്തുള്ള സെന്റ് ആന്റണീസ് തീര്‍ത്ഥാടന പള്ളിയിലാണ്. ഒരു കുടുംബമാണ് ദിലീപിന് ‘നീതികിട്ടാന്‍’ ഈ ദേവാലയത്തില്‍ പണം അടച്ച് കുര്‍ബാന നടത്തിയത്. ദിലീപ് ഹൈക്കോടതിയില്‍ അവസാന ജാമ്യാപേക്ഷ സമര്‍പ്പിച്ചതിനു പിന്നാലെയാണ് ഈ കുടുംബവും പ്രാര്‍ത്ഥനയുമായി എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button