Latest NewsNewsPrathikarana Vedhi

ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി തരംഗമെന്നും ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്നുവെന്നും വാര്‍ത്തകള്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസ്‌ വിലയിരുത്തുന്നതിങ്ങനെ

രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകൾക്കിടയിലാണ് ഇന്ന് നമ്മുടെ രാജ്യം. ഹിമാചൽ പ്രദേശിലും ഗുജറാത്തിലും. രണ്ടിടത്തും ബിജെപിയും കോൺഗ്രസും തമ്മിൽ മുഖാമുഖമുള്ള പോരാട്ടം. മറ്റ്‌ രാഷ്ട്രീയ കക്ഷികൾക്ക് ഒരു പ്രസക്തിയുമില്ലാത്ത സംസ്ഥാനങ്ങളാണ് അവ എന്നർത്ഥം. അതിൽ ഹിമാചലിൽ വോട്ടെടുപ്പ് പൂർത്തിയായി; ഗുജറാത്തിൽ വോട്ടിങ് നടക്കുക ഡിസംബർ 11 -നാണ് . സംശയമില്ല രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പുകളാണിത്. കോൺഗ്രസിന് ഹിമാചൽ എങ്ങിനെയും നിലനിർത്തിയെ തീരൂ, ഗുജറാത്തിൽ മെച്ചപ്പെട്ട അവസ്ഥയുണ്ടാക്കുകയും വേണം…… അതേസമയം ബിജെപിക്കാവട്ടെ ഗുജറാത്തിൽ മികച്ച വിജയവും ഭരണത്തുടർച്ചയും ഉറപ്പാക്കണം; ഹിമാചലിൽ ഭരണത്തിലേറുകയും വേണം.

രണ്ട് സംസ്ഥാനങ്ങളിലും ബിജെപി ഉജ്വലമായ വിജയം കരസ്ഥമാക്കും എന്നാണ് തിരഞ്ഞെടുപ്പിന് മുൻപുള്ള സർവേകൾ കാണിച്ചത്. ഹിമാചലിൽ വോട്ടിങ് പൂർത്തിയായതോടെ എക്സിറ്റ് പോളും നടന്നിട്ടുണ്ട്. അതിന്റെ ഫലം പുറത്തുപറയാൻ പാടില്ലെങ്കിലും ബിജെപി കേന്ദ്രങ്ങൾ വലിയ ആത്മവിശ്വാസത്തിലാണ്. 68 മണ്ഡലങ്ങളുള്ള അവിടെ 55 എണ്ണത്തിലും ജയിക്കുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം പറയുന്നത്. അത് അറുപതാവും എന്നാണ് ഹിമാചലിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായ പികെ ധുമൽ സൂചിപ്പിച്ചത്. അതെന്തായാലും ചരിത്രത്തിലില്ലാത്ത വിധം ഉയർന്ന വോട്ടിങ് നടന്ന ആ ഹിമാലയൻ സംസ്ഥാനത്ത് ഇത്തവണ ബിജെപി ഭരണമാവും എന്ന് തീർച്ചയായി. അവിടെ കോൺഗ്രസ് ആദ്യമേ മുതൽ നിരാശയിലായിരുന്നു. രാഹുൽ ഗാന്ധി തന്നെ പേരിന് ചില തിരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുത്ത്‌ അവിടെനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. സ്വന്തം പാർട്ടിയുടെ യഥാർത്ഥ അവസ്ഥ രാഹുൽ ഗാന്ധി തിരിച്ചറിഞ്ഞ ഒരു സംസ്ഥാനമായി ഹിമാചൽ മാറി എന്നതും പ്രധാനമാണ് . യു.പിയിലും ഇപ്പോൾ ഗുജറാത്തിലും മറ്റും ജയിക്കും എന്ന് പറഞ്ഞിരുന്നയളാണിത് എന്നതോർക്കുക. അദ്ദേഹത്തിന് രാഷ്ട്രീയജ്ഞാനം വേണ്ടത്രയായി എന്ന് പക്ഷെ ഇനിയും ആരും പറയുന്നുണ്ടാവില്ല. പക്ഷെ ആ വ്യക്തി ഹിമാചലിൽ കാര്യങ്ങൾ വേണ്ടപോലെ മനസിലാക്കി. അത്രമാത്രം ദയനീയമായി മാറി അവിടെ കോൺഗ്രസ് എന്നതാണത് കാണിച്ചുതന്നത്.

