Latest NewsNorth IndiaPilgrimageIndia Tourism SpotsTravel

സിദ്ധനാഥ് മഹാദേവ് ടെമ്പിളും ഗായത്രി ടെമ്പിളും- അദ്ധ്യായം 24

ജ്യോതിർമയി ശങ്കരൻ

1.സിദ്ധനാഥ് മഹാദേവ് ടെമ്പിൾ

ദ്വാരകാപുരി ഒരു വിസ്മയം തന്നെയാണെന്നു പറയാം. കൃഷ്ണഭഗവാന്റെ അവസാന നാളുകൾക്കു സക്ഷ്യം വഹിച്ച ഈ പുണ്യപുരിയിലെവിടെ നോക്കിയാലും മന്ദിരങ്ങളും ബീച്ചുകളും സ്നാനഘട്ടങ്ങളും മാത്രം.ഭഗവാന്റെ കഥകളെ ഓർമ്മിപ്പിയ്ക്കുന്ന പലതും ഇവിടെ കാണാനാകും. സർവ്വം കൃഷ്ണമയമായ ദ്വാരകാപുരിയിൽ, രുക്മിണീക്ഷേത്രത്തിൽ നിന്നും അധികം ദൂരെയല്ലാതെ കാണാവുന്ന ശിവക്ഷേത്രമാണ് സിദ്ധനാഥ് മഹാദേവ് ടെമ്പിൾ. വലിയ അക്ഷരങ്ങളിലായി ഹിന്ദിയിൽ സിദ്ധേശ്വർ മഹാദേവ് എന്നും നമശ്ശിവായ എന്നും എഴുതിവച്ചിട്ടുള്ള ഈ മന്ദിരത്തിലേയ്ക്കു കടക്കുമ്പോൾ ക്ഷേത്രാങ്കണത്തിലായിരിയ്ക്കുന്ന അസംഖ്യം ശൈവഭക്ത സന്യാസിമാരെ ശ്രദ്ധിയ്ക്കാതിരിയ്ക്കാനാവില്ല. ഭഗവാന്റെ തിരുജടയെ ഓർമ്മിപ്പിയ്ക്കുംവിധം കരുത്തും കട്ടിയുമാർന്ന് തൂങ്ങിക്കിടക്കുന്ന ആ‍ലിൻ വേരുകൾ മനസ്സിൽ ശരിയ്ക്കും നമശ്ശിവായ വിളികളുണർത്തി. പുറത്തെ കത്തുന്ന ചൂടിലും തണുപ്പു നിറഞ്ഞതായി അനുഭവപ്പെട്ട അമ്പലവും പരിസരവും ഭക്തിസാന്ദ്രമാ‍യിത്തോന്നിയതിൽ അത്ഭുതമില്ല.. അകത്ത് കറുപ്പും വെളുപ്പും കലർന്ന ഇഷ്ടികപതിച്ച നിലത്തെ മഹാദേവലിംഗപ്രതിഷ്ഠ മനോഹരമായി പൂക്കളാൽ അലങ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. സമീപത്തു തന്നെ ലോഹ നിർമ്മിതമായ നാഗരാജനും. അടുത്തു ചെന്നു തൊഴുത ശേഷം പുറത്തുകടക്കുമ്പോൾ ഭിക്ഷയ്ക്കായി നൂറുകണക്കിനാളുകളെക്കണ്ടപ്പോൾ ശരിയ്ക്കും ഞെട്ടിപ്പോയി. . എല്ലാവർക്കും കൂടിയുള്ളത് ഒരാളുടെ പക്കൽ കൊടുത്താൽ മാതിയെന്നും അതെല്ലാം അവർ വീതിച്ചെടുത്തുകൊള്ളും എന്നും ഗൈഡുകളായ രാജുവും അക്ഷയും പറഞ്ഞപ്പോൾ അത്ഭുതം തോന്നി. വളരെ സൌമ്യരായിക്കാണപ്പെട്ട ആ സന്യാസിമാർ ഞങ്ങൾ കൊടുത്തഭിക്ഷ സന്തോഷപുരസ്സരം വാങ്ങി. തൊട്ടുതന്നെയുള്ള ഗായത്രി ടെമ്പിളിലേയ്ക്കാണു പിന്നീട് ഞങ്ങൾ പോയത്.

