Latest NewsInternational

യുഎഇയിൽ വിവാഹിതയാവാതെ പ്രസവിച്ച വിദേശ യുവതി കുട്ടിയെ ജനിച്ച ഉടൻ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി

ദുബായ് ; യുഎഇയിൽ വിവാഹിതയാവാതെ പ്രസവിച്ച വിദേശ യുവതി കുട്ടിയെ ജനിച്ച ഉടൻ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലാണ് 32 വയസുള്ള ഫിലിപ്പീൻ യുവതി ശുചിമുറിയിൽ വച്ചു പ്രസവിച്ച ഉടൻ കുഞ്ഞിന്റെ വായിൽ തുണിതിരുകി കൊലപ്പെടുത്തിയെന്ന് കുറ്റ സമ്മതം നടത്തിയത്.

അൽ ഖാസിസിലുള്ള സ്പോൺസറുടെ സഹോദരിയുടെ ഫ്ലാറ്റിൽ സെപ്റ്റംബർ 16നാണ് സംഭവം നടന്നത്. സ്പോൺസറുടെ സഹോദരിയും എയർ ഹോസ്റ്റസുമായ മുപ്പത്തിയാറുകാരിയുടെ മൊഴിയാണ് കേസിൽ വഴിത്തിരിവുണ്ടാക്കിയത്. അന്നേ ദിവസം ഏകദേശം ഒരു മണിയോടെ ഫിലിപ്പിൻ യുവതിയെ ഫ്ലാറ്റിൽ അസ്വസ്ഥമായ സാഹചര്യത്തില്‍ കണ്ടു. ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നു കാര്യം തിരക്കിയപ്പോൾ പറഞ്ഞു.

ശുചിമുറിയിൽ കയറിയ യുവതി ഏതാണ്ട് രണ്ടു മണിക്കൂറോളം അവിടെയിരുന്നു. നിരവധി തവണ വാതിലിൽ മുട്ടിയിട്ടും പുറത്തുവന്നില്ല. ഒടുവിൽ പുറത്തുവന്നപ്പോൾ അവരുടെ കയ്യിൽ ഒരു പ്ലാസ്റ്റിക് ബാഗ് ഉണ്ടായിരുന്നു.  പുറത്തു വന്ന യുവതി അടുക്കളയുടെ വാതിലിന് സമീപം അത് വച്ച ശേഷം കസേരയിൽ ഇരുന്നു.

യുവതിയുടെ ശരീരത്തിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. വളരെ ക്ഷീണിതയായി കണ്ടതിനാൽ ആശുപത്രിയിൽ പോകാമെന്നു പറഞ്ഞെങ്കിലും യുവതി സമ്മതിച്ചില്ല. സ്ഥിതി വഷളായതോടെ മൂന്നു മണിക്ക് ആംബുലൻസ് വിളിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നതെന്നും യുവതി പ്രസവിച്ചുവെന്നും അതിനാലാണ് രക്തം വരുന്നതെന്നും ഡോക്ടര്‍ പറഞ്ഞതായും സ്പോൺസറുടെ സഹോദരി കോടതിയിൽ മൊഴി നല്‍കി.

നിയമാനുസൃതമല്ലാതെ പ്രസവം നടന്ന കാര്യം ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. തുടർന്ന് ഫ്ലാറ്റിൽ എത്തി പരിശോധന നടത്തിയ പോലീസ് യുവതിയുടെ വസ്ത്രങ്ങളും മറ്റും അടങ്ങിയ ബാഗിൽ മരിച്ച കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.  ഫോറൻസിക് പരിശോധനയിൽ ജനിച്ച കുഞ്ഞ് ആരോഗ്യവാൻ ആയിരുന്നുവെന്നും ശ്വാസം മുട്ടിയാണ് മരിച്ചതെന്നും തെളിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button