Latest NewsNewsInternational

ഭൂമിയില്‍ സ്വര്‍ണം എത്തുന്നത് എവിടെ നിന്നാണെന്ന് ഒടുവില്‍ ശാസ്ത്രലോകത്തിന് ഉത്തരം കിട്ടി : പല സ്ഥലത്തും എത്ര കുഴിച്ചെടുത്തലും തീരാത്ത സ്വര്‍ണ നിക്ഷേപം :

 

സ്വര്‍ണാഭരണങ്ങള്‍ ധരിയ്ക്കുമ്പോള്‍ നാം ഉള്‍പ്പെടെയുള്ളവര്‍ ഇത് എവിടെ നിന്നാണ് വരുന്നതെന്ന് ചിന്തിക്കാറില്ല. സ്വര്‍ണവിലയിലുണ്ടാകുന്ന ഓരോ ഏറ്റക്കുറച്ചിലുകളും രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനമാണ് ഉണ്ടാക്കുന്നത്. ‘മഞ്ഞലോഹ’ത്തെ ഇഷ്ടപ്പെടുന്നവര്‍ ഏറെയുള്ള ഇന്ത്യയില്‍ പ്രത്യേകിച്ച്. അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈജിപ്തില്‍ വ്യാപാരത്തിലെ വിലയേറിയ വസ്തുവായി സ്വര്‍ണം ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണം സമ്പദ്വ്യവസ്ഥയുടെ ഭാഗമായതിന്റെ ഏറ്റവും പുരാതന തെളിവുകളിലൊന്നാണിത്. ഈജിപ്തിലെ ഫറവോമാരുടെ ശവകുടീരങ്ങളിലും സ്വര്‍ണം കൊണ്ടുള്ള വസ്തുക്കളായിരുന്നു സൂക്ഷിച്ചു വച്ചവയിലേറെയും.

പക്ഷേ എങ്ങനെയാണു ഭൂമിയില്‍ ചിലയിടങ്ങള്‍ മാത്രം കേന്ദ്രീകരിച്ചു സ്വര്‍ണമുണ്ടായതെന്നതില്‍ ഇപ്പോഴും കൃത്യമായ ഉത്തരം കണ്ടെത്താന്‍ ഗവേഷകര്‍ക്കായിട്ടില്ല. യുദ്ധത്തിനും പലായനത്തിനും ദേശാന്തരഗമനങ്ങള്‍ക്കും കുടിയേറ്റത്തിനുമെല്ലാം കാരണമായ സ്വര്‍ണത്തിന്റെ ഭൂമിയിലെ ഉദ്ഭവം എവിടെ നിന്നാണെന്നതിന് വ്യക്തത തേടുന്നത് തുടരുകയാണ് ശാസ്ത്രലോകം ഇന്നും. ഭൂമിയിലെ സ്വര്‍ണത്തിന്റെ ‘ഉറവിടം’ തേടിപ്പോയ ഗവേഷകര്‍ ഒടുവില്‍ ആ നിര്‍ണായക കണ്ടെത്തലിന്റെ റിപ്പോര്‍ട്ട് നേച്ചര്‍ കമ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചു. ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളിയായ ഭൂവല്‍ക്കത്തിലാണ് (ക്രസ്റ്റ്) സ്വര്‍ണം കാണപ്പെടുന്നത്. പൂജ്യം മുതല്‍ 40 കിലോമീറ്റര്‍ വരെ വ്യാപിച്ചിരിക്കുന്ന ബാഹ്യപാളിയാണിത്. ഭൂവല്‍ക്കത്തിനു താഴെ ഏകദേശം 2900 കിലോമീറ്റര്‍ കനമുള്ള പാളിയാണ് മാന്റില്‍. മാന്റിലിലുണ്ടായ മാറ്റങ്ങളാണ് ഭൂവല്‍ക്കത്തിലേക്കു സ്വര്‍ണമെത്താന്‍ നിര്‍ണായക ഘടകമായതെന്നാണ് ഗവേഷകര്‍ പറയുന്നത്.

രണ്ട് ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ കൂട്ടിയിടിയില്‍ നിന്നാണ് പ്രപഞ്ചത്തില്‍ സ്വര്‍ണം രൂപപ്പെടുന്നതെന്നാണ് നിലവിലെ നിഗമനം. അതല്ല, ഒരു തമോഗര്‍ത്തം ന്യൂട്രോണ്‍ നക്ഷത്രത്തെ വിഴുങ്ങുന്ന പ്രക്രിയക്കിടെയാണ് സ്വര്‍ണത്തിന്റെ ആവിര്‍ഭാവമെന്നും കരുതുന്നവരുണ്ട്. ലഘു മൂലകങ്ങള്‍ കൂടിച്ചേര്‍ന്ന് സ്വര്‍ണം പോലുള്ള ഘന മൂലകങ്ങളായി മാറാനുള്ള എല്ലാ സാഹചര്യങ്ങളും ഈ രണ്ടു പ്രക്രിയകള്‍ക്കിടയിലുമുണ്ടാകുന്ന താണ് ഇവയ്ക്ക് അനുകൂല ഘടകങ്ങളായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം 450 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂമി രൂപപ്പെടുമ്പോള്‍ തന്നെ ഇവിടെ സ്വര്‍ണമുണ്ടായിരുന്നുവെന്നാണു കണക്കുകൂട്ടല്‍. എന്നാല്‍ ഭൂമി ആ സമയത്ത് ചുട്ടുപഴുത്ത അവസ്ഥയിലായിരുന്നു. ഘനമൂലകമായതിനാല്‍ത്തന്നെ ഉരുകിയ നിലയില്‍ സ്വര്‍ണം ഭൂമിയുടെ അടിത്തട്ടിലേക്കു പോകുകയും ചെയ്തു. ഭൂമിയുടെ അത്യഗാധതയിലായിരുന്നു ഇവയുടെ സ്ഥാനം. പിന്നെയെങ്ങനെ ഇവ ബാഹ്യപാളിയിലേക്കു വന്നു എന്നതാണു ചോദ്യം. അതിന് ഉത്തരം നല്‍കുന്നതാകട്ടെ ഭൂമിയിലേക്ക് കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് പതിച്ചിരുന്ന ഛിന്നഗ്രഹങ്ങളും.

