Latest NewsNewsGulf

രാധയുടെ ദുരിത ജീവിതത്തിന് മോചനം: സഹായഹസ്തവുമായി മലയാളികള്‍

ഷാർജ: ഷാര്‍ജയില്‍ മൂന്ന് വര്‍ഷമായി അരയ്ക്ക് താഴെ തളര്‍ന്ന് കിടക്കുന്ന രാധയ്ക്കും കുടുംബത്തിനും മലയാളികള്‍ സഹായവുമായെത്തി. കൊല്ലം പുനലൂര്‍ സ്വദേശി രാധാ സുരേഷ് കുമാറാണ് മൂന്ന് വര്‍ഷമായി അരയ്ക്കു താഴെ തളര്‍ന്ന് കിടക്കുന്നത്. 2014ലായിരുന്നു എണീറ്റിരിക്കാന്‍ പോലും സാധിക്കാതെ രാധ കിടപ്പിലായത്. സാധാരണ ഗതിയില്‍ നടന്നിരുന്ന ഇവരുടെ കാലുകള്‍ക്ക് പെട്ടെന്ന് നീരു വരികയും പിന്നീട് നടക്കാന്‍ പറ്റാത്ത വിധം ശരീരം മുഴുവന്‍ നീര് വന്ന് വേദന പടരുകയുമായിരുന്നു. അധികം വൈകാതെ ഒരു ദിവസം പെട്ടെന്ന് അരയ്ക്ക് താഴെ തളര്‍ന്ന് കിടപ്പിലായതോടെ ജീവിതം ദുരിതത്തിലായി.

ഷാര്‍ജയില്‍ ഇലക്ട്രീഷ്യനാണ് രാധയുടെ ഭര്‍ത്താവ് സുരേഷ് കുമാര്‍. എന്നാല്‍ രാധ കിടപ്പിലായതോടെ സുരേഷിനും കൃത്യമായി ജോലിക്ക് പോകാന്‍ കഴിയാതെയായി. മകള്‍ അന്നയേയും രോഗിയായ രാധയേയും ശരിയായ രീതിയില്‍ നോക്കാന്‍ കഴിയാത്തതിനാല്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് അവധിയെടുത്തു. അതോടെ ആ ജോലിയും നഷ്ടപ്പെട്ടു. ഇതോടെ കുടുംബം പൂര്‍ണമായും വഴിയാധാരമായി. അതിനുശേഷം കൃത്യമായി ഭക്ഷണം പോലും കഴിക്കാതെയാണ് വര്‍ഷങ്ങളായി കുടുംബം അവിടെ കഴിയുന്നത്.

മാധ്യമങ്ങള്‍ രാധയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സഹായവുമായി മലയാളികളുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത്. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ട് യാത്രാ രേഖകള്‍ തയ്യാറാക്കി വരികയാണ്. സ്‌ട്രെക്ചറില്‍ കിടത്തി മാത്രമേ രാധയ്ക്ക് യാത്ര ചെയ്യാനാകൂ എന്നതിനാല്‍ ഇതിനുള്ള സൗകര്യം ചെയ്തുകൊടുക്കുകയും മൂവര്‍ക്കുമുള്ള സൗജന്യ വിമാന ടിക്കറ്റും നല്‍കുകയും ചെയ്യുമെന്നും കോണ്‍സല്‍ അറിയിച്ചതായി രാധയുടെ ഭര്‍ത്താവ് സുരേഷ് കുമാര്‍ പറഞ്ഞു. മകള്‍ അന്നാ പോളിനെയും കൂട്ടിയായിരുന്നു സുരേഷ് കുമാര്‍ കോണ്‍സുലേറ്റ് അധികൃതരെ കണ്ടത്

