Latest NewsNewsInternational

അമേരിക്കയ്ക്ക് ഗൗരവമായ തിരിച്ചടികള്‍ നല്‍കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ടെഹ്‌റാന്‍: ഇറാന്‍ സൈന്യത്തെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ ഗൗരവമായ തിരിച്ചടികള്‍ നല്‍കുമെന്ന് അമേരിക്കക്ക് ഇറാന്റെ മുന്നറിയിപ്പ്.
പുതിയ ഉപരോധങ്ങളുമായി യുഎസ് വരികയാണെങ്കില്‍ ഇറാന്റെ 2000 കിലോമീറ്റര്‍ ചുറ്റളവിലുള്ള, മധേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ അവിടെ നിന്ന് മാറ്റേണ്ടിവരുമെന്നും ഇറാന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി ജാഫരി മുന്നറിയിപ്പ് നല്‍കി. ഐഎസ് ഭീകരര്‍ക്കു നേരെ പോരാടിയ ധീരചരിത്രമുണ്ട് ഇറാന്. സൈന്യത്തെ ഭീകരരായി യുഎസ് കണക്കാക്കിയാല്‍ അവരെയും ഭീകരരായി കണ്ട് പോരാട്ടം തുടങ്ങുമെന്നും ജനറല്‍ മുഹമ്മദ് അലി ജാഫരി പറഞ്ഞു.

‘യുഎസിലെ ഭരണകൂടം തെറ്റായ നയതന്ത്ര നിലപാടുകള്‍ സ്വീകരിക്കില്ലെന്നാണു വിശ്വാസം. ഒരുപക്ഷെ അങ്ങനെ സംഭവിച്ചാല്‍ പ്രത്യാഘാതം കടുത്തതും ഗുരുതരവും നാശോന്മുഖവുമായിരിക്കും’- ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ബഹ്റാം ഖ്വസേമി ചൂണ്ടിക്കാട്ടി.

2015ലെ ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങി ഇറാനെതിരേ ഉപരോധം ശക്തമാക്കുകയാണ് ട്രംപ് ഭരണകൂടം. ഇറാന്‍ റവല്യൂഷനറി ഗാര്‍ഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും അമേരിക്ക ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ചിട്ടില്ല.

അധികാരത്തിലെത്തിയപ്പോഴും അതിനു മുന്‍പും ഇറാനുമായുള്ള ആണവ കരാ‍റിനെ ഏറ്റവും മോശമെന്നാണു ട്രംപ് വിശേഷിപ്പിച്ചിട്ടുള്ളത്. ഒക്ടോബര്‍ 15ന് യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ കരാറിനെതിരായ നിലപാടെടുക്കാനാണ് ട്രംപിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button