Latest NewsKeralaNews

സൗദിയിലുള്ള സുകുമാര കുറുപ്പിനെ പിടിയ്ക്കാന്‍ ഏറെ പണിപെടേണ്ടി വരും : അതിന് കാരണം വ്യക്തമാക്കി പൊലീസ്

 

പത്തനംതിട്ട: കേരളം കണ്ട ഏറ്റവും വലിയ കൊലപാതക കേസ് പ്രതി സുകുമാരക്കുറുപ്പ് സൗദിയില്‍ ഉണ്ടെന്ന് വ്യക്തമായെങ്കിലും പഴയ കാലത്തെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ മാത്രമാണ് പൊലീസിന്റെ പക്കലുള്ളത്. ഇത് വെച്ച് ആളെ കണ്ടുപിടിയ്ക്കുന്നത് പൊലീസിന് ശ്രമകരമായ ദൗത്യമാണ്. വിരലടയാളമോ മറ്റ് വിലപ്പെട്ട ആധികാരിക രേഖകളോ പൊലീസിന്റെ കൈവശം ഇല്ലാത്തതിനാല്‍ സുകുമാര കുറുപ്പിനെ കണ്ടുപിടിയ്ക്കാന്‍ ഏറെ പണിപ്പെടേണ്ടി വരും.

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടി രൂപസാദൃശ്യമുള്ള ഒരാളെ കൊന്നുകത്തിച്ചെന്ന കേസില്‍ പ്രതിയായ കുറുപ്പിനെ പിന്നീടു കണ്ടവരില്ല. കുറുപ്പ് സൗദിയിലെ മദീനയിലുണ്ടെന്നു വ്യക്തമായ വിവരം കിട്ടിയെങ്കിലും തിരിച്ചറിയാന്‍ കഴിയുന്ന തെളിവുകളുടെ അഭാവം മുന്നോട്ടുപോക്കിനെ പ്രതിസന്ധിയിലാക്കുന്നു.

കുറുപ്പിനെ അറസ്റ്റ് ചെയ്യണമെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം തേടുക മാത്രമാണു പോംവഴി. ”ഇതാണു കുറുപ്പ്” എന്നു ചൂണ്ടിക്കാട്ടാന്‍ പോലീസിന്റെ പക്കലുള്ളത് മുപ്പതു വര്‍ഷം മുമ്പ് കിട്ടിയ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയും പാസ്‌പോര്‍ട്ട് സംബന്ധിച്ച വിവരങ്ങളും മാത്രം.

മുപ്പതു വര്‍ഷത്തിനിപ്പുറം കുറുപ്പിന്റെ ഛായ ഇങ്ങനെയായിരിക്കും എന്നു സൂചിപ്പിക്കുന്ന ഒരു ചിത്രം പോലും പോലീസ് തയാറാക്കിയിട്ടില്ല. സൗദി അറേബ്യയില്‍ മറ്റൊരു വേഷത്തിലും ഭാവത്തിലും കഴിയുന്ന വയോധികനായ കുറുപ്പിനെ തിരിച്ചറിയാന്‍ സാധിക്കുന്ന എന്ത് രേഖയാണ് ഇന്റര്‍പോളിനു കൈമാറാന്‍ കഴിയുക എന്ന ചോദ്യം അവശേഷിക്കുന്നു.

കുറുപ്പ് അബുദാബിയില്‍ ജോലി ചെയ്തിരുന്നപ്പോഴുള്ള പാസ്‌പോര്‍ട്ടിന്റെ വിവരമാണ് പോലീസിന്റെ പക്കലുള്ളത്. കുറുപ്പ് സൗദിയിലേക്കു കടന്നത് മുസ്ലിം പേരിലെടുത്ത വ്യാജ പാസ്‌പോര്‍ട്ടിലാണെന്ന കാര്യത്തില്‍ സംശയമില്ല. സുകുമാരക്കുറുപ്പിന്റെ മുഖം ഇപ്പോള്‍ എങ്ങനെയായിരിക്കുമെന്നു സൂചിപ്പിക്കുന്ന ചിത്രം ശാസ്ത്രീയമായി തയാറാക്കി ഇന്റര്‍പോളിനു കൈമാറുകയാണു വേണ്ടത്. അതിനു സമയമെടുക്കും.

ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ 1984 ജനുവരി 21-നു രാത്രി കൊലപ്പെടുത്തിയതിനു ശേഷം കുറുപ്പും പൊന്നപ്പനും കാറില്‍ ആലുവയിലേക്കാണു പോയത്. അവിടെയുള്ള ഒരു ലോഡ്ജിലായിരുന്നു താമസം. പിന്നീട് കാറുമായി പൊന്നപ്പന്‍ തിരികെ ചെറിയനാട്ടെത്തി. എല്ലാം കുഴഞ്ഞുമറിഞ്ഞെന്നു മനസിലാക്കിയ സുകുമാരക്കുറുപ്പ് അതിസാഹസികമായി മാതാവ് ജാനകിയുടെ സഹോദരി താമസിക്കുന്ന മാവേലിക്കരയ്ക്ക് സമീപമുള്ള ഈരേഴയിലെത്തി.

റോഡ് യാത്ര സുരക്ഷിതമല്ലെന്നു കണ്ട് അവിടെനിന്നു റെയില്‍വേ ട്രാക്കിലൂടെ കിലോമീറ്ററുകള്‍ നടന്ന് ചെറിയനാട്ടെ ബന്ധുവീട്ടില്‍ വന്നു. തുടര്‍ന്നാണ് ചില ബന്ധുക്കളുടെ സഹായത്തോടെ സ്ത്രീവേഷമണിഞ്ഞ് കാറില്‍ കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനിലെത്തിയത്. അവിടെ നിന്നു പോയ കുറുപ്പിനെ പിന്നീടു കണ്ടവരില്ല.

കുറുപ്പ് ആലുവയില്‍ മുറിയെടുത്ത ലോഡ്ജില്‍ വിശദമായ പരിശോധന നടത്തിയിരുന്നെങ്കില്‍ വിരലടയാളം കണ്ടെത്താന്‍ പോലീസിനു കഴിയുമായിരുന്നു. ഈ നിര്‍ദേശം ചില ഉദ്യോഗസ്ഥര്‍ മുന്നോട്ടുവച്ചെങ്കിലും അതു നടന്നില്ല. ശാസ്ത്രീയ കുറ്റാന്വേഷണ സംവിധാനം ഇന്നത്തെയത്ര വളര്‍ന്നിരുന്നില്ലെങ്കിലും ചാക്കോ വധം സംബന്ധിച്ച് പ്രാഥമിക അന്വേഷണങ്ങളെല്ലാം അന്നു നൂതനമായിരുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു. കൊല്ലപ്പെട്ടത് ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയാണെന്നു സ്ഥിരികരിക്കാനായി പോലീസ് സര്‍ജന്‍ ബി. ഉമാദത്തന്‍ സൂപ്പര്‍ ഇംപോസിഷനാണ് നടത്തിയത്.

അബുദാബിയില്‍  എന്‍ജിനീയറായിരുന്ന കുറുപ്പിന് പണത്തോടുണ്ടായിരുന്ന അടങ്ങാത്ത ആര്‍ത്തിയാണ് മരിച്ചെന്നുവരുത്തി ഇന്‍ഷുറന്‍സ് തുക തട്ടുകയെന്ന തന്ത്രം മെനയുന്നതിലെത്തിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button