രാധയുടെ വാര്‍ത്ത വൈറലായതോടെ സാമൂഹിക പ്രവര്‍ത്തകരായ ഡോ.ആന്റണി തോമസ്, സിജു പന്തളം, ബിപിന്‍, ഷാര്‍ജ ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം പ്രസിഡന്റ് ഗണേഷ് അരമങ്ങാനം എന്നിവരും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, മലയാളി കൂട്ടായ്മ തുടങ്ങിയ സംഘടനകളും രാധയെയും അന്നാ പോളിനെയും സന്ദര്‍ശിച്ചു. ഇവര്‍ക്ക് വേണ്ട ഭക്ഷണ സാധനങ്ങളുമായാണ് സ്ത്രീകളടക്കം പലരും ഇവരുടെ ഫ്‌ലാറ്റിലെത്തിയത്. ഇത് തങ്ങള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നതായി സുരേഷ് കുമാര്‍ പറഞ്ഞു.കൂടാതെ, കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തക ഉമാ പ്രേമന്‍ രാധയ്ക്ക് താന്‍ നേതൃത്വം നല്‍കുന്ന ശാന്തി മെഡിക്കല്‍ സെന്ററില്‍ സൗജന്യ ചികിത്സ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

എട്ട് വയസുള്ള അന്നാ പോളാണ് മൂന്ന് വര്‍ഷമായി രോഗിയായ അമ്മയെ പരിചരിക്കുന്നത്. അജ്മാനിലെ സ്വകാര്യ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അന്ന. എന്നാല്‍ സുരേഷിന്റെ ജോലി കൂടി പോയതോടെ അന്നയുടെ ഫീസ് നല്‍കിയിട്ട് നാളുകളായി. ഫ്‌ലാറ്റിന്റെ വാടകയും വൈദ്യുതി ബില്ലും ഇതുവരെ അടച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഏത് നിമിഷവും വൈദ്യുതി ബന്ധം വിഛേദിക്കുന്ന അവസ്ഥയിലാണ്.

പതിനൊന്ന് വര്‍ഷമായി സുരേഷ് കുമാറും കുടുംബവും ഒമാനിലായിരുന്നു. അവിടെ സ്വന്തമായി ബിസിനസ് നടത്തിയിരുന്നത് പൊളിഞ്ഞതിനെ തുടര്‍ന്ന് സന്ദര്‍ശക വീസയില്‍ യുഎഇയിലേയ്ക്ക് വരികയായിരുന്നു. ഇതിന് സഹായിച്ച ഒരു പരിചയക്കാരനായ വാസുദേവന്‍ എന്നയാള്‍ സുരേഷിന്റെയും രാധയുടെയും പാസ്‌പോര്‍ട്ടുമായി മുങ്ങിക്കളഞ്ഞു. ഇതേ തുടര്‍ന്ന് യുഎഇ വിസ എടുക്കാനും സാധിച്ചില്ല. രാധ കിടപ്പിലായതോടെ നാട്ടിലേയ്ക്ക് മടങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഔട്ട്പാസ് എടുത്തിരുന്നു. എന്നാല്‍, അന്നാ പോളിന് ഔട്ട്പാസ് കിട്ടാത്തതിനാല്‍ യാത്ര മുടങ്ങുകയും ചെയ്തു.

രാധയ്ക്ക് ഫലപ്രദമായ ചികിത്സ നല്‍കിയാല്‍ വീണ്ടും പൂര്‍വസ്ഥിതിയിലാകുമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. എന്നാല്‍, ചികിത്സയ്ക്ക് യുഎഇയില്‍ വന്‍ തുക വരുമെന്നതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി യാതൊരു ചികിത്സയും നല്‍കുന്നില്ലായിരുന്നു. ശരീരം മുഴുവന്‍ നീര് വച്ച് തടിച്ചതിനാല്‍ ഒന്നു തിരിഞ്ഞു കിടക്കാന്‍ പോലും രാധയ്ക്ക് കഴിയില്ല. ഇപ്പോള്‍ ഇത്തരത്തില്‍ സഹായം ലഭിച്ചതിന്റെ പ്രതീക്ഷയിലാണ് രാധയും കുടുംബവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button