Latest NewsIndiaNews

ഗുരുദാസ്പൂരില്‍ കോണ്‍ഗ്രസിന് വന്‍വിജയം

ഗുരുദാസ്പൂര്‍•പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം. 190,000 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സുനില്‍ ഝക്കര്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ സ്വരണ്‍ സലാരിയയെ പരാജയപ്പെടുത്തിയത്.

സുനില്‍ 4,99,752 വോട്ടുകളാണ് നേടിയത്. ബി.ജെ.പിയ്ക്ക് 3,06,533 വോട്ടുകളും മൂന്നാം സ്ഥാനത്തെത്തിയ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി മേജര്‍ ജനറല്‍ സുരേഷ് ഖജൂരിയയ്ക്ക് 23,579 വോട്ടുകളും ലഭിച്ചു. ആകെ 11 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ ജനവിധി നേടിയത്.

ചലച്ചിത്ര താരവും ബി.ജെ.പി എംപിയുമായിരുന്ന വിനോദ് ഖന്ന അന്തരിച്ച ഒഴിവിലേക്കാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. വിനോദ് ഖന്ന തുടര്‍ച്ചയായി നാലു തവണ വിജയിച്ച സീറ്റാണിത്.

രാജ്യത്ത് കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ തുടക്കമാണ് ഗുരുദാസ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ഝക്കറുടെ വന്‍ വിജയമെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞു. ഉയര്‍ത്തെഴുന്നേല്‍പ്പിലേക്കുള്ള പ്രധാന ചുവടുവെയ്പ്പാണ് ഗുരുദാസ്പൂരിലെ വിജയം. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് തിരിച്ചുവരുന്നുവെന്നതാണ് ഫലം സൂചിപ്പിക്കുന്നതെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി.

കോണ്‍ഗ്രസിന്, പ്രത്യേകിച്ച്‌ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കുള്ള ദീപാവലി സമ്മാനമാണ് ഗുരുദാസ്പൂര്‍ തെരഞ്ഞെടുപ്പ് വിജയമെന്ന് കോണ്‍ഗ്രസ് നേതാവും സംസ്ഥാനമന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു. അകാലിദള്‍ നേതാക്കളായ സുഖ്ബീര്‍ സിംഗ് ബാദല്‍, ബിക്രം സിംഗ് മജീദിയ എന്നിവരുടെ മുഖത്തേറ്റ അടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button