Latest NewsWeekened GetawaysWest/CentralPilgrimageTravel

ഭട്കേശ്വർ ടെമ്പിൾ, ദ്വാരകയിലൂടെ ഒരു യാത്ര – അദ്ധ്യായം 25

ജ്യോതിർമയി ശങ്കരൻ

കടൽത്തീരത്തു നിന്നും പോരാൻ മനസ്സു കൂട്ടാക്കുന്നില്ലെങ്കിലും ഇനിയും ഇവിടെ നിന്നാൽ ഭടക്കേശ്വറിലെ സൺസെറ്റ് പോയന്റിലെ മനോഹരമായ സൂര്യാസ്തമനദൃശ്യം നഷ്ടപ്പെടുമെന്ന ഗൈഡ് അക്ഷയിന്റെ വാക്കുകൾ ഞങ്ങളെ ബസ്സിനുള്ളിലേയ്ക്കു തന്നെ എത്തിയ്ക്കാൻ പര്യാപ്തമായ ഒന്നായിരുന്നു. കൂട്ടമായി വഴിയരുകിലെ മാലിന്യക്കൂട്ടാരത്തിനു ചുറ്റും നിന്നിരുന്ന അസംഖ്യം പശുക്കൾക്കിടയിലൂടെ നടന്ന്, അവയെ തൊട്ടു തലോടി വഴിയുണ്ടാക്കി ഞങ്ങൾ ബസ്സിനു സമീപമെത്തി, ബസ്സിൽക്കയറി.

സായന്തന സൂര്യയന്റെ രശ്മിയേറ്റ ആകാശത്തിന്റെ നിറം മാറാൻ തുടങ്ങിയിരിയ്ക്കുന്നു. ചെങ്കതിരവന്റെ സുവർണ്ണരശ്മികൾ മനോഹരമാക്കിക്കൊണ്ടിരിയ്ക്കുന്ന ഒരു സായം സന്ധ്യ.സൺസെറ്റ് പോയന്റ് എന്ന ബോർഡ് മുന്നിൽ കാണാനായി. ബീച്ചിലെ പാർക്കിൽ ഒട്ടകങ്ങൾ മുക്രയിടുന്നു.വർണ്ണശബളമാം വിധം ചിത്രപ്പണികളും മിറർവർക്കും ചെയ്ത തുണികളാൽ ഇരിപ്പിടമൊരുക്കി ,നിറമാർന്ന നൂലുകളുടെ മാലകളാൽ അലങ്കരിയ്ക്കപ്പെട്ട ഒട്ടകത്തിനു പുറത്തേറാൻ മത്സരിയ്ക്കുന്ന കുട്ടികളും ഫോട്ടോവിനായി പോസ് ചെയ്യുന്ന യുവ മിഥുനങ്ങളും ഒരു കാഴ്ച്ച തന്നെ. ഭടകേശ്വർ ടെമ്പിളിൾ ദൂരെ കടലിന്റെ വക്കത്തായി അൽ‌പ്പം ഉള്ളിലേയ്ക്കായി തള്ളി നിന്നുകൊണ്ട് തലയുയർത്തി മാടിവിളിയ്ക്കുന്നു. അങ്ങോട്ടുള്ള വഴിയുടെ വശങ്ങളിൽ കാഴ്ച്ച കാണാനെത്തുന്നവർക്കായി ഒരുക്കിയിട്ടിരിയ്ക്കുന്ന ഇരിപ്പിടങ്ങളിൽ സൂര്യാസ്തമനത്തിന്റെ മനോഹാരിത കാണാനുള്ള വെമ്പലോടെ പ്രായഭേദമെന്യേ ക്ഷമയോടെ കാത്തിരിയ്ക്കുന്ന ആൾക്കാർക്കൊത്ത് കുറച്ചു സമയം ഞങ്ങളും ഇരുന്നു. ഞങ്ങളുടെ ഗ്രൂപ്പിലുള്ള പലരും വളരെ പുറകിലാണല്ലോ.മാത്രമല്ല, സൂര്യാസ്തമനത്തിന്നിനിയും സമയവുമുണ്ട്.

