Latest NewsIndia

നിജ്ജാര്‍ വധം: അമേരിക്കയിലെ ഖാലിസ്ഥാനി സംഘടനകള്‍ക്ക് എഫ്ബിഐയുടെ മുന്നറിയിപ്പ്

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമാകുന്നതിനിടെ യുഎസിന്റെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ഖാലിസ്ഥാനികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. യുഎസിലെ ഖാലിസ്ഥാനി സംഘടനകളെ സന്ദര്‍ശിച്ചാണ് എഫ്ബിഐ ഏജന്റുമാര്‍ അവരുടെ ജീവന്‍ അപകടത്തിലാകുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെയായിരുന്നു സംഭവം. അമേരിക്കന്‍ മാധ്യമമായ ദി ഇന്റര്‍സെപ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നിജ്ജാര്‍ കൊല്ലപ്പെട്ടതിന് ശേഷം തനിക്കും കാലിഫോര്‍ണിയയിലെ മറ്റ് രണ്ട് സിഖ് അമേരിക്കക്കാര്‍ക്കും എഫ്ബിഐയില്‍ നിന്ന് കോളുകളും സന്ദര്‍ശനങ്ങളും ലഭിച്ചതായി അമേരിക്കന്‍ സിഖ് കോക്കസ് കമ്മിറ്റിയുടെ കോര്‍ഡിനേറ്റര്‍ പ്രിത്പാല്‍ സിംഗ് പറഞ്ഞു. ‘ജൂണ്‍ അവസാനം രണ്ട് എഫ്ബിഐ ഏജന്റുമാര്‍ എന്നെ സന്ദര്‍ശിച്ചു. എന്റെ ജീവന് ഭീഷണിയുണ്ടെന്ന് അവര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു. എന്നാല്‍ ഭീഷണി എവിടെ നിന്നാണെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞില്ല, പക്ഷേ ശ്രദ്ധിക്കണമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ പ്രിത്പാല്‍ സിംഗിനെ സന്ദര്‍ശിച്ച അതേ സമയത്ത് എഫ്ബിഐ ഏജന്റുമാര്‍ തങ്ങളെയും സന്ദര്‍ശിച്ചതായി മറ്റ് രണ്ട് പേരും കൂടി സ്ഥിരീകരിച്ചു. എന്നാല്‍ ഈ വെളിപ്പെടുത്തലില്‍ ഇതുവരെ ഫെഡറല്‍ ഏജന്‍സി പ്രതികരിച്ചിട്ടില്ല.

ജൂണില്‍ നിജ്ജാര്‍ കൊല്ലപ്പെടുന്നതിന് മുമ്പ് തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് കനേഡിയന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഖാലിസ്ഥാനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യം മുന്നറിയിപ്പ് ലഭിച്ചവരില്‍ ഒരാളായ ബ്രിട്ടീഷ് കൊളംബിയ ഗുരുദ്വാരാസ് കൗണ്‍സില്‍ വക്താവ് മോനീന്ദര്‍ സിംഗ് സ്ഥിരീകരിച്ചിരുന്നു. ‘ഞങ്ങള്‍ വധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു. എന്നാല്‍ ഭീഷണി ഇന്ത്യന്‍ ഇന്റലിജന്‍സില്‍ നിന്നാണെന്ന് അവര്‍ ഒരിക്കലും പറഞ്ഞില്ല,’ മൊനീന്ദര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

ചില സിഖ് സമുദായ നേതാക്കളെ അടുത്തിടെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള എന്‍സാഫിന്റെ സഹ ഡയറക്ടര്‍ സുഖ്മാന്‍ ധാമിയും സ്ഥിരീകരിച്ചു. നിരോധിത ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ (കെടിഎഫ്) തലവനായിരുന്നു ഹര്‍ദീപ് സിംഗ് നിജ്ജാര്‍. ജൂണ്‍ 18- ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ച് രണ്ട് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റാണ് നിജ്ജാര്‍ മരിച്ചത്. തിങ്കളാഴ്ച വിഷയത്തില്‍ ഇന്ത്യയുടെ ഇടപെടലുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതോടെയാണ് സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചത്. അസംബന്ധമാണെന്ന് വിശേഷിപ്പിച്ചാണ് ആരോപണങ്ങള്‍ ഇന്ത്യ നിരസിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button