Latest NewsEditorialSpecials

അന്താരാഷ്‌ട്ര അഴിമതി വിരുദ്ധ ദിനത്തില്‍ കേരളത്തിനു അവകാശപ്പെടാവുന്നത്

 

ഇന്ന് അന്താരാഷ്‌ട്ര അഴിമതി വിരുദ്ധ ദിനം. അഴിമതി എന്ന് കേള്‍ക്കുമ്പോള്‍ സോളാര്‍, പാമോയിലിന്‍, ലാവിലിന്‍ തുടങ്ങിയ കേസുകളാണ് മലയാളികള്‍ ആദ്യം ഓര്‍ക്കുക. അത്ര കണ് ഈ വാക്കുകള്‍ കേരള രാഷ്ട്രീയത്തില്‍ വേര് പതിപ്പിച്ചുകഴിഞ്ഞു. വര്‍ഷങ്ങളായി നമ്മള്‍ ഈ ദിനം ആചരിച്ചിട്ടും എന്തുകൊണ്ട് അഴിമതി മുക്ത രാജ്യം നേടാന്‍ കഴിയാത്തത്?

അഴിമതിക്കെതിരെയുളള പോരാട്ടം പല കോണുകളിലും ഒറ്റപെട്ട രീതിയില്‍ നടക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്തെ അഴിമതിക്കേസുകള്‍ ഭൂരിഭാഗവും കോടതികളില്‍ കെട്ടികിടക്കുകയാണ്. രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട 300ലധികം കേസുകളാണ് ഹൈക്കോടതിയില്‍ പതിറ്റാണ്ടുകളായി കെട്ടിക്കിടക്കുന്നത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? സംസ്ഥാനത്തെ അഴിമതി കേസുകള്‍ തീര്‍പ്പാക്കാന്‍ വൈകിപ്പിക്കുന്നതിന് പിന്നില്‍ മാറി വരുന്ന സര്‍ക്കാരുകള്‍ മുഖ്യ പങ്ക് വഹിക്കുന്നില്ലേ?. കാരണം ഓരോ സര്‍ക്കാരും അവരവരുടെ മുഖം രക്ഷിക്കാന്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിടും. ആ കേസ് തീര്‍പ്പാകുന്നതിനു മുന്‍പേ കാലാവധി കഴിഞ്ഞിറങ്ങും. അടുത്തു വരുന്ന സര്‍ക്കാര്‍ അവരുടെ ഇരട്ടത്താപ്പ് നയത്തിലൂടെ വീണ്ടും കേസ് മുന്നോട്ട് കൊണ്ട് പോകും. അതായത് എന്റെ അഴിമതി നിങ്ങൾ മിണ്ടാതിരുന്നാൽ നിങ്ങളുടേത് ഞാനും പറയില്ല എന്ന നയമാണ് ഇരു പാർട്ടികളും ഇതുവരെയും തുടരുന്ന സൂത്രവാക്യം. ഇത് പാവം മണ്ടന്‍മാരായ ജനങ്ങള്‍ തിരിച്ചറിയുന്നില്ല. കൂടാതെ രാഷ്ട്രീയ എതിരാളികളെ തുരത്താനും അവരുടെ വായ്‌ അടപ്പിക്കാനും ഈ അഴിമതി കേസുകള്‍ പലപ്പോഴും ഒരു ചൂണ്ടു പലകയാണ്. എന്നാല്‍ കേരളത്തെ മാറി മാറി ഭരിക്കുന്ന ഇടതു-വലതു കക്ഷികളിൽ ആരും അഴിമതിക്കാര്യത്തിൽ പിന്നിലല്ലാത്തതിനാൽ ഭരണം മാറി വരുന്ന അവസരങ്ങളിൽ അഴിമതിക്കെതിരേ നിർണ്ണായകമായ തീരുമാനങ്ങളെടുക്കാൻ ആർക്കും കഴിയാതെ വരുന്നു.

സംസ്ഥാനഭരണത്തിൽ, ഈ ഇരു പാര്‍ട്ടികള്‍ക്കും ബദലായി ഒരു മൂന്നാം കക്ഷി ഉയര്‍ന്നു വരേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഇപ്പോള്‍ കേന്ദ്ര ഭരണത്തിനൊപ്പം ബി ജെ പി സംസ്ഥാനത്തും ഏറെകുറെ ശക്തി പ്രാപിച്ചു കഴിഞ്ഞു. പലയിടങ്ങളിലും തിരഞ്ഞെടുപ്പ് സമയത്ത് ശക്തമായ മുന്നേറ്റം നടത്താനും തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനും ബിജെപിയ്ക്ക് കഴിഞ്ഞിട്ടുണ്ട്, ഇത്തരം ഒരു മൂന്നാം കക്ഷിയുടെ അസാന്നിധ്യം ഇടതുവലതു പക്ഷങ്ങളെ ഏറെക്കുറേ സഹായിച്ചിരുന്നു. എന്നാല്‍ അതിനൊരു മാറ്റം ഉണ്ടാകും. കാരണം നോട്ടു നിരോധനം മുതല്‍ ഒറ്റ നികുതി നടപ്പിലാക്കുന്നത് വരെയുള്ള ചരിത്ര നേട്ടങ്ങള്‍ നടപ്പിലാക്കുകയും അഴിമതി വിരുദ്ധ രാജ്യത്തിനായി അഹോരാത്രം പ്രയത്നിക്കുകയും ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാര്‍.

