Latest NewsNewsBusiness

പ്രവാസികള്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍

 

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കാലാകാലങ്ങളില്‍പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായാണു പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച നിബന്ധനകള്‍. തീര്‍ച്ചപ്പെടുത്താനാവാത്ത കാലത്തേക്കു ജോലിചെയ്യുന്നതിനും വ്യാപാരാവശ്യങ്ങള്‍ക്കും വിദേശരാജ്യങ്ങളില്‍ പോയി താമസിക്കുന്നവരെയാണു പ്രധാനമായും പ്രവാസികളായി കണക്കാക്കുക. ഒരു സാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ച്ചയായോ ഇടവിട്ടോ 182 ദിവസത്തില്‍ താഴെ മാത്രം ഇന്ത്യയില്‍ താമസിച്ചിരുന്നവരെ തൊട്ടടുത്തവര്‍ഷം പ്രവാസിയായി കണക്കാക്കും.

നോണ്‍ റസിഡന്റ് എക്സ്റ്റേണല്‍ അഥവാ എന്‍ആര്‍ഇ അക്കൗണ്ട്, നോണ്‍ റസിഡന്റ് ഓര്‍ഡിനറി അഥവാ എന്‍ആര്‍ഒ അക്കൗണ്ട് എന്നിവയാണു പ്രവാസികള്‍ക്ക് ഇന്ത്യയില്‍ തുടങ്ങാവുന്ന അടിസ്ഥാന ബാങ്ക് അക്കൗണ്ടുകള്‍. അച്ഛന്‍, അമ്മ, ഭാര്യ തുടങ്ങി നാട്ടില്‍ താമസിക്കുന്ന അടുത്ത ബന്ധുക്കളുടെ പേരില്‍ തുടങ്ങുന്ന ബാങ്ക് അക്കൗണ്ടുകളില്‍ പ്രവാസികളുടെ പേരുകൂടി ചേര്‍ക്കുന്നതിന് ഇപ്പോള്‍ അനുവദിക്കുന്നുണ്ട്.

എന്‍ആര്‍ഇ അക്കൗണ്ടുകള്‍

പ്രവാസികളായ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇന്ത്യയില്‍ തുടങ്ങാവുന്നതും ഇന്ത്യന്‍ രൂപയില്‍ നിലനിര്‍ത്തുന്നതുമായ അടിസ്ഥാന സേവിങ്‌സ് സ്ഥിര നിക്ഷേപങ്ങളാണ് എന്‍ആര്‍ഇ അക്കൗണ്ടുകള്‍. വിദേശത്തു വരുമാനമായി കിട്ടുന്ന അംഗീകൃത കറന്‍സികളില്‍ എന്‍ആര്‍ഇ അക്കൗണ്ടിലേയ്ക്കു നേരിട്ടു പണം അയയ്ക്കാം. അവധിക്കും മറ്റും ഇന്ത്യയില്‍ എത്തുമ്പോള്‍ വിദേശനാണയമായും ട്രാവലേഴ്സ് ചെക്കായും കൈയ്യില്‍ കൊണ്ടുവരുന്ന തുകയും എന്‍ആര്‍ഇ അക്കൗണ്ടില്‍ വരവുവച്ചു നല്‍കും.

ഇന്ത്യയിലുള്ള എന്‍ആര്‍ഇ

അക്കൗണ്ടുകളില്‍ നിന്നോ നോണ്‍ റസിഡന്റ് ഫോറിന്‍ കറന്‍സി അക്കൗണ്ടുകളില്‍നിന്നോ പണം മറ്റ് എന്‍ആര്‍ഇ അക്കൗണ്ടുകളിലേക്കു മാറ്റുകയുമാകാം. നിക്ഷേപങ്ങള്‍ക്കു പലിശ ലഭിക്കുമെങ്കിലും ആദായനികുതി നല്‍കേണ്ടതില്ല. അക്കൗണ്ടില്‍ ഇന്ത്യന്‍ രൂപ അടയ്ക്കാന്‍ സാധിക്കില്ലെങ്കിലും അക്കൗണ്ടില്‍ ബാക്കി നില്‍ക്കുന്ന നിക്ഷേപവും പലിശയും എപ്പോള്‍ വേണമെങ്കിലും വിദേശത്തേക്കു പിന്‍വലിക്കാം. നാട്ടില്‍ താമസിക്കുന്ന അടുത്ത ബന്ധുക്കളില്‍ ഒരാളെ അക്കൗണ്ടില്‍ ചേര്‍ക്കാമെങ്കിലും ഇന്ത്യയില്‍ നടത്തുന്ന ഇടപാടുകള്‍ നടത്തുന്നതിനു മാത്രമേ അവര്‍ക്ക് ബാങ്കുകള്‍ എടുക്കുന്ന പവര്‍ ഓഫ് അറ്റോര്‍ണി വഴി അധികാരമുള്ളൂ.

എന്‍ആര്‍ഒ അക്കൗണ്ടുകള്‍

വിദേശത്തേക്കു താമസം മാറ്റുന്നതിനു മുന്‍പായി ഇന്ത്യയില്‍ നിലവിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ നോണ്‍ റസിഡന്റ് ഓര്‍ഡിനറി അഥവാ എന്‍ആര്‍ഒ അക്കൗണ്ടുകളായി മാറ്റണം. സേവിങ്‌സ് അക്കൗണ്ടായും സ്ഥിര നിക്ഷേപമായും തുടങ്ങാവുന്ന എന്‍ആര്‍ഒ. അക്കൗണ്ടുകളും ഇന്ത്യന്‍ രൂപയിലാണു നിലനിര്‍ത്തുന്നത്. ഇന്ത്യയില്‍നിന്നു വിവിധ മാര്‍ഗങ്ങളിലൂടെ പ്രവാസികള്‍ക്കു ലഭിക്കുന്ന വാടക തുടങ്ങി ഇന്ത്യന്‍ രൂപയില്‍ ലഭിക്കുന്ന തുകകള്‍ എന്‍ആര്‍ഒ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാം.

