Latest NewsNewsGulf

അഞ്ചു മാസമായി മോർച്ചറിയിൽ സൂക്ഷിച്ച മലയാളി പ്രവാസിയുടെ മൃതദേഹം നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ നാട്ടിൽ എത്തിച്ചു

ദമ്മാം: നിയമക്കുരുക്കുകൾ കാരണം അഞ്ചു മാസമായി ഖത്തീഫ് സെൻട്രൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചു വയ്‌ക്കേണ്ടി വന്ന മലയാളി പ്രവാസിയുടെ മൃതദേഹം നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ ശക്തമായ ഇടപെടലിലൂടെ നാട്ടിലേയ്ക്ക് അയയ്ക്കാൻ കഴിഞ്ഞു.

തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ തൊളിക്കോട് പഞ്ചായത്തിലെ തച്ചൻക്കോട് സ്വദേശിയായ പ്രസാദ് കൃഷ്ണൻ.എ യുടെ മൃതദേഹമാണ് നാട്ടിലേയ്ക്ക് അയച്ചത്.

എട്ടുമാസക്കാലമായി സൗദിയിൽ പ്ലംബർ ആയി ജോലി നോക്കുകയായിരുന്ന പ്രസാദ് കൃഷ്ണൻ 2017 മെയ് 2ന് അവാമിയിൽ വെച്ചു ആത്മഹത്യ ചെയ്യുകയായിരുന്നു. 41 വയസ്സായിരുന്നു. ഭാര്യ രജനിമോൾ. സാമ്പത്തിക പ്രതിസന്ധികളാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് കരുതുന്നത്.

അക്കാലത്ത് അവാമിയിൽ നടന്ന സാമൂഹികപ്രശ്‍നങ്ങൾ കാരണം ഈ മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കാനുള്ള നിയമനടപടികൾ ആരും ചെയ്തിരുന്നില്ല. അതുകൊണ്ട് ഖത്തീഫ് സെൻട്രൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചു വെച്ചു. ഖത്തീഫിലെ ശ്രീകണ്ഠൻ എന്ന സാമൂഹ്യപ്രവർത്തകനെ ഇന്ത്യൻ എംബസ്സി ഈ കേസിൽ ഇടപെടാൻ എൻ.ഓ.സി നൽകിയെങ്കിലും നിയമനടപടികളുടെ നൂലാമാലകൾ മൂലം അദ്ദേഹത്തിന്റെ ശ്രമം വിജയിച്ചില്ല.

പ്രസാദ് കൃഷ്ണന്റെ വീട്ടുകാർ, പരിചയക്കാരനായ നവയുഗം അൽഹസ്സ മേഖല സെക്രട്ടറി ഇ.എസ്.റഹിം തൊളിക്കോടിനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. തുടർന്ന് റഹിമിന്റെ അപേക്ഷയെത്തുടർന്ന് നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകം ഈ കേസ് ഏറ്റെടുക്കുകയായിരുന്നു.

ഷാജി മതിലകം ഖത്തീഫിലെത്തി ശ്രീകണ്ഠനെയും പോലീസ് അധികാരികളെയും നേരിൽക്കണ്ട് സംസാരിച്ചു. പ്രസാദ് കൃഷ്ണന്റെ മൃതദേഹം ഇന്നുവരെ പോസ്റ്റ്മോർട്ടം പോലും നടത്താതെ ഇരിയ്ക്കുന്നതിനാലാണ് നിയമനടപടികൾ വൈകുന്നത് എന്ന് മനസ്സിലാക്കിയ ഷാജി മതിലകം, സൗദി അധികൃതരെ സ്വാധീനിച്ച് ആ മൃതദേഹം ദമ്മാം സെൻട്രൽ ഹോസ്പിറ്റലിൽ എത്തിച്ചു പോസ്റ്റ്മോർട്ടം നടത്താനുള്ള ഏർപ്പാടുകൾ ചെയ്തു. തുടർച്ചയായ ഇടപെടലുകളും, വ്യക്തിപരമായ സ്വാധീനവും ഉപയോഗപ്പെടുത്തി, എല്ലാ നിയമക്കുരുക്കുകളും രണ്ടാഴ്ച കൊണ്ട് അഴിച്ചെടുക്കാൻ ഷാജി മതിലകത്തിന് കഴിഞ്ഞു.

നിയമനടപടികൾ പൂർത്തിയായപ്പോൾ, ഇന്ത്യൻ എംബസ്സി നൽകിയ വിമാനടിക്കറ്റിൽ പ്രസാദ് കൃഷ്ണന്റെ ഭൗതിക ശരീരം നാട്ടിലേയ്ക്ക് കൊണ്ടു പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button