Latest NewsNewsEditorial

ഗുജറാത്തില്‍ ഈ വര്‍ഷവും താമര വിരിയും എന്ന് പറയാനുള്ള പ്രധാന കാരണങ്ങള്‍ ഇവയാണ്…!

ഗുജറാത്തില്‍ ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പിലും താമര വിരിയും എന്ന് പറയുന്നത് എന്ത് കൊണ്ടാണ് ? നിരവധി കാരണങ്ങള്‍ ആണ് അതിനു പിന്നില്‍. അതിനായി 2002 യില്‍ നടന്ന ഗുജറാത്ത് കലാപം മുതല്‍ പറയേണ്ടി വരും. മുംബൈ കലാപസമയത്ത് മഹാരാഷ്ട്ര ഭരിച്ചിരുന്ന മുഖ്യമന്ത്രിയെ എത്രപേര്‍ ഓര്‍ക്കുന്നുണ്ട് ? മുംബൈ കലാപത്തിനു മുന്നില്‍ ഗുജറാത്ത്‌ കലാപം ഒന്നുമല്ലായിരുന്നുവെന്ന് എല്ലാര്‍ക്കും അറിയാം. മുംബൈ കലാപസമയത്ത് മഹാരാഷ്ട്ര ഭരിച്ചിരുന്ന മുഖ്യമന്ത്രിയെ എത്രപേര്‍ ഓര്‍ക്കുന്നുണ്ട് ? മല്യാന, മീററ്റ് കലാപസമയങ്ങളിലെ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയെ ആര്‍ക്കൊക്കെ അറിയാം ? ഭഗല്‍പൂരിലെയും ജംഷഡ്പൂരിലെയും കലാപസമയത്തെ ബീഹാര്‍ മുഖ്യമന്ത്രിയെ ? ആരും ഓര്‍ക്കില്ല. കാരണം ഈ കലാപസമയങ്ങളിലൊക്കെ പ്രസ്തുതസംസ്ഥാനങ്ങളുടെ ഭരണം കോണ്‍ഗ്രസിനായിരുന്നു.

ഇന്ത്യ സ്വതന്ത്രമായ ശേഷം ഗുജറാത്ത്‌ മാത്രം നൂറുകണക്കിന് കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതില്‍ ചിലത് 2002 കലാപത്തെക്കാള്‍ ഭയപ്പെടുത്തുന്നതും. അവിടെ ഹിന്ദുക്കളും മുസ്ലിങ്ങളും ഐക്യത്തോടെയാണ് കഴിയുന്നത്. ഡല്‍ഹിയിലെ സിഖ്‌ വംശഹത്യാസമയത്ത് ആരാണ് അവിടം ഭരിച്ചിരുന്നത് ? ഇങ്ങനെ ഒക്കെ ആയിട്ടും മോദി മാത്രം എങ്ങനെ ചെകുത്താന്‍റെ പ്രതിരൂപം ആകും ? എന്നാല്‍ മോദിവിരുദ്ധപ്രചരണം നടത്തിയതില്‍ പ്രധാനികള്‍ ആരും തന്നെ ഗുജറാത്തികളോ ഗുജറാത്തിമുസ്ലീങ്ങളോ അല്ലെന്നുള്ളതാണ് ഏറ്റവുമധികം കുഴപ്പിച്ച മറ്റൊരു സത്യാവസ്ഥ.

ഗുജറാത്തിനുള്ളില്‍ നിന്നുമുള്ള മോദിവിരുദ്ധബ്രിഗേഡിന്‍റെ വക്താക്കള്‍ ആരും തന്നെ മുസ്ലീം അല്ലെന്നുള്ളതും ശ്രദ്ധേയമായ മറ്റൊരു കാര്യം. ഏതെങ്കിലും ഒരു ഗുജറാത്തി മുസ്ലീം മോഡിക്കനുകൂലമായി സംസാരിച്ചുപോയാല്‍ വളരെപ്പെട്ടെന്നു തന്നെ അയാള്‍ ഒതുക്കപ്പെടുന്നു. ആരെയോ ഭയന്നിട്ടെന്ന വണ്ണം അയാള്‍ പിന്നെ വെളിച്ചപ്പെടാറുമില്ല. മുസ്ലീം പണ്ഡിതനായ മൗലാനാ വസ്തന്‍വിയ്ക്ക് ദേവ്ബന്ധ് സര്‍വ്വകലാശാലാ വി സി സ്ഥാനം രാജിവയ്ക്കേണ്ടി വന്നതിനു കാരണം ഗുജറാത്തിമുസ്ലീങ്ങളുടെ അവസ്ഥ മോദിയുടെ ഭരണം വന്ന ശേഷം മെച്ചപ്പെട്ടു എന്ന് തുറന്നു പറഞ്ഞതിനാണ്. ഉര്‍ദു ദിനപത്രം “നയി ദുനിയാ”യുടെ എഡിറ്റര്‍ ഷാഹിദ്‌ സിദ്ദിഖി ആക്രമിക്കപ്പെട്ടത് മോഡിയുമായി ഒരു അഭിമുഖം നടത്തിയതിന്‍റെ പേരിലാണ്.

