Latest NewsKeralaNews

യു.പി തദ്ദേശ തെരഞ്ഞെടുപ്പ്: മഥുരയില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം: വിജയിയെ നിര്‍ണയിച്ചത് നറുക്കെടുപ്പില്‍

ലക്നൗ•യു.പി തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ആകെയുള്ള 652 വാര്‍ഡുകളില്‍ 617 ഇടങ്ങളിലെ ലീഡ് നില അറിവായപ്പോള്‍ 315 ഇടത്തും ലീഡ് നേടി ബി.ജെ.പി മുന്നേറ്റം തുടരുകയാണ്. 108  സീറ്റുകളില്‍ ബി.എസ്.പിയും, 75 വാര്‍ഡുകളില്‍ എസ്.പിയും, കോണ്‍ഗ്രസ് 20 ഇടത്തും, മറ്റുള്ളവര്‍ 94 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

മഥുരയിലെ 56 ാം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ നറുക്കെടുപ്പിലൂടെ വിജയിയായി പ്രഖ്യാപിച്ചു. ഇവിടെ ബി.ജെ.പിയും കോണ്‍ഗ്രസും 874 വോട്ടുകള്‍ വീതം നേടി ഒപ്പത്തിനൊപ്പം എത്തിയതോടെയാണ് ഫലപ്രഖ്യാപനം നറുക്കെടുപ്പിലേക്ക് നീങ്ങിയത്. ബി.ജെ.പിയുടെ മീര അഗര്‍വാള്‍ ആണ് ഇവിടെ വിജയിയായത്.

നിലവിലെ ട്രെന്‍ഡ് അനുസരിച്ച് 16 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 13 ഇടത്തും ബി.ജെ.പി ലീഡ് ചെയ്യുകയാണ്. മൊറാദാബാദ്, അയോധ്യ-ഫൈസാബാദ്, വാരണാസി, ഫിറോസാബാദ്, സഹാറന്‍പൂര്‍, ലക്നൗ, ഗാസിയാബാദ്, ഗോരഖ്പൂര്‍, അലിഗഡ്, അലഹബാദ്‌, ബറേലി, കാണ്‍പൂര്‍, മഥുര എന്നിവിടങ്ങളിലാണ്‌ ബി.ജെ.പി ലീഡ് ചെയ്യുന്നത്.

നേരത്തെ മഥുരയില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്തിരുന്നുവെങ്കിലും നിലനിര്‍ത്താനായില്ല.

ഝാന്‍സി, ആഗ്ര,മീററ്റ് എന്നിവിടങ്ങളില്‍ മായാവതിയുടെ ബി.എസ്.പി ലീഡ് ചെയ്യുന്നു.

16 മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (നഗര്‍ നിഗം), 198 മുനിസിപ്പല്‍ കൌണ്‍സില്‍ (നഗര്‍ പാലിക പരിഷദ്), 438 നഗര്‍ പഞ്ചായത്തുകള്‍ എന്നിവടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 79,113 സ്ഥാനാര്‍ഥികളാണ് ജനവിധി കാത്തിരിക്കുന്നത്. ജില്ല, താലൂക്ക് ആസ്ഥാനങ്ങളിലെ 334 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. 7 മണിക്കൂറിനകം ഫലം പൂര്‍ണമായി അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button