KeralaLatest NewsNews

വെള്ള ഷൂവിന് പകരം കറുത്ത ഷൂ : വിദ്യാര്‍ത്ഥിനിക്ക് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം

 

തിരുവനന്തപുരം : വെള്ളനിറത്തിലുള്ള ഷൂവിനു പകരം കറുത്ത ഷൂ ധരിച്ച് സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിനിയെ അധ്യാപിക ക്രൂരമായി അടിച്ചതായി പരാതി. വെള്ളനാട് സ്വകാര്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബുധനാഴ്ച രാവിലെയാണു സംഭവം.

പ്ലസ്ടു രണ്ടാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനി ജി.എസ്.അര്‍ച്ചനയ്ക്കാണ് അധ്യാപികയുടെ മര്‍ദ്ദനം നേരിടേണ്ടി വന്നത്. കുട്ടിയുടെ കയ്യിലും കാലിലും തലയുടെ പിറകിലുമാണ് അടിയേറ്റതെന്നാണ് പരാതി. വെള്ള നിറമുള്ള ഷൂവിനു പകരം കറുത്തതു ധരിച്ചതാണ് അധ്യാപികയെ പ്രകോപിച്ചതെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ വെള്ള ഷൂ കേടായെന്ന് കുട്ടി അധ്യാപികയെ അറിയിച്ചുവെങ്കിലും അവര്‍ അത് കേട്ടതായി പോലും ഭാവിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തിനിടെ കുട്ടിക്കു ദേഹാസ്യാസ്ഥ്യം അനുഭവപ്പെട്ടതായും മറ്റൊരു വിദ്യാര്‍ഥിയാണു തന്നെ വിവരം അറിയിച്ചതെന്നും പിതാവ് എസ്.സുരേന്ദ്രന്‍ പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ കയ്യിലും കാലിലും അടിയുടെ പാടുണ്ട്. ഒടുവില്‍ ബന്ധുവെത്തിയാണ് കുട്ടിയെ സ്‌കൂളില്‍ നിന്നു കൂട്ടിക്കൊണ്ടുപോയത്.

തുടര്‍ന്നു നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടി. നെടുമങ്ങാട് ഡിവൈഎസ്പിക്കു വിദ്യാര്‍ഥിനിയുടെ പിതാവാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. മുന്‍പ് ഇത്തരം സംഭവമുണ്ടായപ്പോള്‍ സ്‌കൂളിലെത്തി ഇനി ഇത് ആവര്‍ത്തിക്കരുതെന്ന് സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം യൂണിഫോം ധരിക്കാത്തതിന് മറ്റു കുട്ടികള്‍ക്കൊപ്പം അര്‍ച്ചനയെയും കയ്യില്‍ മാത്രം അടിച്ചതല്ലാതെ പരാതിയില്‍ പറയുന്നതുപോലെ ക്രൂരമായി മര്‍ദിച്ചിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button