എന്‍ആര്‍ഒ അക്കൗണ്ടുകളില്‍ ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി നല്‍കണം. ഇന്ത്യയിലെ ചെലവുകള്‍ക്കു പണം യഥേഷ്ടം പിന്‍വലിക്കാമെങ്കിലും നിയന്ത്രണങ്ങള്‍ക്കു വിധേയമായി വ്യക്തിഗത ആവശ്യങ്ങള്‍ക്കായി വിദേശത്തു പിന്‍വലിച്ചു കൊണ്ടുപോകാവുന്ന തുക 10 ലക്ഷം യുഎസ് ഡോളറിനു തുല്യമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഇന്ത്യയില്‍നിന്നു പ്രവാസിക്കു ലഭിച്ച വരുമാനങ്ങള്‍ക്ക് ആദായ നികുതി നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഇത് അനുവദിക്കൂ

ഫോറിന്‍ കറന്‍സി നോണ്‍ റസിഡന്റ് അക്കൗണ്ടുകള്‍

എഫ്‌സിഎന്‍ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫോറിന്‍ കറന്‍സി നോണ്‍ റസിഡന്റ് അക്കൗണ്ടുകള്‍ വിദേശ കറന്‍സികളില്‍ തുടങ്ങാവുന്ന സ്ഥിരനിക്ഷേപങ്ങളാണ്. യുഎസ് ഡോളര്‍, പൗണ്ട് സ്റ്റെര്‍ലിങ്, യുറോ, ജാപ്പനീസ്, ഓസ്ട്രേലിയന്‍ ഡോളര്‍, കനേഡിയന്‍ ഡോളര്‍ എന്നിങ്ങനെ ആറു വിദേശ കറന്‍സികളില്‍ 12 മുതല്‍ 60 മാസം വരെയുള്ള നിക്ഷേപങ്ങള്‍ തുടങ്ങാം. വിദേശത്തുനിന്നു നേടിയ പണമാണ് അക്കൗണ്ടില്‍ സ്വീകരിക്കുക. നിക്ഷേപത്തിലെ മുതലും പലിശയും പൂര്‍ണമായും വിദേശത്തേക്കു പിന്‍വലിക്കാം. നിക്ഷേപത്തുകയ്ക്കും പലിശയ്ക്കും ആദായ നികുതി നല്‍കേണ്ടതില്ല.

റസിഡന്റ് ഫോറിന്‍ കറന്‍സി അക്കൗണ്ട്

ഇന്ത്യയിലേയ്ക്കു തിരിച്ചു വന്നു താമസിക്കുന്ന പ്രവാസികള്‍ക്കു തങ്ങളുടെ വിദേശത്തെ സമ്പാദ്യം വിദേശ നാണയമായിത്തന്നെ സൂക്ഷിക്കാവുന്നവയാണ് റസിഡന്റ് ഫോറിന്‍ കറന്‍സി അക്കൗണ്ടുകള്‍. നിക്ഷേപങ്ങള്‍ക്കും പലിശയ്ക്കും ആദായ നികുതി നല്‍കേണ്ടെന്നു മാത്രമല്ല 7 വര്‍ഷം വരെ വെല്‍ത്ത് ടാക്സും ഒഴിവാക്കിയിട്ടുണ്ട്. പില്‍ക്കാലത്തു വിദേശത്തേക്കു മടങ്ങുമ്പോള്‍ അക്കൗണ്ടില്‍ ബാക്കി നില്‍ക്കുന്ന തുക എന്‍ആര്‍ഇ, എഫ്‌സിഎന്‍ആര്‍ തുടങ്ങിയ അക്കൗണ്ടുകളിലേക്കു മാറ്റാവുന്നതുമാണ്.

നാട്ടിലുള്ളവരുടെ അക്കൗണ്ടില്‍ പേരു ചേര്‍ക്കാം

നേരത്തേതന്നെ നാട്ടിലുള്ള അടുത്ത ബന്ധുക്കളുടെ സാധാരണ അക്കൗണ്ടുകളില്‍, അക്കൗണ്ടുടമയുടെ മരണശേഷം മാത്രം അധികാരം ലഭിക്കുന്ന രീതിയില്‍ അവസാന പേരുകാരനായി ഫോര്‍മര്‍ ഓര്‍ സര്‍വൈവര്‍ എന്ന രീതിയില്‍ മാത്രമായിരുന്നു പ്രവാസികളുടെ പേരു ചേര്‍ക്കാമായിരുന്നത്. ഇപ്പോള്‍ അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നതിനുള്‍പ്പെടെ അധികാരം ലഭിക്കുന്ന എയ്തര്‍ ഓര്‍ സര്‍വൈവര്‍ എന്ന രീതിയില്‍ നാട്ടിലുള്ളവരുടെ അക്കൗണ്ടുകളില്‍ പ്രവാസിയുടെ പേരും ചേര്‍ക്കാം. പ്രായമായ അച്ഛനമ്മമാര്‍, അടുത്ത ബന്ധുക്കള്‍, ജീവിതപങ്കാളി തുടങ്ങിയവരുടെ പേരിലുള്ള അക്കൗണ്ടുകളില്‍ പ്രവാസികള്‍ക്കും പേരു ചേര്‍ക്കാമെന്നായതോടെ പിന്‍തുടര്‍ച്ചവകാശം ഉള്‍പ്പെടെ പല നിയമ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button