Uncategorized

ദേശവിരുദ്ധ വര്‍ഗീയ തീവ്രവാദ ശക്തികള്‍ ചുറ്റും വളഞ്ഞിരിക്കുന്നുവെന്ന സത്യം കേരള സര്‍ക്കാര്‍ തിരിച്ചറിയുക; കേന്ദ്ര സര്‍ക്കാരിന്റെ ശക്തവും വ്യക്തവുമായ നിലപാടുകള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കേണ്ടുന്ന ആവശ്യകത വ്യക്തമാക്കുന്ന കെ.വി.എസ് ഹരിദാസിന്റെ പഠനാര്‍ഹമായ ലേഖനം

ഒരു വശത്ത് കൊടും ഭീകരവാദം, അതിനൊപ്പം സമൂഹത്തിൽ അന്ത:ഛിദ്രം ഉണ്ടാക്കാനുള്ള കർമ്മ പദ്ധതികൾ ……… ഇതിനെല്ലാമിടയിൽ രാജ്യത്തിന്റെ വികസനം തടസപ്പെടുത്താനും മറ്റുമുള്ള ആസൂത്രിത നീക്കങ്ങൾ. കേരളം ഇന്നിപ്പോഴിതൊക്കെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇത് ചെറിയ പ്രശ്നമല്ല, നിസാര കാര്യമല്ല. സൂചിപ്പിച്ചത്, പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ അല്ലെങ്കിൽ ഒത്താശയോടെ നടക്കുന്ന ചില കാര്യങ്ങളാണ്. വിവിധ മത വിശ്വാസികളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവിധത്തിലുള്ള വഴിവിട്ടുള്ള മതം മാറ്റങ്ങൾ, ഭീകര താവളങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റുകൾ, എൽഎൻജി – ഗെയ്‌ൽ പൈപ്പ്‌ലൈൻ പദ്ധതി, ദേശീയ പാതാവികസനം എന്നിവക്കെതിരെയുള്ള ആസൂത്രിത നീക്കങ്ങൾ …………. ഇതൊക്കെ സംശയലേശമന്യേ ഈയിടെ വ്യക്തമായിക്കഴിഞ്ഞു. കേരള സർക്കാർ മനസ് തുറന്നുവെച്ചുകൊണ്ട്, രാജ്യതാല്പര്യം കണക്കിലെടുത്തുകൊണ്ട് മുന്നോട്ട് നീങ്ങേണ്ടതായ സമയമാണിത് ; കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന ശക്തവും വ്യക്തവുമായ നിലപാടുകൾക്ക് പിന്തുണ നൽകേണ്ടുന്ന സമയവുമാണിത്. ഇവിടെ കേരള സർക്കാർ വേണ്ടതുപോലെ ഇടപെടാൻ ഇനിയും മടിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകാനിടയുണ്ട് എന്നതും ഓർമ്മിക്കേണ്ടതുണ്ട്.

കേരളത്തിലെ ദേശീയപാതയുടെ വികസനം ചർച്ചയായിട്ട്‌ എത്രയോ വർഷങ്ങളായി. വിഎസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലഘട്ടത്തിലാണ് ദേശീയപാതാ അധികൃതരുമായി 45 മീറ്ററിൽ റോഡ് നിർമ്മിക്കാൻ ധാരണയുമുണ്ടാക്കി. എന്നാൽ ദശാബ്ദം ഒന്ന് പിന്നിട്ടെങ്കിലും യാതൊന്നും നടന്നില്ല. ഒരിഞ്ച് പുതിയ റോഡ് നിർമ്മിക്കാൻ കഴിഞ്ഞില്ല എന്നതാണ് വസ്തുത. ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ അവസാനകാലത്ത് നരേന്ദ്ര മോഡി സർക്കാർ കേരളത്തിലെ ദേശീയപാതാ വികസനത്തിനായി വാഗ്ദാനം ചെയ്തത് 35,000 കോടി രൂപയാണ്. പണം നൽകുമെന്ന കേന്ദ്ര വാഗ്ദാനം കേട്ട് സന്തോഷം പൂണ്ടെങ്കിലും ഉമ്മൻചാണ്ടിക്കും ഒന്നും ചെയ്യാനായില്ല. എൽഎൻജി പൈപ്പലൈനിന്റെ കാര്യത്തിലും യുഡിഎഫ് സർക്കാരിന് യാതൊന്നും ചെയ്തു കാണിച്ചുകൊടുക്കാനായില്ല. എഫ് എ സിടി -യുടെ സാമ്പത്തിക പ്രശ്നവുമായി ചെന്നപ്പോൾ നരേന്ദ്ര മോഡി ഉമ്മൻ ചാണ്ടിയോട് ചോദിച്ചത് ” എന്തുകൊണ്ടാണ് നിങ്ങൾ എൽഎൻജി പ്രയോജനപ്പെടുത്തത് ” എന്നാണ് . അവിടെയും ഉമ്മൻ ചാണ്ടി സർക്കാറിന് യാതൊന്നും ചെയ്യാനായില്ല.