എന്തുകൊണ്ടാണ്‌ ആളുകൾ സത്യസന്ധർ ആയിരിക്കുന്നതിനു പകരം അഴിമതിക്കാർ ആയിരിക്കുന്നത്‌? ചിലരെ സംബന്ധിച്ചിടത്തോളം, കാര്യം നേടാനുള്ള എളുപ്പ മാർഗം, അല്ലെങ്കിൽ ഏക മാർഗം, അതായിരിക്കാം. ചിലരുടെ കാര്യത്തിൽ ശിക്ഷ ഒഴിവാക്കാനുള്ള സൗകര്യപ്രദമായ ഒരു വഴിയായിരിക്കാം കൈക്കൂലി. രാഷ്‌ട്രീയക്കാരും പൊലീസുകാരും ന്യായാധിപന്മാരും പ്രത്യക്ഷത്തിൽ അഴിമതിക്കു നേരെ കണ്ണടയ്‌ക്കുകയോ അതിൽ ഏർപ്പെടുക പോലുമോ ചെയ്യുന്നതു കണ്ട് അനേകരും അവരുടെ മാതൃക പിൻപറ്റുന്നു.

അഴിമതി അരങ്ങുതകർക്കവെ, ആളുകൾ അതിനെ ഒരു സാധാരണ സംഗതിയായി വീക്ഷിക്കാൻ തുടങ്ങുന്നു. ഒടുവിലത്‌ ജീവിതത്തിന്‍റെ ഭാഗമായിത്തീരുന്നു. വളരെ തുച്ഛമായ വേതനമുള്ള ആളുകൾ തങ്ങൾക്കു മറ്റൊരു പോംവഴിയും ഇല്ലെന്ന് കരുതാനിടയാകുന്നു. ഭേദപ്പെട്ട ഒരു ജീവിതം നയിക്കണമെങ്കിൽ കൈക്കൂലി ആവശ്യപ്പെട്ടേ തീരൂ എന്ന സ്ഥിതിയായിത്തീരുന്നു. കൈക്കൂലി നിർബന്ധമായി ആവശ്യപ്പെടുന്നവരും അവിഹിത നേട്ടങ്ങൾക്കായി അവർക്കു കൈക്കൂലി കൊടുക്കുന്നവരും ശിക്ഷിക്കപ്പെടാതെ പോകുമ്പോൾ, അധികമാരും ആ പ്രവണതയ്‌ക്കെതിരെ പോരാടാൻ തയ്യാറാകുന്നില്ല. അതിനൊപ്പമാണ് രാഷ്ട്രീയ ഒത്തുകളിളും. കോടതികളിൽ കേസുകൾ തോറ്റുകൊടുക്കുക, ആവശ്യമായ പ്രധാനപ്പെട്ട തെളിവുകൾ പൂഴ്ത്തി വച്ച് കേസ് ദുർബ്ബലപ്പെടുത്തുക തുടങ്ങി പ്രഥമവിവര റിപ്പോർട്ട് തയ്യാറാക്കുന്നതു മുതൽ അധികാരവർഗ്ഗത്തിന്റെ അഴിമതികളെ ലഘൂകരിക്കുവാൻ വേണ്ട പ്രവർത്തികളിൽ ഇരു രാഷ്ട്രീയകക്ഷികളും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവരെയുള്ള ഓരോ കേസുകളുടെയും നാൾവഴികൾ പരിശോധിച്ചാല്‍ ഇത് മനസിലാകും.

രാജ്യപുരോഗതിയെ പിന്നോട്ടടിക്കുന്ന അഴിമതിക്കെതിരേ സുശക്തമായ നിലപാടുകളും നയരൂപീകരണവും നടത്തുന്ന കേന്ദ്രസർക്കാരിന്റെ നടപടികൾ പൊതുസമൂഹത്തിന് ആശാവഹമാണ്. അഴിമതി നടത്തുന്നതു മാത്രമല്ല അതിനു കൂട്ടു നിൽക്കുന്നതും കുറ്റവും, ശിക്ഷാർഹവുമാണെന്ന വസ്തുത ഓരോ പൗരനും ബോധപൂർവ്വം ഉൾക്കൊളേളണ്ടതുണ്ട്. ഭാരതത്തിന്റെ പൂർണ്ണസ്വാതന്ത്ര്യം അഴിമതിമുക്തമായ ഒരു ഭരണസംവിധാനത്തിൽക്കൂടി മാത്രമേ സാദ്ധ്യമാവുകയുളളൂ എന്ന വസ്തുത നാം ഓരോരുത്തരും ഉൾക്കൊളേളണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button