KeralaLatest NewsNews

ശബരിമലയിലും കനത്ത മഴ : തീര്‍ഥാടകര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം

ശബരിമല : തെക്കന്‍തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ശബരിമലയിലും കനത്ത മഴ. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ആരംഭിച്ച കാറ്റിനൊപ്പം തകര്‍ത്തുപെയ്ത മഴയും തീര്‍ഥാടകരെ ദുരിതത്തിലാക്കി. പമ്പയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു. ദുരന്ത നിവാരണസേനയും ഫയര്‍ഫോഴ്സും ചേര്‍ന്ന് വടംകെട്ടിയാണ് വാഹനങ്ങള്‍ കരയ്ക്കെത്തിച്ചത്. പമ്പ, ത്രിവേണി, ചക്കുപാലം എന്നിവിടങ്ങളിലെ പാര്‍ക്കിങ് ഏരിയകളില്‍നിന്ന് വാഹനങ്ങള്‍ മാറ്റി. ത്രിവേണി, പമ്പ മണപ്പുറം എന്നിവിടങ്ങളില്‍നിന്ന് തീര്‍ഥാടകരെ ഒഴിപ്പിച്ചു.

ശക്തമായ ഒഴുക്കുള്ളതിനാല്‍ പമ്പയില്‍ കുളിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പാണ്ടിത്താവളം, മരക്കൂട്ടം എന്നിവിടങ്ങളിലെ താല്‍ക്കാലിക ഷെഡുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി. മണ്ണിടിച്ചിലിനും മരങ്ങള്‍ കടപുഴകാനും സാധ്യതയുള്ളതിനാല്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ശബരിമല, പമ്പ, എരുമേലി, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. നിരവധി മരങ്ങള്‍ കടപുഴകി. വ്യാഴാഴ്ച രാവിലെ എട്ടരയോടെ അതിശക്തമായ കാറ്റ് വീശിയടിച്ചു. പിന്നാലെ മഴയും ശക്തിപ്രാപിക്കുകയായിരുന്നു.

ദര്‍ശനം കാത്തുനിന്നവര്‍ ഇതോടെ ചിതറിയോടി കടകളുടെയും മറ്റും വരാന്തയില്‍ ഇടംതേടി. പതിനെട്ടാംപടിക്ക് സമീപം ദര്‍ശനത്തിനായി കാത്തുനില്‍ക്കുകയായിരുന്ന ആലപ്പുഴ സ്വദേശി വിനേഷിന്(35) മരക്കൊമ്പ് ഒടിഞ്ഞുവീണ് പരിക്കേറ്റു. ഇയാളെ സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാവരുനടയ്ക്ക് സമീപം അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങളുടെ ശിഖരങ്ങള്‍ ഫയര്‍ഫോഴ്സും ദുരന്ത നിവാരണസേനയും ചേര്‍ന്ന് മുറിച്ചുമാറ്റി. സന്നിധാനത്തേക്കുള്ള പാതയിലെ വന്‍വൃക്ഷങ്ങളുടെ കൊമ്പുകളും മറ്റും മുറിച്ചുമാറ്റി. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായി. പുല്ലുമേട്, എരുമേലി പരമ്പരാഗത കാനനപാത വഴി സന്നിധാനത്തേക്ക് വരുന്നതിനും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി.

ഇതുവഴി വൈകിട്ട് മൂന്നിനുശേഷം ആരെയും കടത്തിവിട്ടില്ല. പമ്പയില്‍നിന്ന് മല കയറുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാന്‍ ദേശീയ ദുരന്തനിവാരണസേന, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവയെ നിയോഗിച്ചു. സന്നിധാനത്തും പമ്പയിലും ദ്രുതകര്‍മസേനയെയും വിന്യസിച്ചു. കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കി. കുട്ടികളും പ്രായമുള്ളവരുമായി യാത്ര ചെയ്യുന്നവര്‍ പിക്കറ്റ്പോസ്റ്റുകളില്‍ വിവരം നല്‍കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. രാത്രി ഏഴിനുശേഷം മല കയറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മഴയും കാറ്റും കണക്കിലെടുത്ത് തീര്‍ഥാടകരെ പൊലീസ് പമ്പയില്‍ തടഞ്ഞിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button