Latest NewsKeralaNews

അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാടുവിടാനുണ്ടായ കാരണക്കാരനെ ഒടുവില്‍ പൊലീസ് കണ്ടെത്തി

 

കൊച്ചി : സംസ്ഥാനത്ത് നിന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി നാടുവിടാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷിച്ച പൊലീസ് ഒടുവില്‍ കുറ്റക്കാരനെ കണ്ടെത്തി. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നുണപ്രചാരണം നടത്തിയ സംഭവത്തില്‍ കൊച്ചിയില്‍ ഒരാള്‍ പിടിയിലായി. ബംഗാളിയായ ഹോട്ടല്‍ തൊഴിലാളിയെ കൊലപ്പെടുത്തുന്നതു കണ്ടതായി പറഞ്ഞു ഹോട്ടലുകള്‍തോറും കയറിയിറങ്ങിയ കൊല്‍ക്കത്തക്കാരനായ സുബൈറാണ് കുടുങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഹോട്ടലുകളില്‍ ജോലിയെടുക്കുന്ന 40 ശതമാനത്തോളം ഇതര സംസ്ഥാനക്കാര്‍ നുണപ്രചാരണത്തെ തുടര്‍ന്നു മടങ്ങിയതായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ അറിയിച്ചു.

കലൂര്‍ സ്റ്റേഡിയത്തിനു സമീപത്തു മലയാളികള്‍ സംഘംചേര്‍ന്ന് ഒരു ബംഗാളിയെ തല്ലിക്കൊല്ലുന്നത് താന്‍ നേരില്‍ കണ്ടുവെന്നും ജീവന്‍ വേണമെങ്കില്‍ രാത്രി ട്രെയിനില്‍ നാട്ടിലേക്ക് രക്ഷപ്പെട്ടോളാനും പറഞ്ഞാണ് സുബൈര്‍ കഴിഞ്ഞ ദിവസം എറണാകുളം നഗരത്തിലെ ഹോട്ടലുകള്‍ കയറിയിറങ്ങിയത്. സംശയം തോന്നി എറണാകുളം സൗത്തിലെ ഒരു ഹോട്ടലിന്റെ നടത്തിപ്പുകാര്‍ തടഞ്ഞുവച്ചു ചോദിച്ചപ്പോള്‍ വെറും തമാശയാണെന്നായി സുബൈറിന്റെ നിലപാട്.

ഹോട്ടലുകളിലും മറ്റും ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരില്‍ വലിയൊരു വിഭാഗത്തെ ലക്ഷ്യം വച്ചാണ് ഈ പ്രചാരണം. പരിഭ്രാന്തരായി നാടുവിട്ടോടുന്നവരുടെ എണ്ണം കൂടുകയാണ്. ഹോട്ടലുകാര്‍ പൊലീസിനു കൈമാറിയ യുവാവിനെ പക്ഷേ, കുറ്റകരമായൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന നിലപാടില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് വിട്ടയച്ചു. അതേസമയം, വ്യാജ പ്രചാരണത്തിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

നുണപ്രചാരണത്തിന് ഉപയോഗിക്കുന്ന വിഡിയോ ദൃശ്യങ്ങളുടെ ഉറവിടം കണ്ടെത്തണമെന്നും ഉത്തദവാദികള്‍ക്കെതിരെ നടപടി വേണമെന്നും ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button