Latest NewsNewsGulf

പൊതുമാപ്പ് നീട്ടിയതായി അധികൃതര്‍ അറിയിച്ചു

ജിദ്ദ : സൗദിയിലെ പൊതുമാപ്പിന്റെ കാലാവധി നീട്ടിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് നിയമവിധേയമല്ലാതെ താമസിക്കുന്ന വിദേശികള്‍ക്ക് ഇതു പ്രയോജനപ്പെടുത്തി സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ സാധിക്കും. ഇവര്‍ക്കു ശിക്ഷാ നടപടികള്‍ ഉണ്ടാകില്ല. ഒരു മാസത്തേക്കാണ് പൊതുമാപ്പ് നീട്ടിയത്. റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമാണ് ഇക്കാര്യം അറിയിച്ചത്.

ഇതു പ്രകാരം നവംബര്‍ പകുതി വരെ പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താനുള്ള അവസരം ലഭിക്കും. ഇത് ഇത്തരത്തിലുള്ള അവസാന അവസരമാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതു വരെ ഇന്ത്യക്കാരായ അരലക്ഷം പേര്‍ ഇതു പ്രയോജനപ്പെടുത്തി. ഈ ആനുകൂല്യം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാസ്പോര്‍ട്ടിന് പകരമുള്ള ഔട്ട്പാസ് അപേക്ഷ നല്‍കി അഞ്ചു ദിവസങ്ങള്‍ക്കകം വിതരണം ചെയ്യുമെന്ന് റിയാദ് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സല്‍ അനില്‍ നൗട്ടിയാല്‍ വ്യക്തമാക്കി.

സൗദി ഈ വര്‍ഷം ആരംഭിച്ച ‘നിയമ ലംഘകരില്ലാത്ത രാജ്യം’ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് നടപടി. ഇതു രണ്ടാമത്തെ പ്രാവശ്യമാണ് ഈ ആനുകൂല്യം നീട്ടുന്നത്. വിശദമായ വിവരങ്ങള്‍ 8002471234 എന്ന ടോള്‍ ഫ്രീ നമ്പറിലോ, 00966 11 4884697 എന്ന ഹെല്‍പ് ലൈന്‍ നമ്പറിലോ [email protected] എന്ന ഇ മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം. ജിദ്ദ കോണ്‍സുലേറ്റുമായി 800244003 എന്ന ടോള്‍ ഫ്രീ നമ്പറിലോ, 00966 126614276 എന്ന ഹെല്‍പ് ലൈന്‍ നമ്പറിലോ [email protected], [email protected] എന്നീ ഇ മെയില്‍ വിലാസങ്ങളിലൂടെയോ ജിദ്ദ കോണ്‍സുലേറ്റുമായും ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button