KeralaLatest NewsNews

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബി.ജെ.പി നേതൃത്വം ; സംസ്ഥാനത്ത് 11 മണ്ഡലങ്ങള്‍ക്ക് പ്രത്യേക പരിഗണന

തിരുവനന്തപുരം : വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി നേതൃത്വം. ഇതിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു. കേരളത്തില്‍ ബിജെപിയോട് ഒരു അനുകൂല തരംഗം സൃഷ്ടിച്ചെടുക്കാന്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ തദ്ദേശീയ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാന്‍ സാധിച്ചതും, നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ വിജയിച്ചതും, കാസര്‍ഗോഡ് ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയതുമെല്ലാം ബി.ജെ.പി ദേശീയ നേതൃത്വത്തിന് ആത്മവിശ്വാസത്തിന് ബലമേകുന്ന ഘടകങ്ങളാണ്.

ജനരക്ഷാ യാത്രയോട് അനുബന്ധിച്ച് ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സാധ്യതകളിലും ചര്‍ച്ച തുടങ്ങി. കേരളത്തില്‍ 20 മണ്ഡലങ്ങളാണുള്ളത്. ഇതില്‍ സംസ്ഥാനത്തെ 11 ലോക്‌സഭാ മണ്ഡലങ്ങള്‍ക്കു പ്രത്യേക പരിഗണന നല്‍കി തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്കു രൂപം നല്‍കാന്‍ ബിജെപിയില്‍ ധാരണയായി കഴിഞ്ഞു. തിരുവനന്തപുരം, ആറ്റിങ്ങല്‍, മാവേലിക്കര, പത്തനംതിട്ട, കൊല്ലം, കോട്ടയം, ചാലക്കുടി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് എന്നിവയാണു പ്രത്യേക ശ്രദ്ധ നല്‍കുന്ന മണ്ഡലങ്ങളെന്നറിയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അഞ്ചു മണ്ഡലങ്ങളാണു പ്രത്യേകം ശ്രദ്ധിച്ചത്.

കുമ്മനം രാജശേഖരനോ സുരേഷ് ഗോപിയോ തിരുവനന്തപുരത്ത് മത്സരിക്കും. വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പികെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളും വിവിധ മണ്ഡലങ്ങളില്‍ ചര്‍ച്ചയാണ്. ടി പി സെന്‍കുമാറിനെ ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിയാക്കാനും സാധ്യത തേടുന്നുണ്ട്.

കേരളത്തിലെ മണ്ഡലങ്ങളുടെ ചുമതല കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, നളിന്‍കുമാര്‍ കട്ടീല്‍ എംപി എന്നിവര്‍ക്കു നല്‍കി. പ്രാഥമിക തയാറെടുപ്പുകള്‍ കഴിഞ്ഞ ദിവസം ഇവരുടെ അധ്യക്ഷതയില്‍ വിലയിരുത്തി. സ്ഥാനാര്‍ഥി നിര്‍ണയത്തിനു കേന്ദ്രകമ്മിറ്റി കര്‍ശന വ്യവസ്ഥകള്‍ നടപ്പാക്കും. അനുകൂല സാഹചര്യമുള്ള മണ്ഡലങ്ങളില്‍ മാത്രം സ്ഥാനാര്‍ഥിയാകുന്ന ചില നേതാക്കളുടെ രീതി അനുവദിക്കില്ല.

ദേശാടനപക്ഷികളെ’ സ്ഥാനാര്‍ഥികളാക്കരുതെന്നാണു ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നിര്‍ദേശം. പ്രാദേശികമായി അറിയപ്പെടുന്നവര്‍ക്കു സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുന്‍ഗണന നല്‍കണം. എന്‍ഡിഎയിലേയ്ക്ക് കൂടുതല്‍ കക്ഷികളെ എത്തിക്കുന്നതിന്റെ ഭാഗമായി ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമുദായിക സംഘടനകളുടെയും നേതാക്കളുമായി നേതൃത്വം പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button