പക്ഷെ ഇവിടെ കാണേണ്ട മറ്റൊരു കാര്യമുണ്ട്. ഞാനത് മുൻപൊരിക്കൽ സൂചിപ്പിച്ചതാണ്. നമ്മുടെ മാധ്യമങ്ങൾ എങ്ങിനെയാണ് ഹിമാചൽ തിരഞ്ഞെടുപ്പിനെ അളന്നത് എന്നതാണത്. കോൺഗ്രസിന്റെ ചട്ടുകം പോലെ പല മാധ്യമ പ്രവർത്തകരും മാറിയത് അക്കാലത്ത് നാമൊക്കെ കണ്ടതാണ്. ബിജെപി തളർന്നുവെന്നും നോട്ട് റദ്ദാക്കൽ, ജിഎസ്‌ടി തുടങ്ങിയതൊക്കെ ജനജീവിതം ദുസ്സഹമാക്കിയെന്നും കോൺഗ്രസ് ഉജ്വല ജയം കരസ്ഥമാക്കുമെന്നുമൊക്കെ അവർ വിളിച്ചുകൂവി. അക്കാര്യത്തിൽ മലയാള മാധ്യമ സുഹൃത്തുക്കൾ ഒരു പടികൂടി കടന്നുപോയി എന്നതും ഓർക്കാതെ വയ്യ. ഇതിലൂടെ മാധ്യമ പ്രവർത്തകർ എന്താണ് നേടിയത്…… ഇനി തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എന്താണിവർ പറയുക . ഇതൊക്കെ സാമാന്യേന ഒരു റിപ്പോർട്ടർ ചിന്തിക്കേണ്ടതല്ലേ. ദൗർഭാഗ്യവശാൽ അതൊന്നും പലരിലും കാണാനായില്ല. യഥാർഥത്തിൽ ഹിമാചലിൽ ആ മാധ്യമങ്ങൾ കെട്ടിപ്പൊക്കിയ പ്രതീക്ഷകൾ, കോൺഗ്രസിന് മേൽക്കൈ എന്ന കെട്ടുകഥ, പാടെ തകർന്നു. അത് അവർക്കൊക്കെ ഒരു പാഠമായാൽ നന്നായി എന്നെ പറയുന്നുള്ളൂ.

ഇപ്പോൾ ഗുജറാത്തിൽ ഇപ്പോൾ നടക്കുന്ന പ്രചാരണവും അതെ മാർഗ്ഗത്തിലൂടെയാണ് . രാഹുൽ ഗാന്ധി ഏതാണ്ടൊക്കെ അവിടെ സ്ഥിരതാമസമായ പോലെയാണ്. നല്ലതാണത് എന്നുകരുതുന്നയാളാണ് ഞാൻ. രാഹുൽ എത്രത്തോളം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നുവോ അത്രത്തോളം ബിജെപിക്ക് ഗുണകരമാണ്. ജനങ്ങൾ അത്രമാത്രം ആ കോൺഗ്രസ് ഉപാധ്യക്ഷനെ തിരിച്ചറിയുന്നു. പിന്നെ ആ പാർട്ടിക്ക് വോട്ട് ചെയ്യുന്നകാര്യം അവരുടെ മനസ്സിൽ ഉയരുന്നേയില്ല …….. ഇങ്ങനെയൊക്കെ കോൺഗ്രസിൽ ‘ഒരു ചോദ്യംചെയ്യപ്പെടാത്ത നേതാവ് ‘ ഉയർന്നുവരുന്നത് ബിജെപിയെ ഏറെ സന്തോഷിപ്പിക്കുന്നുമുണ്ട്, സംശയമില്ല.