2.ഗായത്രി ടെമ്പിൾ, ദ്വാരക

ദ്വാരകയിലെ ഗായത്രീശക്തിപീഠം. കടലിനു തൊട്ടടുത്തുതന്നെയുള്ള മറ്റൊരു ക്ഷേത്രമാണിത്. പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇവിടെയും നടന്നു വരുന്നു. ഈ അമ്പലത്തിലെ ഗായത്രീദേവിയുടെ പ്രതിഷ്ഠ വളരെ ശ്രദ്ധേയം തന്നെ.ചുവന്ന പട്ടുകൊണ്ടുണ്ടാക്കപ്പെട്ടിട്ടുള്ള പശ്ചാത്തലത്തിലുള്ള മൂന്നു പ്രതിഷ്ഠകളിൽ നടുവിലായി സർവ്വാഭരണവിഭൂഷിതയായിട്ടിരിയ്ക്കുന്ന ഗായത്രീദേവി. പച്ചനിറത്തിലുള്ള വെള്ളിക്കസവുള്ള സാരിയും വെള്ളപ്പളുങ്കു മാലകളും സ്വർണ്ണക്കിരീടവുമണിഞ്ഞ ദേവി ഹംസത്തിന്റെ മുകളിലാണിരിയ്ക്കുന്നത്.സരസ്വതീദേവിയുടെ അവതാരാമാണല്ലോ ഗായത്രീദേവി. ശക്തിയുടെയും അറിവിന്റെയും സിദ്ധിയുടെയും , സദ്ഗുണത്തിന്റെയും നൈർമ്മല്യത്തിന്റെയുമൊക്കെ ദേവിയാണിത്. ഒരു കയ്യിൽ കമണ്ഡലുവും മറുകൈയ്യിൽ ഗ്രന്ഥക്കെട്ടും. ബ്രഹ്മാവിന്റെ നിർദ്ദേശാനുസരണം നാലുവേദങ്ങളെയും നമുക്കു പകർന്നു തന്നത് ഗായത്രീദേവിയാണല്ലോ. വലതുഭാഗത്ത് കടും പച്ച പട്ടുസാരിയുമണിഞ്ഞിരിയ്ക്കുന്നത് സാവിത്രീ ദേവിയാണ്.നാലുമുഖത്തോടും എട്ടുകൈകളോടും കൂടിയ ദേവീ ഭാവം മനസ്സിൽ കൌതുകമുണർത്തി. എല്ലാശിരസ്സിലും കിരീടവും കൈകളിൽ ശംഖചക്രഗദാദികളും പങ്കജവും അമ്പും വില്ലും സിന്ദൂരവും വാളും ശൂലവുമെല്ലാം കാണപ്പെട്ട ദേവി ശക്തി, ദുർഗ്ഗയ്ക്കു സമമെങ്കിലും സൌമ്യയായിക്കാണപ്പെട്ടു .ഇടതുവശത്തായി കാണുന്നത് ദേവി കുണ്ഡലിനിയാണ്.ശക്തിയുടെ മറ്റൊരു രൂപം. മനുഷ്യശരീരത്തിൽ ഒളിഞ്ഞു കിടക്കുന്ന ശക്തിയുടെ ഉറവിടം. നാഗദേവതയാണെന്നാണ് സങ്കൽ‌പ്പം.. ഒരു കയ്യിൽ നാഗവും മറുകയ്യിൽ ഗ്രന്ഥവും. താമരപ്പൂവാണിരിപ്പിടം. ഈ സ്ഥലത്തിന് ശക്തിപീഠം എന്ന പേർ തികച്ചും അന്വർത്ഥം തന്നെ. ചുവരിൽ ഗായത്രീ മന്ത്രം എഴുതി വയ്ക്കപ്പെട്ടിരിയ്ക്കുന്നു.“ ഓം ഭും……പ്രചോദയാൽ”.

ഇവിടം ശക്തിപീഠമായി അറിയപ്പെടുന്നതിനു പിന്നിലും ഒരു പുരാണകഥയുണ്ട്.യാഗഭൂമിയിൽ ദക്ഷനാൽ അപമാനിയ്ക്കപ്പെട്ടപ്പോൾ ജീവൻ ത്യജിച്ച സർവ്വശക്തിയായ സതിയുടെ മൃത ശരീരവുമായി ഭഗവാൻ താണ്ഡവമാടിയപ്പോൾ ലോകം വിറച്ചു. ഭഗവാന്റെ കോപമടങ്ങുവാൻ ആ ശരീരത്തെ മഹാവിഷ്ണു സുദർശനം കൊണ്ടു കഷ്ണണങ്ങളാക്കിയെന്നും അവ വന്നു വീണ സ്ഥലങ്ങളെല്ലാം തന്നെ ശക്തിപീഠങ്ങളായി മാറിയെന്നുമാണല്ലോ കഥ. അതിൽ ഒരു ഒരു കഷ്ണം വന്നു വീണതിനാൽ ശക്തിപീഠമായി മാറിയതാണിവിടമെന്നുമറിയാൻ കഴിഞ്ഞു. അകത്തു കടന്ന് ഗായത്രീ മന്ത്രം മനസ്സിൽ നിനച്ചു തൊഴുതു, പുറത്തുകടന്നു.

രത്നേശ്വർ മഹാദേവ് മന്ദിർ, പഞ്ചമുഖി ഹനുമാൻ മന്ദിർ എന്നിവയും സമീപത്തു തന്നെ സ്ഥിതി ചെയ്യുന്നു. അതിനപ്പുറമായി നീണ്ടു പരന്നു കിടക്കുന്ന അനന്തമായ കടലാണിപ്പോൾ മുന്നിൽ. തിരകളിളക്കി ഗർജ്ജിയ്ക്കുന്ന കടലിന്റെ ആരവവും കേട്ട് ഏറെ നേരം നിന്നു. സമയം പോകുന്നതറിയില്ല,ഇവിടെ നിന്നാൽ. മുൻപിൽ അനന്തമായ കടൽ. ഏതു വശത്തേയ്ക്കു നോക്കിയാലും മന്ദിരങ്ങളുടെ ഗോപുരാഗ്രങ്ങൾ ഉയർന്നു നിൽക്കുന്നതും കാണാ‍നാ‍കും.. ശരിയ്ക്കും പുണ്യനഗരി തന്നെ. തീരംതേടുന്ന തിരകൾക്കു മൽ‌പ്പിടുത്തം നടത്താനായി കോൺക്രീറ്റിൽ പണികഴിപ്പിച്ചു കൂട്ടിയിട്ടിരിയ്ക്കുന്ന ട്രിപ്പോഡുകളിൽച്ചെന്നു അലറിക്കരയുന്ന കടൽ മനസ്സിൽ നിന്നും മായാത്തൊരു ചിത്രമായി ഇതിനകം മാറിക്കഴിഞ്ഞിരുന്നു.,

shortlink

Related Articles

Post Your Comments

Related Articles


Back to top button