ഗ്രാമീണഗുജറാത്തിലെ മികച്ച നിരത്തുകളെക്കുറിച്ചോ ഗ്രാമ-നഗര ഭേദമെന്യേ ദിവസം മുഴുവനായുള്ള വൈദ്യുതിലഭ്യതയെക്കുറിച്ചോ മിണ്ടിയാല്‍ വര്‍ഗ്ഗീയവാദിയായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥയാണ്. കശ്മീര്‍ വിഘടനവാദികളെ പിന്തുണയ്ക്കാം, നിത്യേന ഭീകരന്‍മാരെ പരിശീലിപ്പിച്ചുവിടുന്ന പാകിസ്ഥാനുമായി സന്ധിസംഭാഷണമാവാം, മൂന്നാംകിട കൊലപാതകികളായ മാവോയിസ്റ്റുകളെ പാവങ്ങളുടെ പടനായകരായി ചിത്രീകരിക്കാം, അതിനൊരു തെറ്റുമില്ല, പക്ഷെ ഗുജറാത്തിലെ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ പാടില്ല.

എന്തെന്നാല്‍ നിങ്ങള്‍ എന്നേക്കുമായി വര്‍ഗ്ഗീയവാദിയെന്നു മുദ്ര കുത്തപ്പെടും. മോദിയെ ഭയക്കുന്നതുകൊണ്ടാണ് ഓരോ തെരഞ്ഞെടുപ്പിലും മോദിക്ക് വോട്ടു ചെയ്യുന്ന മുസ്ലീങ്ങളുടെ എണ്ണം കൂടി വരുന്നത് എന്നതാണ് പൊതുവെയുള്ള സംസാരം എന്നാല്‍ മോദിയെ മുസ്ലീങ്ങള്‍ക്ക് ഭയമാണെങ്കില്‍ എന്തുകൊണ്ടാണ് പഞ്ചായത്ത്/കോര്‍പ്പറേഷന്‍/മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബാനറില്‍ നൂറുകണക്കിന് മുസ്ലീങ്ങള്‍ ജയിച്ചുകയറിയത്‌ ? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കി നില്‍ക്കെ നിരവധി ആരോപണങ്ങള്‍ വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എതിരെ ഉയരുകയാണ്.

ഇങ്ങനെ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തില്‍ ആറാം തവണയും താമര വിരിയുമെന്ന് തന്നെയാണ് സർവേ ഫലം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിജയകുതിപ്പിനും രാജ്യത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവും പൈതൃകപരവുമായ വികസനത്തിനും ബിജെപിയുടെ ഭരണം ആവിശ്യമാണെന്ന് ഓരോ വോട്ടര്‍മാരും തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നതിന് തെളിവാണ് ഈ സര്‍വേഫലം. ജിഎസ്ടി , ജനക്ഷേമ പദ്ധതി, എന്നിവപോലുള്ള കാര്യക്ഷമമായ നിരവധി പദ്ധതികള്‍ കൊണ്ട് മുന്നേറുന്ന കേന്ദ്രഭരണത്തിന്റെ പൊന്‍തൂവലായ് ഗുജറാത്തില്‍ ഈ പ്രാവശ്യവും താമര വിരിയുമെന്ന് തന്നെയാണ് നിക്ഷ്പക്ഷമായ വിലയിരുത്തല്‍.

Tags

Related Articles

Post Your Comments


Back to top button
Close
Close