ഗുജറാത്ത് തിരഞ്ഞെടുപ്പ് സംബന്ധിച്ച് മൂന്ന് ചാനലുകൾ നടത്തിയ പ്രീ- പോൾ സർവേകൾ വന്നുകഴിഞ്ഞു. അവിടെ ജയിക്കുന്നത് ബിജെപിയാണ് എന്നത് എല്ലാവരും സമ്മതിക്കുന്നുണ്ട്. പക്ഷെ അവിടെയും ഒരിക്കലും ഇല്ലാത്ത പ്രാധാന്യം കോൺഗ്രസിന് നല്കാൻ തയ്യാറാവുന്നു, ശ്രമിക്കുന്നു. ബിജെപിയുടെ വോട്ടിൽ ഗണ്യമായ കുറവ് സംഭവിക്കും, സീറ്റുകൾ കുറയും എന്നിങ്ങനെയുള്ള പ്രവചനങ്ങൾക്കാണ് അവർ തയ്യാറാവുന്നത്. ഹിമാചലിൽ പറഞ്ഞിരുന്നത് പോലെ ബിജെപി തോൽക്കുമെന്ന് പറയാമെന്നാണ് ആഗ്രഹമെങ്കിലും അത് സാധ്യമാവുന്നില്ല എന്നുമാത്രം. ഇതാണ് പരിശോധിക്കപ്പെടേണ്ടത്, വിലയിരുത്തപ്പെടേണ്ടത്. ശരിയാണ്, കോൺഗ്രസ് ഇത്തവണ മുൻപെന്നത്തേക്കാൾ ഗുജറാത്തിൽ അധ്വാനിക്കുന്നുണ്ട്, അല്ലെങ്കിൽ കഷ്ടപ്പെടുന്നുണ്ട്. രാഹുൽ ഗാന്ധി, ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ ഗുജറാത്തിനെ കീഴടക്കും എന്ന് പറഞ്ഞുകൊണ്ട് ഏതാണ്ട് അവിടെ തമ്പടിക്കുകയാണ്. അതിൽ വലിയ കാര്യമില്ലെന്ന് മുൻപ് നാം കണ്ടിട്ടുണ്ട്….. ഉത്തർപ്രദേശ് അതിനൊരു ഉദാഹരണം. അവിടെ രാഹുൽ എത്രയോ ആഴ്ചകൾ ചിലവിട്ടു…. അഖിലേഷ് യാദവും അദ്ദേഹവും നടത്തിയ റോഡ് ഷോ-കൾ കണ്ടിട്ട് ചരിത്രം കുറിക്കുമെന്ന് ചില മാധ്യമങ്ങൾ എഴുതിപ്പിടിപ്പിച്ചതും ഓർക്കുക. അവസാനം എന്താണുണ്ടായത്?. ഇവിടെയിപ്പോൾ അഖിലേഷോ അതുപോലെ ആരെങ്കിലുമോ പോലും കൂടെയില്ല. ജനങ്ങൾക്കിടയിൽ രാഹുലിന് ഒരു ചലനവും ഉണ്ടാക്കാനായിട്ടില്ല എന്നത് ഗുജറാത്തുകാർ സമ്മതിക്കുമ്പോഴും നമ്മുടെ മാധ്യമ പ്രവർത്തകർ അതിന് തയ്യാറല്ല. അങ്ങിനെമാത്രമേ ഗുജറാത്തിലെ പ്രീ- പോൾ സർവേകളെയും കാണേണ്ടതുള്ളൂ. അതിനു വേണ്ടതായ കാരണമുണ്ട് , അതിലേക്ക് ഞാൻ വരാം.