കടലിലേയ്ക്കിറങ്ങി നിൽക്കുന്ന ഉയരമേറിയ ഒരു പാറക്കൂട്ടത്തിനു മുകളിലായിട്ടാണ് ഭട്കേശ്വർ മഹാദേവ ടെമ്പിൾ നിലകൊള്ളുന്നത്.അയ്യായിരം വർഷത്തിലധികം പഴക്കമുള്ള മന്ദിർ ആണിതെന്നു പറയപ്പെടുന്നു. സാക്ഷാൽ ചന്ദ്രമൌലീശനായ ശിവനാണിവിടുത്തെ പ്രതിഷ്ഠ . ഗംഗയും ഗോമതിയും അറബിക്കടലും സംഗമിയ്ക്കുന്ന ഇടമെന്ന പ്രത്യേകതയുള്ള ഇവിടത്തെ പ്രതിഷ്ഠ നടത്തിയിട്ടുള്ളത് സാക്ഷാൽ ശങ്കരാചാര്യർ തന്നെയാണെന്നു പറയപ്പെടുന്നു. വളരെ ചെറിയതായ ഈ ആരാധനാലയത്തിന്റെ മേൽക്കൂരയിൽ ഓറഞ്ചു നിറത്തിൽ പാറിക്കളിയ്ക്കുന്ന വലിയ കൊടി കടലിൽ നിന്നുമെത്തുന്ന കാറ്റിനൊത്ത് നൃത്തം വയ്ക്കുന്നു.അതിനു താഴെ “ഓം “എന്നും“ ജയ് ഭടക്കേശ്വർ മഹാദേവ്“ എന്നും എഴുതിയിരിയ്ക്കുന്നത് ഇങ്ങോട്ടുവരുന്ന സമയം ദൂരെ നിന്നേ കണ്ടിരുന്നു.
അങ്ങോട്ടു പോകുന്നതിനായി മണൽ നിറഞ്ഞ മനോഹരമായ പാത മുന്നിൽ നിവർന്നു കിടക്കുന്നു. പടവുകൾ കയറിയിറങ്ങി അമ്പലത്തിനു മുകളിലേയ്ക്കു കയറി മന്ദിരത്തിനെ പ്രദക്ഷിണം വച്ചപ്പോൾ തൊട്ടുമുന്നിൽ അനന്തമായി പരന്നു കിടക്കുന്ന കടലിൽ മുങ്ങിത്താഴവേ ദിവസത്തിന്റെ അന്ത്യനിമിഷങ്ങളിലും സുവർണ്ണരശി വീശുന്ന സൂര്യനെക്കാണാനായി. ആഹാ. എത്ര സുന്ദരമായ ദൃശ്യം. സൂര്യാസ്തമയം മുഴുവനും ഇവിടെ നിന്നാസ്വദിയ്ക്കാം. ഭക്തിയും അത്ഭുതവും സന്തോഷവും നിറഞ്ഞ കണ്ണുകളിലൂടെ മാത്രമേ ഇവിടത്തെ അനന്തതയേയും സൌന്ദര്യത്തേയും ആവാഹിയ്ക്കാനാകൂ . കടലിലേയ്ക്കു നോക്കി എത്ര നേരം നിന്നെന്നറിയില്ല. സ്വർഗ്ഗീയ നിമിഷങ്ങൾ തന്നെ!
“പടിഞ്ഞാറു മാനത്തെ പനി നീർപ്പൂ ചാമ്പക്കാ,..പഴുത്തുവല്ലോ! മുഴുത്തുവല്ലോ!…” കടലിലാഴാൻ വെമ്പി നിൽക്കുന്ന സൂര്യന്റെ ഭംഗി വർണ്ണനാതീതം തന്നെ! മനസ്സിലീ പാട്ടിന്റെ ശകലങ്ങളാണോർമ്മ വന്നത്. മറക്കാനാകാത്ത നിമിഷങ്ങളിലൊന്നായ ഈ ദൃശ്യം മനസ്സിലും ക്യാമറയിലും ഒപ്പിയെടുത്തപ്പോൾ ആരതി സമയത്തെ ഭടകേശ്വർ മഹാദേവനെ കാണാനും തിടുക്കം തോന്നി. അധികം വൈകാതെ ആരതി തുടങ്ങുമെന്നും ആരതിയിൽ പങ്കെടുത്ത് പ്രസാദം വാങ്ങിയതിനു ശേഷം തിരിച്ചു പോകാമെന്നും ഗൈഡ് അക്ഷയ് ഞങ്ങളോട് പറഞ്ഞു.