400 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഛിന്നഗ്രഹങ്ങള്‍ തുടരെ ഭൂമിയിലേക്കു പതിച്ച ‘ലേറ്റ് ഹെവി ബംബാഡ്‌മെന്റ്’ എന്ന പ്രതിഭാസം സംഭവിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഭൂമിയുടെ അടിത്തട്ടില്‍ നിന്ന് സ്വര്‍ണം ഉള്‍പ്പെടെ മാന്റിലിലേക്കും ഭൂവല്‍ക്കത്തിലേക്കും എത്തുന്നത്. അങ്ങനെ എത്തപ്പെട്ട സ്വര്‍ണമാണ് ഇന്നി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കുഴിച്ചെടുക്കുന്നവയിലേറെയും. പുതിയ ഗവേഷണം പൂര്‍ണമായും അര്‍ജന്റീനിയന്‍ പാറ്റഗോണിയയെ കേന്ദ്രീകരിച്ചായിരുന്നു. എടുത്താല്‍ തീരാത്തത്ര സ്വര്‍ണമുണ്ടെന്നു കരുതുംവിധം ഇന്നും ഖനനം നടക്കുന്ന മേഖലകളിലൊന്നാണിത്.

മാന്റിലിലുള്ള വിള്ളലുകളാണ് ഭൂവല്‍ക്കത്തിലേക്ക് സ്വര്‍ണമെത്തിക്കുന്നതെന്ന് ഇവിടത്തെ പരിശോധനയില്‍ തെളിഞ്ഞു. എന്നാല്‍ ഭൂമിയില്‍ എല്ലായിടത്തും മാന്റിലില്‍ ഇത്തരം വിള്ളലുകളുണ്ടാകില്ല. വിള്ളലുകളുണ്ടായ ഇടങ്ങളാകട്ടെ സ്വര്‍ണഖനനത്തിനു പേരുകേട്ട സ്ഥലങ്ങളാവുകയും ചെയ്തു. ഇതിനു ബലം പകരുന്ന ഒരു തെളിവും ഗവേഷകര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ആഫ്രിക്കയിലും തെക്കേ അമേരിക്കയിലുമാണ് ഇന്നു ലോകത്തെ ഏറ്റവും പ്രധാന സ്വര്‍ണ ഖനന മേഖലകളുള്ളത്. ഇവ രണ്ടും കൂടിച്ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് സൂപ്പര്‍ കോണ്ടിനന്റ് ‘ഗോണ്ട്വാന’യുടെ ഭാഗമായിരുന്നു. എന്നാല്‍ ഇവയ്ക്കിടയിലൂടെ മാന്റിലിലുണ്ടായ കൂറ്റന്‍ വിള്ളലായിരിക്കാം രണ്ടു വന്‍കരകളാക്കി മാറ്റാന്‍ കാരണമായത്. അതുവഴി ഉരുകിയൊലിച്ചെത്തി ഭൂവല്‍ക്കത്തില്‍ പരന്ന ലാവയായിരിക്കാം സ്വര്‍ണത്തെയും എത്തിച്ചതെന്നും ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഗ്രനാഡ സര്‍വകലാശാലയിലെ ഗോണ്‍സാലസ് ജിമെനസ് പറയുന്നു.

പല തരം മൂലകങ്ങള്‍ നിറഞ്ഞ ഒരു ‘കെമിക്കല്‍ ഫാക്ടറി’യായി അതുവഴി മാന്റില്‍ മാറിയിട്ടുണ്ടാകാം. ഇവ പിന്നീട് സ്വര്‍ണത്തിന്റെ രൂപീകരണത്തിന് സഹായകരമായെന്നും കരുതാനാകും. ടെക്ടോണിക് ഫലകങ്ങളുടെ ചലനത്തിലൂടെയും സ്വര്‍ണമുള്‍പ്പെടെയുള്ള ലോഹങ്ങള്‍ ഭൂവല്‍ക്കത്തിലേക്കെത്തിച്ചേര്‍ന്നിട്ടുണ്ട്. പഠനത്തിന്റ ഭാഗമായി മാന്റിലില്‍ നിന്നുള്ള ‘സെനോലിത്’ ഘടകങ്ങള്‍ ഗവേഷകര്‍ പരിശോധിച്ചു. അഗ്‌നിപര്‍വത സ്‌ഫോടനങ്ങളിലൂടെയാണ് ഇവ ഭൂവല്‍ക്കത്തിലേക്കെത്തുന്നത്. അവയിലാകട്ടെ സ്വര്‍ണത്തിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. തലമുടി നാരിഴയുടെ വലുപ്പമേ സ്വര്‍ണത്തിന് ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇത്രയും നാളും പിടികൊടുക്കാതിരുന്ന ഒരു വലിയ രഹസ്യത്തെ ഇഴകീറി പരിശോധിക്കാനുള്ള തെളിവായിരുന്നു ശാസ്ത്രത്തിന് അവ.

shortlink

Related Articles

Post Your Comments

Related Articles


Back to top button