ഗുജറാത്തിൽ സ്വന്തം പ്രസ്ഥാനത്തിന് തനിച്ച് കാര്യമായി ഒന്നുംചെയ്യാനാവില്ല എന്നത് രാഹുൽ ഗാന്ധിയും ആദ്യമേ തിരിച്ചറിഞ്ഞു എന്നതാണ് കാണേണ്ടത്. അതുകൊണ്ടാണ് ഹാർദിക് പട്ടേൽ, ജിഗ്നേഷ് മിവാനി തുടങ്ങിയവരുടെ പിന്നാലെപോകേണ്ടിവന്നത്. അവരൊക്കെ വലിയ വോട്ട് ബാങ്കിന്റെ ഉടമകളാണ് എന്നതോന്നലാണോ അതോ അവർക്ക്പിന്നിൽ വോട്ട് ബാങ്കുണ്ട് എന്ന് വരുത്തിത്തീർക്കുകയാണ് നല്ലത് എന്ന് കോൺഗ്രസ് ചിന്തിച്ചോ ?. രണ്ടായാലും പ്രയോജനമുണ്ടാവില്ല എന്നതാണ് യഥാർഥ ചിത്രം കാണിച്ചുതരുന്നത് . കോൺഗ്രസുമായി ഹാർദിക് പട്ടേൽ കൂട്ടുകെട്ടുണ്ടാക്കിയതോടെ പട്ടേൽ സമരക്കാർക്കിടയിൽ ഭിന്നത രൂക്ഷമായി. മാത്രമല്ല പട്ടേൽ സംവരണ സമരക്കാർക്ക് അതിനെ ഒരു രാഷ്ട്രീയ വോട്ട് ബാങ്കാക്കി മാറ്റാൻ ഇതുവരെ കഴിഞ്ഞിരുന്നതുമില്ല. ഇവിടെയാണ് കോൺഗ്രസിന് ആദ്യമായി പറ്റിയ പാളിച്ച. ജിഗ്നേഷ് മിവാനിയാണ് വേറൊരു കോൺഗ്രസ് താരം. എവിടെയോ ഒരു സമരം സംഘടിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിലെ പട്ടികജാതി -വർഗ വിഭാഗക്കാരുടെ നേതാവായി സ്വയം ചിത്രീകരിക്കപ്പെട്ടയാളാണ് അത്. അതൊരു മാധ്യമ സൃഷ്ടിയായിരുന്നു. ഒരുകാലത്ത് പട്ടികജാതി പട്ടികവർഗ, വനവാസി മേഖലകൾ കോൺഗ്രസിന്റെ കുത്തക കേന്ദ്രങ്ങളായിരുന്നു എന്നതോർക്കുക. അവിടെയൊക്കെ കഴിഞ്ഞ കാലത്ത് വലിയ നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. ആ മേഖലയിൽ കോൺഗ്രസിനിന്ന് ജിഗ്നേഷ് മിവാനിമാരെ ആശ്രയിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്? വ്യക്തികളല്ല പ്രശ്നം മറിച്ച് പിന്നാക്ക മേഖലയിൽ അവർക്കിടയിൽ പ്രവർത്തിച്ചു കാണിച്ചുകൊടുക്കാൻ ഇതിനകം ബിജെപിക്കും സംഘ പ്രസ്ഥാനങ്ങൾക്കും കഴിഞ്ഞിട്ടുണ്ട് എന്നതാണ് വസ്തുത. അതുകൊണ്ട് കോൺഗ്രസിന്റെ പുതിയ ബാന്ധവം ഒരുതരത്തിലും ഈ മേഖലകളിൽ അവരെ സഹായിക്കാൻ പോകുന്നില്ല.