മന്ദിറിന്റെ മതിലുകളിൽ വന്നലയ്ക്കുന്ന പടുകൂറ്റൻ തിരമാലകളുടെ ആരവം മനസ്സിൽ എന്തെല്ലാമോ സമ്മിശ്രവികാരങ്ങളുണർത്തി.അതിനകമ്പടിയെന്നവിധം ആരതിയുടെ താളവാദ്യം തുടങ്ങുന്ന നേരമായപ്പോൾ മുഴുവൻ ഭക്തജനങ്ങളും ആരതിയിൽ പങ്കു കൊള്ളാനും കീർത്തനമാലാപിയ്ക്കാനുമായി മന്ദിറിന്റെ മുന്നിലെത്തി. അമ്പലത്തിന്റെ തിരുനടയിലെ വളരെ ലളിതമായ ഒരു തുറന്ന ഹാളിലാണു ആരതി നടത്തുന്നത്.കാവി നിറത്തിൽ വസ്ത്ര ധരിച്ച പൂജാരി ആരതി തുടങ്ങുന്നതിനായുള്ള ശംഖനാദം മുഴക്കിയപ്പോൾ മറ്റൊരാൾ ഓട്ടുമണി മുഴക്കാൻ തുടങ്ങി. .നിറുത്താതെയടിയ്ക്കുന്ന അമ്പലത്തിലെ ഓട്ടുമണിയ്ക്കൊപ്പം പത്തിലധികം വിചിത്രമായ വിവിധവാദ്യോപകരണങ്ങൾ ഒരു പ്രത്യേകതാ‍ളത്തിലടിയ്ക്കുമ്പോഴുണ്ടാകുന്ന ശബ്ദവും“ ജയ് ജയ് മഹാദേവ്“ വിളികളും കീർത്തനവും സൃഷ്ടിയ്ക്കുന്ന മാസ്മരികത ആരതി കഴിഞ്ഞിട്ടും
ഏതാനും മിനിറ്റുകളോളം നീണ്ടു നിന്നു. ഏതാനും നിമിഷനേരത്തേയ്ക്ക് ഞാൻ എന്നെത്തന്നെ മറന്നു. ചുറ്റുപാടുകളും വിസ്മൃതിയിലാണ്ടുവോ? മനസ്സിൽ പ്രാർത്ഥനകൾ മാത്രം ഇപ്പോഴും താ‍ളമൊത്തലയടിയ്ക്കുന്നതു പോലെ. ഫോട്ടോ എടുക്കുവാൻ പാടില്ലെന്നെഴുതി വച്ചിട്ടുണ്ടെങ്കിലും പലരും ഫോട്ടോയും, വീഡിയോയും എടുക്കുന്നുണ്ടായിരുന്നു.
അന്തരീക്ഷം ഇരുണ്ടു കഴിഞ്ഞിരിയ്ക്കുന്നു. കടലിലാഴ്ന്ന സൂര്യൻ വിതറിയ കുങ്കുമത്തിന്റെ അവസാന തരികളും നേർത്തു നേർത്തില്ലാതായിക്കഴിഞ്ഞിരിയ്ക്കുന്നു. പടികളിറങ്ങുന്ന ഭക്തജനങ്ങൾക്കൊപ്പം ഉറക്കെപ്പറഞ്ഞു:

