KeralaLatest NewsNews

സ്വര്‍ണക്കടത്ത് കേസ് പ്രതി അബുലൈസിനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് റവന്യു ഇന്റലിജന്‍സ്

 

കോഴിക്കോട് : സംസ്ഥാന സര്‍ക്കാറിനെ ഏറെ പ്രതിക്കൂട്ടിലാക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പിടികിട്ടാപ്പുള്ളിയായ അബുലൈസിനൊപ്പം ഇടതു എംഎല്‍എമാരായ കാരാട്ട് റസാഖും പി.ടി.എ. റഹീമും നില്‍ക്കുന്ന ചിത്രം പുറത്തു വന്നതു വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അബുലൈസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ റവന്യു ഇന്റലിജന്‍സ് പുറത്തുവിട്ടിരിക്കുന്നത്.

തിരിച്ചറിയല്‍ നോട്ടിസുള്ള കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിലെ മൂന്നാം പ്രതി അബു ലൈസ് (അബ്ദുല്‍ലൈസ്) കാഠ്മണ്ഡു വഴി പലതവണ കേരളത്തില്‍ വന്നിരുന്നതായി റവന്യു ഇന്റലിജന്‍സിനു വിവരം ലഭിച്ചു. ഇതിനു പൊലീസിന്റെ ഒത്താശയുണ്ടായിരുന്നതായും സൂചന. കാഠ്മണ്ഡുവില്‍ നിന്ന് ഉത്തര്‍പ്രദേശിലൂടെ കേരളത്തിലെത്തിയിരുന്ന അബ്ദുല്‍ലൈസിനെ ഒരിക്കല്‍ ഉത്തര്‍പ്രദേശ് പൊലീസ് പിടികൂടിയിരുന്നുവെന്നും എന്നാല്‍, തന്റെ സ്വാധീനം ഉപയോഗിച്ച് ഇയാള്‍ കടന്നു കളഞ്ഞുവെന്നുമാണു റവന്യു ഇന്റലിജന്‍സിനു ലഭിക്കുന്ന വിവരം.

വിമാനത്താവളങ്ങള്‍ വഴി 39 കിലോ സ്വര്‍ണം കടത്തിയ അബുലൈസിന്റെ സംഘത്തിന്റെ തലവന്‍ കൊടുവള്ളി പടനിലം ആരാമ്പ്രം മടവൂര്‍ എടയാടിപൊയില്‍ ടി.എം. ഷഹബാസിനെ 2015 ഓഗസ്റ്റ് 10ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തിരുന്നു.

ദുബായില്‍ നിന്നു കോഴിക്കോട് ഉള്‍പ്പടെയുള്ള വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയ സംഘത്തിന്റെ തലവനാണ് ഷഹബാസ്. സ്വര്‍ണക്കള്ളക്കടത്തിനു 2013ല്‍ പിടിയിലായ റാഹില ചെറായി, എയര്‍ ഹോസ്റ്റസ് ഹിറോമോസ വി. സെബാസ്റ്റ്യന്‍ എന്നിവരില്‍നിന്നാണ് കോഴിക്കോട്, നെടുമ്പാശേരി വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണക്കള്ളക്കടത്ത് നടത്തുന്ന ഷഹബാസിന്റെ നേതൃത്വത്തിലുള്ള സംഘത്തെ കുറിച്ച് ആദ്യം വിവരം ലഭിച്ചിരുന്നത്.

പിന്നീട് ഇയാളെ ബെംഗളൂരുവില്‍ അറസ്റ്റു ചെയ്തു. രണ്ടു മാസം ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങി. അതിനു ശേഷമാണ് കരുതല്‍ തടങ്കല്‍ നിയമം ചുമത്തിയത്. അതറിഞ്ഞു 2014 ഫെബ്രുവരിയില്‍ ഷഹബാസ് മുങ്ങുകയായിരുന്നു. ഈ സംഘത്തിലെ പ്രധാനികളാണ് അബ്ദുല്‍ ലൈസും കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി നബീലും. ഇവരുടെ പേരില്‍ കരുതല്‍ തടങ്കല്‍ നിയമപ്രകാരം ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

പിടികിട്ടാപ്പുള്ളിയായ അബുലൈസിനൊപ്പം ഇടതു എംഎല്‍എമാരായ കാരാട്ട് റസാഖും പി.ടി.എ. റഹീമും നില്‍ക്കുന്ന ചിത്രം പുറത്തു വന്നതു വിവാദമായിരുന്നു. ദുബായിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഓഫിസ് ഉദ്ഘാടനച്ചടങ്ങിലാണ് ഇവര്‍ പങ്കെടുത്തത്. അബുലൈസ് തന്റെ ബന്ധുവാണെന്നും ഒപ്പം ചിത്രമെടുക്കുന്നതില്‍ തെറ്റില്ലെന്നുമാണ് ഇക്കാര്യത്തില്‍ പി.ടി.എ. റഹീം പ്രതികരിച്ചത്. അബുലൈസിന്റെ പേരില്‍ തിരിച്ചറിയല്‍ നോട്ടിസ് ഉണ്ടെന്ന് അറിയാമായിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ പൊലീസിനു പിടിച്ചുകൊടുക്കേണ്ടതു തന്റെ ജോലിയല്ലെന്നും റഹീം പറഞ്ഞു. സമ്മതിദായകനായ ഒരാള്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നതു തെറ്റല്ലെന്നും ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് അറിയാമെന്നുമായിരുന്നു കാരാട്ട് റസാഖിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button