Latest NewsNewsIndia

മെഡിക്കല്‍ കോളേജില്‍ എട്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഗുവാഹത്തി: ഒറ്റ ദിവസത്തില്‍ മെഡിക്കല്‍ കോളജില്‍ മരിച്ചത് എട്ട് നവജാതശിശുക്കള്‍. അസം ബാര്‍പെട്ടയിലെ ഫഖ്‌റുദ്ദിന്‍ അലി അഹമ്മദ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു സംഭവം. ഉത്തര്‍പ്രദേശില്‍ അറുപതിലേറെ കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചതിനു പിന്നാലെയുണ്ടായ ഈ സംഭവം അധികൃതരില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

ജനിച്ച് രണ്ടു മുതല്‍ നാലുദിവസം വരെ മാത്രം പ്രായമുള്ള അഞ്ച് കുഞ്ഞുങ്ങളാണ് ബുധനാഴ്ച മരിച്ചത്. വ്യാഴാഴ്ച മൂന്നു കുഞ്ഞുങ്ങളും ലോകത്തോട് വിടപറഞ്ഞു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. അതേസമയം ആശുപത്രി അധികൃതര്‍ സംഭവം നിഷേധിച്ചിട്ടുണ്ട്.

ജനിച്ചപ്പോള്‍ തന്നെ പല കുട്ടികള്‍ക്കും തൂക്കം കുറഞ്ഞതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ കുഞ്ഞുങ്ങളാണ് മരിച്ചത്. ഇക്കാര്യത്തില്‍ ഡോക്ടര്‍മാരുടെയോ ആശുപത്രി സ്റ്റാഫിന്റെയോ ഭാഗത്തു നിന്ന് പിഴവുണ്ടായിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് പ്രഫ.ഡോ.ദിലിപ് കുമാര്‍ ദത്ത പറഞ്ഞു.

ആശുപത്രിയില്‍ നവജാതശിശുക്കള്‍ക്കായുള്ള അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുഞ്ഞുങ്ങളാണ് മരിച്ചത്. ഒരു കുഞ്ഞിന് ഒരു കിലോയില്‍ താഴെ മാത്രമായിരുന്നു ഭാരം. അമ്മമാരുടെ ആരോഗ്യക്കുറവും കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമായിട്ടുണ്ട്. രണ്ട് പെണ്‍കുട്ടികള്‍ക്ക് 20 വയസ്സു മാത്രമായിരുന്നു പ്രായം. പ്രസവശേഷം ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും മരണകാരണമായെന്ന് ആശുപത്രി സൂപ്രണ്ട് ന്യായീകരിക്കുന്നു.

ശരാശരി ഒന്നോ രണ്ടോ കുട്ടികള്‍ ഓരോ ദിവസവും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിക്കുന്നുണ്ട്. മരണസംഖ്യ പെട്ടെന്ന് കൂടിയത് തികച്ചും യാദൃശ്ചികസംഭവമായി മാത്രമേ കാണാനാകൂവെന്നും സൂപ്രണ്ട് പ്രാദേശികമാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button