KeralaLatest NewsNews

പിങ്ക് റേഷൻകാർഡുകാർക്ക് ഇനി സൗജന്യ ധാന്യമില്ല

തിരുവനന്തപുരം:പിങ്ക് റേഷൻകാർഡുകാർക്ക് ഇനി സൗജന്യ ധാന്യമില്ല. റേഷൻ വ്യാപാരികൾക്കു ശമ്പള പാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിലെ (പിങ്ക് കാർഡ്) 29.06 ലക്ഷം കുടുംബങ്ങളിലെ ഓരോ അംഗത്തിനും നാലു കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി നൽകുന്നതു നിർത്തലാക്കും. ഇവർ ഇനി കിലോഗ്രാമിന് ഒരു രൂപ വീതം നൽകണം.

എന്നാൽ എഎവൈ (മഞ്ഞ കാർഡ്) വിഭാഗത്തിലുള്ളവർക്ക് മാസം 28 കിലോഗ്രാം അരിയും ഏഴു കിലോഗ്രാം ഗോതമ്പും സൗജന്യമായി നൽകുന്നതു തുടരും. ഇതിൽ 5.95 ലക്ഷം കുടുംബങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. മുൻഗണനേതര വിഭാഗത്തിൽ സബ്സിഡിക്ക് അർഹരായ (നീല കാർഡ്) 29.35 ലക്ഷം കുടുംബങ്ങളിലെ ഒരു അംഗത്തിനു രണ്ടു കിലോ അരിയും ഒരു കിലോ ഗോതമ്പിനും രണ്ടു രൂപ വീതം ഈടാക്കിയാണു നൽകിയിരുന്നത്. ഇവരും കിലോയ്ക്കു ഒരു രൂപ അധികം നൽകണം. സബ്സിഡിയില്ലാത്ത മുൻഗണനേതര വിഭാഗത്തിലെ (വെള്ള കാർഡ്) 15.80 ലക്ഷം കുടുംബങ്ങൾക്കു രണ്ടു കിലോ അരി 8.90 രൂപയ്ക്കാണു നൽകുന്നത്. ഇനി 9.90 രൂപയാകും.

ശമ്പള പാക്കേജ് ഭക്ഷ്യധാന്യങ്ങൾ വിൽക്കുന്നതിന്റെ അളവു കണക്കാക്കി സ്ലാബുകളായി തിരിച്ചാകും നടപ്പാക്കുക. 220 രൂപയാണു ഒരു ക്വിന്റലിന് കമ്മിഷൻ. ആകെ 14335 റേഷൻ കടകളാണുള്ളത്. ഇതിൽ 2591 കടകൾ 45 ക്വിന്റൽവരെ ഭക്ഷ്യധാന്യങ്ങൾ വിൽക്കുന്നുണ്ട്. ഇവർക്കു കമ്മിഷനു പുറമെ 6600 രൂപ സഹായധനമായി നൽകും.

shortlink

Post Your Comments


Back to top button