പിന്നീട് പിണറായി സർക്കാർ അധികാരത്തിലേറിയ സമയത്തും അതെ വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ ആവർത്തിച്ചു . ” എൽഎൻജി പദ്ധതി പൂർത്തിയാക്കൂ; ദേശീയപാതക്കായി നിങ്ങൾ സ്ഥലം ഏറ്റെടുക്കൂ…… ; ഒന്നിച്ചുവേണ്ട, കിട്ടാവുന്നിടത്തോളം ആദ്യമെടുക്കൂ ………. നിർമ്മാണം തുടങ്ങാം. 35,000 കോടിയാണ് നിങ്ങൾക്കായി നീക്കിവെച്ചത് ….”. നരേന്ദ്ര മോദിയും നിതിൻ ഗഡ്കരിയും പറഞ്ഞു. ഇവിടെ കണ്ട ഒരു മാറ്റം, “വികസനത്തിനായി ജനങ്ങൾ കുറച്ചൊക്കെ പ്രയാസമനുഭവിക്കാൻ തയ്യാറാവേണ്ടിവരും” എന്ന പിണറായിയുടെ വാക്കുകളാണ്. അവിടെയും ഇത്തരം തടസപ്പെടുത്തലുകൾക്ക് നേതൃത്വമേകുന്നത് ചില വിധ്വംസക -ദേശവിരുദ്ധ ഗ്രൂപ്പുകളാണ് എന്നത് തുറന്ന് പറയാൻ മുഖ്യമന്ത്രിക്കായില്ല. ഇന്നിപ്പോഴവർ തലയുയർത്തിനിന്ന് ആടുന്നു. സർക്കാരിനും പോലീസിനും നേരെ എന്തിനും ഏതിനും തയ്യാറാവുന്നു. അപ്പോഴും കോടിയേരി ബാലകൃഷ്ണനെപ്പോലുള്ള മുതിർന്ന സിപിഎം നേതാക്കൾ പറയുന്നത് ” ജനങ്ങൾ തെറ്റിദ്ധരിച്ചതാണ്” എന്നാണ്. വികസനം അട്ടിമറിക്കാനുള്ള ഗൂഢപദ്ധതിയാണിത് എന്നും അതിനുപിന്നിലുള്ളത് ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയവരാണ് എന്നും കൊടിയേരിക്കൊ മുഖ്യമന്ത്രിക്കോ തിരിച്ചറിയാനാവുന്നില്ല എന്നതാണ് പ്രധാനം.