പിന്നെ ഈ സർവേകളുടെ സമയം….. …. രാഹുലിന്റെ വ്യാപകമായ തീർത്ഥാടനം നടക്കുന്നതിനിടെയാണ് ഇതൊക്കെ നടക്കുന്നത്. ആ പരിപാടികൾ വേണ്ടതിലധികം മാധ്യമങ്ങൾ പ്രചരിപ്പിച്ചത് ഓർമ്മിക്കുക. ബിജെപി അതിന്റെ വിരാട് രൂപം പ്രദർശിപ്പിക്കുന്നതിന് മുൻപുള്ള അവസ്ഥ. എന്നാൽ രാഹുൽ തന്റെ ആവനാഴിയിലെ എല്ലാ സ്റ്റോക്കും പ്രയോഗിച്ചുകഴിഞ്ഞു എന്നത് മറന്നുകൂടാ. ഇപ്പോൾ തന്നെ കാണുന്ന ഒരു പ്രത്യേകത, ഗുജറാത്തിലെ ഹിന്ദു നേതാക്കൾ പ്രത്യേകിച്ച് സന്യാസിവര്യന്മാർ, നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ട്‌ സംസാരിക്കുന്ന വീഡിയോ ക്ലിപ്പുകളാണ് . വാട്സാപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ അത് ഗ്രാമഗ്രാമാന്തരങ്ങളിൽ എത്തുന്നു. പിന്നെ സമുദായ നേതാക്കൾ ഓരോ മേഖലയിലും മോഡിക്ക് -ബിജെപിക്ക് പിന്തുണ നൽകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്ന വീഡിയോ ക്ലിപ്പുകൾ അതാത് മേഖലകളിൽ പ്രചരിപ്പിക്കുന്നുണ്ട് . ഇതൊക്കെ ബിജെപിയുടെ പിന്തുണ വർധിപ്പിക്കുന്നു എന്നതാണ് യാഥാർഥ്യം. ഇതിനെയൊക്കെ മറികടക്കാൻ അഹമ്മദ് പട്ടേലിന് അധ്വാനിക്കേണ്ടതായിവരും…… എത്ര പരിശ്രമിച്ചാലും എവിടെയുമെത്താൻ പോകുന്നുമില്ല എന്ന് അവർ തന്നെ തിരിച്ചറിയുകയും ചെയ്യുന്നു.

നരേന്ദ്ര മോദിയും അമിത് ഷായും ബിജെപിയുടെ മറ്റ്‌ നേതാക്കളും ഗുജറാത്തിലേക്ക് പ്രചാരണത്തിന് എത്തുന്നതേയുള്ളൂ. അമിത് ഷാ അവിടെയുണ്ട്, പ്രവർത്തക യോഗങ്ങളിൽ പങ്കെടുക്കുകയാണിപ്പോൾ. മുൻപ് ഒന്നുരണ്ട് പരിപാടികളിൽ മോഡി സംബന്ധിച്ചിരുന്നു എന്നത് ശരിതന്നെ…… അത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപാണ്. ഇനിയിപ്പോൾ ഏതാണ്ട് അൻപത് റാലികളിലാണ്‌ മോഡി പങ്കെടുക്കുന്നത്. അതിൽ കുറയാത്ത തിരഞ്ഞെടുപ്പ് റാലികളിൽ അമിത് ഷായും പങ്കെടുക്കുന്നുണ്ട്. ബിജെപി മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ വേറെയും. അതോടെ ഗുജറാത്തിന്റെ ചിത്രം ആകെ മാറുകതന്നെ ചെയ്യും. അവിടെ ഈ പ്രചാരണ കൊടുങ്കാറ്റിൽ പിടിച്ചുനിൽക്കാൻ കോൺഗ്രസിനോ രാഹുലിനോ കഴിയില്ല എന്നത് തീർച്ചയാണ് . മറ്റൊന്ന് രണ്ടു് പാർട്ടികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസ് ഏതാനും മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ തീരുമാനിച്ചുവെന്ന് പറയുന്നുണ്ട്. സ്ഥാനാർഥികളെ തീരുമാനിക്കുന്ന പ്രക്രിയ ബിജെപി ആരംഭിച്ചിട്ടേയുള്ളൂ. സ്ഥാനാർഥികൾ രംഗപ്രവേശം ചെയ്യുമ്പോഴേ കാര്യങ്ങൾ വ്യക്തമാവൂ. അതിനൊക്കെശേഷമേ ആര് – എവിടെ നിൽക്കുന്നു എന്ന് തിരിച്ചറിയൂ . ഇന്നുള്ളതിൽ നിന്ന് പത്തോ പന്ത്രണ്ടോ ശതമാനം വോട്ട് വർധിപ്പിക്കാൻ ആ പ്രചാരണ കൊടുങ്കാറ്റ് സഹായിക്കുമെന്നതാണ് ബിജെപിയുടെ പ്രതീക്ഷ. ഇപ്പോൾ നടന്ന സർവേകൾ പ്രകാരം അവർക്ക് ലഭിക്കുക 121 വരെ സീറ്റുകളാണ്. അതുതന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാൾ കൂടുതലാണ് . അതിൽനിന്നും മുന്നോട്ട് എത്രകണ്ട് പോകാനാവും എന്നതാണ് പ്രധാനം. അതാണ് ബിജെപിയുടെ സീറ്റ് വിഹിതം 150 -ലേക്ക് എത്തുമെന്ന് അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കൾ പറയുന്നത്. ഇവിടെ കാണേണ്ടതായ ഒരു കാര്യമുണ്ട് ; ഹിമാചലിൽ ഏതാണ്ട് ഇതുപോലെയാണ് സർവേകൾ നടന്നത്…… തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചപ്പോൾ കാര്യങ്ങൾ വേഗത്തിൽ മാറിമറിഞ്ഞു. കോൺഗ്രസ് രംഗത്തുനിന്ന് അപ്രത്യക്ഷമാവുന്നത് പോലെ. ഗുജറാത്തിലും അതുപ്രതീക്ഷിക്കണം.

