Latest NewsNewsInternational

ഷെറിന്‍ മാത്യൂസിനെ കൊണ്ടു പോയത് കുറുക്കനല്ല : മൂന്ന് വയസ്സുകാരിയുടെ തിരോധാനത്തില്‍ നിര്‍ണ്ണായക തെളിവ് കിട്ടിയെന്ന് അന്വേഷണ സംഘം

 

ഡാലസ്: അമേരിക്കന്‍ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിനെ കാണാതായതുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് എഫ് ബി ഐ. വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവിന്റെ കാറില്‍നിന്നാണ് പൊലീസിനു തെളിവുകള്‍ കിട്ടിയത്. ഇതു പൊലീസ് പുറത്തു വിട്ടിട്ടില്ല. കാര്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണങ്ങള്‍.

പൊലീസ് പിടിച്ചെടുത്ത വെസ്ലി മാത്യുവിന്റെ ലാപ്‌ടോപ്പില്‍നിന്നും ചില തെളിവുകള്‍ കിട്ടിയിട്ടുണ്ട്. വെസ്ലിയെയും ഭാര്യയെയും അവരുടെ വീട്ടില്‍നിന്നു പൊലീസ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. കുഞ്ഞിനെ അപകടകരമായ നിലയില്‍ വീടിനു വെളിയില്‍ ഉപേക്ഷിച്ചുവെന്നു വെസ്ലി സമ്മതിച്ചതിനാല്‍ ആ കുറ്റത്തിനു മാത്രം 20 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാം. അതുകൊണ്ട് തന്നെ വെസ്ലിയെ ഉടന്‍ പൊലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു കുഞ്ഞിനെ പുറത്തിറക്കി നിര്‍ത്തിയെന്നും 15 മിനിറ്റ് കഴിഞ്ഞു നോക്കുമ്പോള്‍ കാണാനില്ലെന്നുമാണു വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിന്റെ മൊഴി. ഈ മൊഴി ആരും വിശ്വസിച്ചിട്ടില്ല. എന്നാല്‍ കാണാതായി ഇത്രയും ദിവസമായിട്ടും ഒരു തുമ്പും കിട്ടാത്തത് അന്വേഷണത്തെ തളര്‍ത്തിയിട്ടുണ്ട്.

കുട്ടിയെ അപകടകരമായ നിലയില്‍ ഉപേക്ഷിച്ചതിന്റെ പേരില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. വെസ്ലി കുറ്റക്കാരനാണെന്നോ അല്ലെന്നോ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഭാര്യ സിനി മാത്യൂസ് നിരപരാധിയാണെന്നാണു പൊലീസ് നിഗമനം. കുട്ടിയെ പുറത്തേക്കു കൊണ്ടുപോകുന്ന സമയത്ത് സിനി ഉറക്കത്തിലായിരുന്നു. അഞ്ചുമണിക്കൂര്‍ മകളെ തിരഞ്ഞതിനാലാണു പൊലീസിനെ അറിയിക്കാന്‍ വൈകിയതെന്നും കുഞ്ഞിനെ നിര്‍ത്തിയ സ്ഥലത്തു കുറുക്കന്മാര്‍ ഇടയ്ക്കു വന്നുപോകാറുള്ളതാണെന്നും വെസ്ലി പറഞ്ഞിട്ടുണ്ട്. മൂന്ന് വയസ്സുള്ള ഷെറിന്‍ മാത്യൂസ് കാണാതായിട്ട് പത്ത് ദിവസത്തിനു ശേഷവും പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചിട്ടില്ല.

മകളെ സ്‌നേഹത്തോടെയാണ് സംരക്ഷിച്ചിരുന്നതെന്നും മറിച്ച് കേള്‍ക്കുന്നതൊന്നും ശരിയല്ലെന്നും വെസ്ലി പറഞ്ഞിരുന്നു. കുഞ്ഞിന് പ്രായത്തിനനുസരിച്ച് തൂക്കം ഇല്ലാത്തത് അവിടെ കുറ്റകരമാണ്. നിശ്ചിത ഇടവേളകളില്‍ പരിശോധനയ്ക്കു ഹാജരാക്കണം. ഷെറിന് തൂക്കം കുറവായതുകൊണ്ടാണ് പാല്‍ കുടിക്കാന്‍ നിര്‍ബന്ധിച്ചത്. പുറത്തുനിര്‍ത്തിയ കുഞ്ഞ് തനിയെ മടങ്ങിവരുമെന്നാണു കരുതിയത്. 15 മിനിറ്റ് കഴിഞ്ഞും എത്താതെ വന്നപ്പോള്‍ പുറത്തുചെന്ന് നോക്കിയെങ്കിലും കണ്ടില്ലെന്നാണ് വെസ്ലി പറഞ്ഞത്. ഈ മാസം ഏഴിന് പുലര്‍ച്ചേ മൂന്നോടെയാണ് സംഭവം. എന്നാല്‍, അഞ്ചു മണിക്കൂര്‍ കഴിഞ്ഞാണ് വെസ്ലി പൊലീസിനെ വിവരമറിയിച്ചത്. അതോടെ പൊലീസിന്റെ സംശയം ഇയാളിലേക്കായി. വീടിന് പിന്നില്‍ നൂറടി ദൂരെയുള്ള മരത്തിനടിയിലാണ് കുഞ്ഞിനെ നിര്‍ത്തിയതെന്ന് വെസ്ലി പറയുന്നു.

ചെന്നായ്ക്കളുടെ ശല്യമുണ്ടെന്നറിഞ്ഞിട്ടും ഇവിടെ കുഞ്ഞിനെ കൊണ്ടുനിര്‍ത്തിയതിന് ഇയാള്‍ക്കു വിശ്വസനീയ മറുപടിയില്ല. സ്വന്തം കുഞ്ഞിനെ കാണാതാകുമ്പോള്‍ പിതാവിനുണ്ടാകുന്ന മാനസികവ്യഥ വെസ്ലിയില്‍ പ്രകടമായില്ലെന്നതും പൊലീസിന്റെ സംശയങ്ങള്‍ ബലപ്പെടുത്തി. ഷെറിനെ വെസ്ലിയും സിനിയും ചേര്‍ന്ന് ബിഹാറിലെ ഗയയില്‍നിന്നാണു ദത്തെടുത്തത്. ഒന്നര വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞിന് അന്നു സരസ്വതി എന്നായിരുന്നു പേര്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button