KeralaLatest NewsNews

ബൈക്കുകള്‍ കാറുമായി കൂട്ടിയിടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

ചെങ്ങന്നൂര്‍ : ബൈക്കുകള്‍ കാറുമായി കൂട്ടിയിടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം. എംസി റോഡില്‍ ബൈക്കുകള്‍ കാറുമായി കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രികരായ മൂന്ന് യുവാക്കള്‍ മരിച്ചത്. എം സി റോഡില്‍ ചെങ്ങന്നൂര്‍-പന്തളം റൂട്ടില്‍ മുളക്കുഴ കാരയ്ക്കാട് വെട്ടിപ്പീടിക ജങ്ഷനില്‍ വെള്ളിയാഴ്ച രാത്രി 11.55 ഓടെയായിരുന്നു അപകടം. കോട്ടയത്തു നിന്നും നാലംഗ സംഘം രണ്ട് ബൈക്കുകളിലായി അടൂരിലുള്ള സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

കോട്ടയം അതിരമ്പുഴ പടിഞ്ഞാറ്റുംകര കുഴിക്കണ്ടത്തില്‍ വീട്ടില്‍ അഖില്‍ കെ സ്റ്റീഫന്‍ (21), ഇടുക്കി ഉടുമ്പന്നൂര്‍ ചീനിക്കുഴി കല്ലൂര്‍വീട്ടില്‍ നിധിന്‍ മോഹനന്‍ (22), ഏറ്റുമാനൂര്‍ മൂലപ്പറമ്പില്‍ വീട്ടില്‍ മിബിന്‍ സെബാസ്റ്റ്യന്‍ (23) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന ഏറ്റുമാനൂര്‍ സ്വദേശി മിലന്‍ മാത്യു തോമസ് (22) പരിക്കില്ലാതെ രക്ഷപെട്ടു. അഖില്‍ സ്റ്റീഫന്‍, നിഥിന്‍ മോഹന്‍ എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.

ഗുരുതരമായി പരിക്കേറ്റ മിബിന്‍ സെബാസ്റ്റ്യനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച്ച രാവിലെ എട്ടോടെ മരിച്ചു. അഖിലിന്റെയും നിഥിന്റെയും മൃതദേഹം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലും മിബിന്റെ മൃതദേഹം വണ്ടാനത്തും പോസ്റ്റുമോര്‍ട്ടം നടത്തി. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. അപകടത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ട ഏറ്റുമാനൂര്‍ സ്വദേശി മിലന്‍ മാത്യു തോമസ് അപകടം കണ്ട് പകച്ച്‌ സംഭവസ്ഥലത്തുനിന്ന് ഓടി മാറി. പിന്നീട് കോട്ടയത്തുനിന്ന് മറ്റു സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു.

അഖിലിന്റെ സംസ്കാരം ഞായറാഴ്ച പകല്‍ 2. 30 ന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ് പള്ളി സെമിത്തേരിയില്‍. അമ്മ പരേതയായ വത്സമ്മ, സഹോദരന്‍: ബിബിന്‍ (മൊബൈല്‍കട ജീവനക്കാരന്‍), നിഥിന്റെ സംസ്കാരം ഞായറാഴ്ച പകല്‍ 11ന് കോട്ടയം മുട്ടമ്ബലം വൈദ്യുതി ശ്മശാനത്തില്‍. അമ്മ ബിന്ദു എംജി സര്‍വ്വകലാശാല ജീവനക്കാരിയാണ്. സഹോദരി നിമിഷ. മിബിന്റെ അമ്മ മോളി (മംഗളം കോളേജ് ജീവനക്കാരി), സഹോദരി: മാളു സെബാസ്റ്റ്യന്‍ (നഴ്സിങ് തിരുവല്ല), സംസ്കാരം പിന്നീട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button