“ ജയ് ജയ് ഭട്കേശ്വർ മഹാ‍ദേവ് കി”
ഭട്കേശ്വർ മന്ദിറിൽ നിന്നും താഴെയിറങ്ങുന്ന സമയം മനസ്സ് വീണ്ടും ഇവിടെയെവിടെയൊക്കെയോ ചുറ്റിക്കറങ്ങാൻ തുടങ്ങി. തീരത്തു നിന്നും കടലിലേയ്ക്കുന്തി നിൽക്കുന്ന ഈ ഭൂഭാഗം പോലെത്തന്നെ കടലിന്റെ പലഭാഗത്തും ഭൂമി പെട്ടെന്നു കടലായി മാറിയവിധം നിൽക്കുന്ന ഭാഗങ്ങളും കണ്ടപ്പോൾ ഗുജറാത്തിന്റെ ഭൂപടമാ‍ണോർമ്മയിലെത്തിയത്. തീരങ്ങളിൽ പലയിടത്തും ചുവന്ന മണ്ണിടിഞ്ഞു വീണിരിയ്ക്കുന്നു. തീരം തേടുന്ന തിരകൾ ആരോടെ പക തീർക്കാനെന്ന വണ്ണം കരിങ്കൽ‌പ്പാളികളിൽ അലറി വീഴുമ്പോൾ വെളുത്ത പതകളുടെ കുപ്പായമണിയുന്നത് എത്ര നോക്കി നിന്നാലും മതി വരില്ല.. വേലിയേറ്റ സമയങ്ങളിൽ ഈ മന്ദിറിലേയ്ക്കുള്ള വഴിയും ചുറ്റുപാടും മുഴുവനും വെള്ളത്തിൽ മുങ്ങിക്കിടക്കുമെന്നും പിന്നീട് വേലിയിറക്ക സമയത്ത് ആ വെള്ളമെല്ലാം കടലിലേയ്ക്കു തന്നെ തിരിച്ചൊഴുകുമെന്നും അറിഞ്ഞപ്പോൾ വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ആ മന്ദിറിന്റെ ദൃശ്യം മനസ്സിൽ ഒന്നോർക്കാതിരിയ്ക്കാനായില്ല. ശരിയ്ക്കും മാസ്മരികമായ ഒന്നു തന്നെയായിര്യ്ക്കാമതെന്നോർത്തപ്പോൾ ഇനിയും ആ സീസണിൽ ഒന്നു കൂടി വരണമെന്നും ദർശനം നടത്തണമെന്നുമുള്ള മോഹം മനസ്സിൽ ശക്തിപ്പെട്ടു കഴിഞ്ഞിരുന്നു.
വഴിവിളക്കുകൾ കത്തിത്തുടങ്ങിയിരിയ്ക്കുന്നു. ബീച്ചിലെ എന്റർട്ടെയിന്മെന്റ് പാർക്കിലെ ഒട്ടകങ്ങളിൽ സവാരി നടത്താനായി ഇനിയും പലരും കാത്തു നിൽക്കുന്നു. അകലെ വൈദ്യുത പ്രകാശത്തിൽ മുങ്ങി നിൽക്കുന്ന ഭട്കേശ്വർക്ഷേത്രം .പുരാണത്തിന്റെ സ്പർശം ഓരോ തുണ്ടിലും കണ്ടെത്താനാ‍കുന്ന ഈ പുണ്യഭൂവിൽനിന്നുകൊണ്ട് സമുദ്രത്തെ നോക്കിയപ്പോൾ ഭഗവാൻ കൃഷ്ണനും ദ്വാരകയുമൊക്കെ സത്യമായിരുന്നെന്ന തോന്നൽ മനസ്സിൽ കുളിർ കോരിയിട്ടു.. ശംഭോ! മഹാദേവ!

തിരിച്ചു ഹോട്ടലിലെത്തി. മുറിയിൽ‌പ്പോയി ഫ്രെഷ് ആയി ഭക്ഷണം കഴിയ്ക്കാ‍നാ‍യി ഹാളിലെത്തിയപ്പോൾഎല്ലാവരും ആവേശത്തിലാണെന്നു കണ്ടു. യാത്രയുടെ പ്രധാ‍ന ലക്ഷ്യസ്ഥാനം കണ്മുന്നിലെത്തിയിരിയ്ക്കുന്നു. ഭട്കേശ്വർ മഹാദേവദർശനത്തിന്റെ ലഹരി ഒതുങ്ങുന്നതിനു മുൻപു തന്നെ ഇതാ ദ്വാരകാനാഥനെക്കാണാനുള്ള സുദിനം എത്തിച്ചേർന്നിരിയ്ക്കുന്നു.
“നാളെപ്പുലർകാലെ പോകുന്നതുണ്ടു ഞാൻ….നാളീകനേത്രനെ .,ദ്വാരകാധീശനെ, ക്കണ്ടൊന്നു പോരുവാൻ“ ..
മനസ്സു പാടുവാൻ തുടങ്ങിയല്ലോ…

shortlink

Related Articles

Post Your Comments

Related Articles


Back to top button