CinemaMollywoodLatest News

പയ്യന്നൂരിൽ നിന്നും സുജാതയുടെ മകളായി ചെങ്കൽച്ചൂളയിലെത്തിയ ആതിരയുടെ വിശേഷങ്ങൾ

ഒരു ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ സ്വാഭാവികമായും അതിലെ കഥാപാത്രങ്ങളും ആ കഥാപാത്രങ്ങളായി എത്തുന്ന താരങ്ങളും ശ്രദ്ധേയരാകും. രാമലീല എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ ബഹളങ്ങളിൽ അതെ ദിവസം റിലീസ് ചെയ്യപ്പെട്ടതിന്റെ പേരിലും നായകനായ ദിലീപിന്റെ മുൻഭാര്യ മഞ്ജുവിന്റെ ചിത്രമെന്ന പേരിലും രാമലീലയ്‌ക്കൊപ്പം നിന്ന ചിത്രമാണ് ഉദാഹരണം സുജാത.ദിലീപിന്റെയും മഞ്ജുവിന്റെയും പേരുകൾ ഉയർന്നു കേട്ടപ്പോൾ ശ്രദ്ധിക്കപെടേണ്ടിയിരുന്ന മറ്റു പലതും ആ കോലാഹലങ്ങളിൽ മുങ്ങിപ്പോയി.വിവാദങ്ങളും പോർവിളികളും കെട്ടടങ്ങുമ്പോൾ തന്റെ സിനിമ വിശേഷങ്ങളുമായി മുന്നിലേക്കെത്തുകയാണ് സുജാതയുടെ മകളായി മലയാള സിനിമാ ലോകത്തേക്ക് എത്തിയ അനശ്വരയെന്ന കൊച്ചുമിടുക്കി.

തനി കണ്ണൂർ സ്ലാങ്ങിൽ സംസാരിക്കുന്ന അനശ്വര ഇങ്ങു തിരുവന്തപുരത്തെ ചെങ്കൽച്ചൂള നിവാസിയായ ആതിരയായി മാറാൻ ഏറെ തയ്യാറെടുപ്പുകൾ എടുത്തിരുന്നതായി പറയുന്നു.ഭാഷ പ്രശ്നമായതുകൊണ്ട് ഏറെ പേടിയോടെയാണ് ചിത്രത്തെ സമീപിച്ചതെന്നും അനശ്വര പറയുന്നു,അമ്മയായി അഭിനയിക്കുന്ന മഞ്ജുവിനൊപ്പം ഇടപഴകി തുടങ്ങിയപ്പോൾ തനിയെ ആതിരയായി മാറുകയായിരുന്നെന്ന് അനശ്വര പറയുന്നു.ആറാം തമ്പുരാൻ എന്ന ചിത്രം കണ്ടപ്പോൾ മുതൽ മഞ്ജു എന്ന നടി മനസ്സിൽ കേറിയെന്നും എന്നെങ്കിലും നേരിട്ട് കാണാൻ ആഗ്രഹിച്ചിരുന്നെന്നും എന്നാൽ അതേ മഞ്ജുവിന്റെ മകളായി ക്ഷണം കിട്ടുമെന്ന് സ്വപനത്തിൽ പോലും കരുതിയിരുന്നില്ലെന്ന് സമ്മതിക്കുന്നു അനശ്വരയെന്ന ആതിര.

ഒരു സുഹൃത്തിനോടെന്നപോലെയാണ് മഞ്ജു പെരുമാറിയിരുന്നതെന്നും തന്റെ സംശയങ്ങൾക്കെല്ലാം ഉത്തരം നൽകി വേഷം നന്നാക്കാൻ സഹായിച്ചിരുന്നെന്നും അനശ്വര പറയുന്നു. ചെറുപ്പം മുതൽ നാടകങ്ങളിൽ അഭിനയിച്ചിരുന്ന ബലത്തിലാണ് സംവിധായകൻ ലിജു തോമാസ് പറഞ്ഞതനുസരിച്ച് പരസ്യം കണ്ട് ഓഡിഷന് വേണ്ടി തന്റെ ചിത്രങ്ങൾ അനശ്വര അയച്ചത്.ഓഡിഷൻ കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം ചിത്രത്തിലേക്കെടുത്തതായി അറിയിപ്പ് വന്നപ്പോൾ സന്തോഷം കൊണ്ട് താൻ തുള്ളിച്ചാടിയെന്ന് അനശ്വര പറയുന്നു.

ആദ്യമായി ചിത്രം കുടുംബത്തോടെ കണ്ടപ്പോൾ അത്രയും ആളുകൾക്ക് മുന്നിൽ അഭിനയിക്കാൻ കഴിഞ്ഞല്ലോ എന്നോർത്ത് താൻ
കരഞ്ഞതായി അനശ്വര പറയുന്നു.സിനിമയുടെ ചിത്രീകരണം കഴിഞ്ഞപ്പോൾ ഭയങ്കര വിഷമമായെന്നും അത്രത്തോളം ആ ചിത്രത്തിന്റെ ടീമുമായി അടുത്തിരുന്നെന്നും അനശ്വര പറയുന്നു.പയ്യന്നൂരിലെ സെൻറ് മേരീസ് ഹൈസ്കൂളിൽ ഒൻപതാം ക്‌ളാസിൽ പഠിക്കുന്ന ഈ കൊച്ചു മിടുക്കിയുടെ ഏറ്റവും വലിയ സ്വപനം ദുൽഖർ സൽമാനൊപ്പം അഭിനയിക്കുക എന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button