ഇന്ത്യയിലെ ദേശീയപാതകളുടെ അവസ്ഥയെന്ന് ചിന്തിച്ചുനോക്കൂ, എത്രവേഗത്തിലാണ് അതിന്റെ വികസനം നടക്കുന്നത്. ഈ വർഷത്തിൽ പ്രതിദിനം ഏതാണ്ട് 26. 6 കിലോമീറ്റർ റോഡാണ് നിർമ്മിക്കുന്നത്. കഴിഞ്ഞവർഷം അത് 19. 26 കിലോമീറ്ററായിരുന്നു. പ്രതിദിനം 30 കിലോമീറ്റർ ദേശീയപാത എന്നമട്ടിലേക്ക് കാര്യങ്ങളെത്തണം എന്നതാണ് സർക്കാരിന്റെ പദ്ധതി. ഗ്രാമീണ റോഡുകളുടെ വികസനത്തിന്റെ കാര്യത്തിലും കാര്യങ്ങൾ മുൻപെന്നത്തേക്കാൾ വേഗത്തിലാണ്. ഇവിടെയും കേരളം ആവശ്യപ്പെട്ടതൊക്കെ അനുവദിച്ചുവെങ്കിലും പദ്ധതി വിചാരിച്ചതുപോലെ മുന്നോട്ട്പോകുന്നില്ല. ആലോചിച്ചുനോക്കൂ, ദിവസേന ഏതാണ്ട് 25- 26 കിലോമീറ്റർ റോഡ്…… കേരളത്തിൽ അതിന്റെ ഒരു ലക്ഷണവുമില്ല. കേരളത്തിന് അത് അനുഭവേദ്യമാവുന്നില്ല. യഥാർഥത്തിൽ രാഷ്ട്രത്തിന്റെ വികസന അജണ്ടയിൽ നിന്നും കേരളം പിന്തള്ളപ്പെടുകയല്ലേ ചെയ്യുന്നത് . 35,000 കോടി രൂപ കേരളത്തിലെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത്രയും പണമെത്തിയാൽ കേരളത്തിലുണ്ടാവുന്ന മാറ്റമൊന്ന് ആലോചിച്ചുനോക്കൂ. രാജ്യത്തിൻറെ മുഴുവൻ കാര്യമാണ്, ശരിതന്നെ. അതിനപ്പുറം എന്തിനുമേതിനും വിഷമിക്കുന്ന കേരളത്തിന് അത് എത്രമാത്രം സഹായകരമാവുമായിരുന്നു?. ഈ വലിയ നഷ്ടത്തിന് ആരാണ് ഉത്തരവാദി……?. ശരിയാണ്, ഒരർഥത്തിൽ അത് സംസ്ഥാന സർക്കാരാണ്. എന്നാൽ അവർ എന്തുകൊണ്ട് കാര്യങ്ങൾ വേണ്ടവിധം ചെയ്യുന്നില്ല?. അവിടെയാണ് ദേശവിരുദ്ധമെന്ന് കരുതാൻ നിര്ബന്ധിതമാവുന്ന ചില ശക്തികളെ മറികടക്കാൻ സംസ്ഥാന ഭരണകൂടങ്ങൾക്ക് കഴിയാതെ പോവൂന്നകാര്യം ചൂണ്ടിക്കാണിക്കേണ്ടിവരുന്നത്. പോപ്പുലർ ഫ്രണ്ടിനും എൻഡിഎഫിനും മറ്റും തലയുയർത്തിനിൽക്കാൻ അനുയോജ്യമായ നിലപാടുകളെടുക്കുന്ന ഭരണകൂടങ്ങളെ കാണേണ്ടിവരുന്നത്.

