Latest NewsKeralaNews

യു.ഡി.എഫിന്റെ ഹര്‍ത്താലിനെ പരിഹസിച്ച്‌ അഡ്വ.ജയശങ്കര്‍

തിരുവനന്തപുരം: ഇന്ധനവിലവര്‍ധനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നിലപാട് വ്യക്തമാക്കി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍.ഇന്ധന വിലവര്‍ധന യു.ഡി.എഫിനു മാത്രമായി വിട്ടുകൊടുക്കരുതെന്നും ഇടതു മുന്നണിയും ഒന്നോ രണ്ടോ ഹര്‍ത്താല്‍ ഈ വിഷയത്തില്‍ നടത്തണമെന്നുമാണ് ജയശങ്കര്‍ പറയുന്നത്.13 എന്ന സംഖ്യ നിര്‍ഭാഗ്യകരമായതു കൊണ്ടാണ് അന്ന് നിശ്ചയിച്ചിരുന്ന ഹര്‍ത്താല്‍ 16ലേക്ക് മാറ്റിയതെന്നും ജയശങ്കര്‍ പരിഹസിയ്ക്കുന്നു.

തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം-

‘രൂക്ഷമായ വിലക്കയറ്റത്തിനും ദുര്‍വഹമായ ഇന്ധനവില വര്‍ദ്ധനവിലും മനംനൊന്ത് ഒക്ടോബര്‍ 16ന് സംസ്ഥാന ഹര്‍ത്താല്‍ നടത്താന്‍ ഐക്യ ജനാധിപത്യ മുന്നണി തീരുമാനിച്ചു. വളരെ അഭിനന്ദനീയമായ തീരുമാനം.
ഒക്ടോബര്‍ 13ന് ഹര്‍ത്താല്‍ നടത്താനാണ് ആദ്യം ഉദ്ദേശിച്ചത്. 13 നിര്‍ഭാഗ്യകരമായത് കൊണ്ടും കൊച്ചിയില്‍ ഫുട്ബോള്‍ കളി നടക്കുന്നതു കൊണ്ടും 16ലേക്കു മാറ്റിയതാണ്.

ഓണവും പെരുന്നാളും പൂജവെപ്പും ഗാന്ധി ജയന്തിയുമൊക്കെയായി നമ്മള്‍ ബോറടിച്ചിരിക്കുമ്പോഴാണ്, ഉണര്‍ത്തു പാട്ടായി ഹര്‍ത്താല്‍ എത്തുന്നത്.

കെ.പി.സി.സി പ്രസിഡന്റാകും മുമ്പ് ഹര്‍ത്താലിനെതിരെ ഉപവാസം നടത്തിയ ആളാണ് മഹാത്മാ ഹസന്‍ എന്നും ആഭ്യന്തര മന്ത്രി ആയിരുന്നപ്പോള്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്ല് അവതരിപ്പിച്ച ആളാണ് മാന്യശ്രീ രമേശ് ചെന്നിത്തലയെന്നും ചില കുബുദ്ധികള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതൊന്നും അത്ര കാര്യമാക്കാനില്ല. അഭിപ്രായം ഇരുമ്പുലക്കയല്ല. ഉദ്ദേശ്യശുദ്ധിയാണ് പ്രധാനം.

ഇന്ധന വിലവര്‍ധന യുഡിഎഫിനു മാത്രമായി വിട്ടുകൊടുക്കരുത്. ഇടതു മുന്നണിക്കും നടത്താം ഒന്നോ രണ്ടോ ഹര്‍ത്താല്‍. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ബി.ജെ.പിയും റോഹിംഗ്യരോടുളള അവഗണനയില്‍ പ്രതിഷേധിച്ച്‌ എസ്ഡിപിഐക്കും ഹര്‍ത്താല്‍ നടത്താന്‍ സ്കോപ്പുണ്ട്.

ഒരാഴ്ചയില്‍ ഒരു ഹര്‍ത്താല്‍ എന്നാകട്ടെ നമ്മുടെ മുദ്രാവാക്യം.
ജയ് ഹര്‍ത്താല്‍!’

shortlink

Related Articles

Post Your Comments

Related Articles


Back to top button