മറ്റൊന്ന്, ജിഎസ്‌ടി ഉയർത്തിക്കാട്ടി കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ പ്രചാരണം നടത്താനാണ് രാഹുൽ ഗുജറാത്തിൽ ആദ്യം തയ്യാറായത്. അത് സഹായിക്കുമെന്ന് അവർ കരുതുകയും ചെയ്തു. അദ്ദേഹത്തിന് കൂട്ടായി മൻമോഹൻ സിങ്ങും അവിടെയെത്തി. മറ്റൊന്ന് നോട്ട് നിരോധമാണ് അവർ എടുത്തുകാട്ടുന്നത്. മൻമോഹൻ സിങ് എന്ന സാമ്പത്തിക വിദഗ്ദ്ധന്റെ ദയനീയ മുഖമാണല്ലോ ഗുജറാത്തുകാർ ഇക്കാര്യത്തിലൊക്കെ കണ്ടത്. ആര് എന്തൊക്കെ പറഞ്ഞാലും നോട്ട് നിരോധം ജനങ്ങൾമനസുകൊണ്ട് സ്വീകരിച്ചതാണ് ഈയിടെപോലും കണ്ടത്. നവംബർ എട്ടിന് രാജ്യവ്യാപകമായി നടന്ന ചർച്ചകൾ അതിന്റെ വ്യക്തമായ സൂചനയല്ലേ. ഒരു പക്ഷെ കേരളത്തിൽ വിമർശനങ്ങൾ ഉയർന്നിരിക്കാം കുറച്ചൊക്കെ. അത് ദേശീയ തലത്തിൽ പ്രതിപക്ഷമുയർത്തിയ ക്യാമ്പയിൻ ഒരു ചലനവുമുണ്ടാക്കിയില്ല. ജിഎസ്‌ടി സംബന്ധിച്ച്‌ ഇന്നലെയുണ്ടായ തീരുമാനം, നിരക്കിലുണ്ടായ ഗണ്യമായ കുറവും മറ്റും, വിമർശകരുടെയൊക്കെ വായടപ്പിക്കുന്നതുമായി . ഇനി അക്കാര്യം എവിടെയും പറയാൻ കോൺഗ്രസിനാവില്ല. അതായത് ഈ തിരഞ്ഞെടുപ്പ് ഗോദയിൽ കോൺഗ്രസ് ഉയർത്തിപ്പിടിച്ചതൊക്കെ സ്ഥാനാർഥിനിർണ്ണയത്തിന് മുൻപുതന്നെ തകർന്നടിഞ്ഞു. അത്തരമൊരു ഘട്ടത്തിലാണ് ബിജെപി അതിന്റെ പ്രചാരണം ആരംഭിക്കുന്നത്. രാഹുലിന്റെയും മറ്റും കണക്കുകൂട്ടലുകൾ തെറ്റുന്നത് എങ്ങിനെയാണ് എന്നത് ഇതിൽ നിന്നൊക്കെ മനസ്സിലാക്കാമല്ലോ. ഗുജറാത്തിലും ബിജെപി നേടാൻ പോകുന്നത് ഉജ്വല വിജയമായിരിക്കും എന്നതാണ് ചുരുക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button