മുൻപ് നരേന്ദ്രമോദി സർക്കാർ ഭൂമിയേറ്റെടുക്കൽ നിയമവുമായി എത്തിയപ്പോൾ തെരുവിലിറങ്ങിയവരെ മറക്കാനാവില്ലല്ലോ. രാജ്യത്തിന്റെ വികസനക്കുതിപ്പിന് ആ നീക്കം സഹായകരമാവും എന്നും മോഡി നേട്ടമുണ്ടാകും എന്നതുമാണ് പ്രതിപക്ഷത്തെ അന്ന് എതിർക്കാൻ പ്രേരിപ്പിച്ചത് എന്നതാർക്കാണ് അറിയാത്തത്. സ്വന്തം സഹോദരി ഭർത്താവ് ഹരിയാനയിലും ഡൽഹിയിലും രാജസ്ഥാനിലുമൊക്കെ നിയമം ലംഘിച്ചുകൊണ്ട് കൃഷി ഭൂമി വിലകുറച്ച് ഏറ്റെടുത്തുകൊണ്ട് കോടികൾ സമ്പാദിച്ചപ്പോൾ കാണാതിരുന്ന രാഹുൽ ഗാന്ധിമാർ മോഡി സർക്കാരിനെതിരെ തെരുവിലിറങ്ങിയത് മറക്കാനാവില്ലല്ലോ. അവിടെ രാഹുലിനും യെച്ചൂരിക്കുമൊക്കെ ഒരേ നിലപാടായിരുന്നു. എന്നാൽ അന്ന് മോദിയെ എതിർത്തവർ അധികാരത്തിലേറിയപ്പോൾ റോഡുണ്ടാക്കാൻ ഒരു സെന്റ് ഭൂമിഏറ്റെടുക്കാനാവാതെ നട്ടം തിരിയുകയാണിപ്പോൾ. അന്ന് മോദിയെ തളർത്തലായിരുന്നു ലക്ഷ്യമെങ്കിൽ ഇന്ന് അതൊക്കെ തിരിച്ചടിക്കുന്നു എന്നതാണ് സ്ഥിതി. ഇവിടെ പക്ഷെ കാണാതെ പൊയ്ക്കൂടാത്ത കാര്യം, പോപ്പുലർ ഫ്രണ്ടിന്റെയും എൻഡിഎഫിന്റെയും പ്രശ്നം സ്ഥലം ഏറ്റെടുക്കുമ്പോൾ കർഷകനും സാധാരണക്കാരനും ഉണ്ടാവുന്ന വിഷമങ്ങളല്ല എന്നതാണ്‌ . അതായിരുന്നുവെങ്കിൽ യെച്ചൂരിമാർക്കും രാഹുൽ ഗാന്ധിമാർക്കും ന്യായീകരിക്കാൻ ശ്രമിക്കാമായിരുന്നു. ഇവിടെ സ്ഥലമേറ്റെടുത്തല്ലല്ലോ എൽഎൻജി പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നത്. അത് പോകുന്നത് ഏതാണ്ട് ഒന്നര മുതൽ 1 . 70 മീറ്റർ വരെ ആഴത്തിലാണ്. അത് വീടുകളെ കുറച്ചേ ബാധിക്കുന്നുള്ളൂ….. ഒരു വിധത്തിലുള്ള സുരക്ഷാ പ്രശ്നവുമില്ല. അത് കടന്നുപോകാൻ അനുവദിക്കുന്ന സ്ഥലയുടമക്ക് മോശമല്ലാത്ത തുക ലഭിക്കുന്നുമുണ്ട്. എന്നിട്ടും എതിർക്കുന്നത് മറ്റ് ചില താല്പര്യങ്ങൾ കൊണ്ടാണ്. ഒരു പ്രത്യേക വിഭാഗക്കാർ പാർക്കുന്നിടത്ത് മാത്രം വലിയ എതിർപ്പുണ്ടാവുന്നതും അതിന്‌ പിന്നിൽ ഞാൻ നേരത്തെ സൂചിപ്പിച്ച സംഘടനകൾ ഉണ്ടാവുന്നതും കൂട്ടിവായിക്കേണ്ടതുമുണ്ട്. പിഞ്ചു കുട്ടികൾക്ക് കുത്തിവെപ്പിന് സർക്കാർ തയ്യാറായപ്പോൾ എതിർത്തവരും സമാന സംഘക്കാർ തന്നെ. അതിനെ ദേശവിരുദ്ധ ചിന്ത എന്ന് പേരിട്ട് വിളിക്കാൻ ചിലരെങ്കിലും നിര്ബന്ധിതമാവുമ്പോൾ ശരിവെക്കാൻ കഴിയാതെവരുന്നത് അതുകൊണ്ടാണ് .

