KeralaLatest NewsNews

ദുരൂഹ സാഹചര്യത്തിൽ ദമ്പതികൾ പൊള്ളലേറ്റു മരിച്ച നിലയിൽ

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തിൽ ദമ്പതികളെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. നാലാഞ്ചിറയ്ക്കു സമീപമുള്ള വാടകവീട്ടിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രി പതിനൊന്നരയോടെ‌ എറണാകുളം സ്വദേശികളായ റോയി (45), ഭാര്യ ഗ്രേസ് (41) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികൾ വിവരം അറിയിച്ചു പൊലീസും ഫയർഫോഴ്സും എത്തുമ്പോഴേക്കു രണ്ടുപേരുടെയും ശരീരം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇന്ന് മൃതദേഹങ്ങൾ മെഡിക്കൽ കോളജിലേക്കു മാറ്റുമെന്ന് പേരൂർക്കട പൊലീസ് അറിയിച്ചു.

റോയിയും കുടുംബവും നാലാഞ്ചിറ പനയപ്പള്ളി റോഡിലെ 120–ാം നമ്പർ വീട്ടിലാണു വാ‌ടകയ്ക്കു താമസിച്ചിരുന്നത്. താഴത്തെ നിലയിലാണു കാനറ ബാങ്ക് റിട്ട. ഉദ്യോഗസ്ഥനായ വീട്ടുടമസ്ഥൻ താമസിച്ചിരുന്നത്. റോയി മണ്ണന്തലയിൽ സ്വകാര്യ ജോബ് കൺസൽറ്റൻസി നടത്തുകയായിരുന്നു. ഇതുവഴി സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും മെഡിക്കൽ കോളജ് സ്റ്റേഷനിൽ റോയിക്കെതിരെ കേസുണ്ടെന്നും പൊലീസ് പറയുന്നു.

സിറ്റി ഷാഡോ പൊലീസ് സംഭവം നടക്കുന്നതിന് അര മണിക്കൂറോളം മുമ്പു സ്ഥലത്തെത്തി വിവരം തിരക്കിയിരുന്നതായി അയൽവാസികൾ പറഞ്ഞു. പൊലീസ് മടങ്ങിയതിനു തൊട്ടു പിന്നാലെ വീട്ടിൽനിന്നു തീയും പുകയും ഉയരുന്നതു ശ്രദ്ധയിൽപെട്ട നാട്ടുകാരാണു വിവരം പൊലീസിനെ അറിയിച്ചത്. പാചകവാതക സിലിണ്ടറിൽനിന്നാണു തീ പടർന്നതെന്നു പൊലീസ് സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button