എൽഎൻജി പദ്ധതി നടപ്പിലായാൽ കേരള സർക്കാരിന് കോടികളാണ് ലഭിക്കുക, നികുതിവകയിൽ. കൊച്ചിയിലേതിനോപ്പമാണ് ഗുജറാത്തിലെ ദഹേജ് ടെർമിനലും നിർമ്മിച്ചത്. അവിടെ കാര്യങ്ങൾ വേണ്ടതുപോലെ നടന്നു. 102 ശതമാനമാണ് അവരുടെ എൽഎൻജി ഉപയോഗം. കൊച്ചിയിൽ അതേസമയം അത് ഇപ്പോഴും വെറും പത്ത് ശതമാനത്തോളം. കൊച്ചി പദ്ധതി 450 കോടിയോളം നഷ്ടത്തിലാകുമ്പോൾ ദഹേജ് പദ്ധതിയിലൂടെ 2015 -ൽ ഗുജറാത്ത് സർക്കാരിന് നികുതിവകയിൽ ലഭിച്ചത് 4,000 കോടിരൂപയാണ്. കൊച്ചി -മംഗലാപുരം , കൊച്ചി -ബാംഗ്ലൂർ പൈപ്പലൈനുകൾ പൂർത്തിയായാൽ കേരളത്തിനും ഇത്തരത്തിൽ കോടികൾ ലഭിക്കും. അതാണിവിടെ തുരങ്കം വെക്കപ്പെടുന്നത് എന്നത് കേരളം കാണാതെ പോകരുത് എന്നെ ചൂണ്ടിക്കാണിക്കാനുള്ളൂ. ഇത് പിണറായി വിജയൻ മനസിലാക്കാത്തതല്ല. മുഖ്യമന്ത്രിയായശേഷം ആദ്യമായി ഡൽഹിയിൽ കാണാനെത്തിയപ്പോൾ നരേന്ദ്ര മോഡി ഓർമ്മിപ്പിച്ചതാണിത്. ഗുജറാത്തിൽ അതിലൂടെ നേട്ടമുണ്ടായത് മോഡിക്കറിയാം. പക്ഷേ ഈ കോടികൾ കേരളത്തിന്റെ ഖജനാവിലെത്തണമെങ്കിൽ ഇന്നിപ്പോൾ വികസനത്തെ തകർക്കാൻ ശ്രമിക്കുന്ന ദേഹശവിരുദ്ധ ശക്തികളെ പിണറായി സർക്കാർ വേണ്ടപോലെ കൈകാര്യം ചെയ്യണം. അവിടെ മതന്യൂനപക്ഷമായല്ല മറിച്ച്‌ വികസന പദ്ധതികൾ അട്ടിമറിക്കുന്ന, ദേശത്തിന് ഗുണകരമാവുന്ന നീക്കങ്ങൾക്ക് തുരങ്കം വെക്കുന്ന ശക്തികളായേ അവരെയൊക്കെ സർക്കാരും പാർട്ടിയും കാണാവൂ……. ഈ തിരിച്ചറിവാണ് പിണറായിക്കും സംസ്ഥാന സർക്കാരിനും ഇന്നും ഇല്ലാതെ പോകുന്നത്. അത് ഉണ്ടാവും എന്ന് എനിക്ക് ഇപ്പോഴും തോന്നുന്നില്ല. കാരണം ഐഎസ് റിക്രൂട്ട്മെന്റിന്റെ പേരിലും മറ്റും പോപ്പുലർ ഫ്രെണ്ടിനെതിരെ നടപടിക്ക് കേന്ദ്രം നീങ്ങുന്നു എന്ന് വാർത്തവന്നപ്പോൾ പരസ്യമായി എതിർക്കാൻ തയ്യാറായ ഒരേഒരു നേതാവ് മുഖ്യമന്ത്രിയുടെ പാർട്ടിയുടെ സെക്രട്ടറിയായ കോടിയേരിയാണ് എന്നതുതന്നെ. അവരുടെ ആ നിക്ഷിപ്ത രാഷ്ട്രീയ നിലപാടുകളുടെ ഫലങ്ങളാണ് കേരളം അനുഭവിക്കുന്നത് എന്നത് ചൂണ്ടിക്കാണിക്കാതെ വയ്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button