Latest NewsNewsLife Style

നിര്‍ബന്ധമായും സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യം

സിസേറിയനിലൂടെ ഡെലിവറി കഴിഞ്ഞവരോട് പത്താംക്ലാസ്സ് പാസ്സായ പിള്ളേരോടുള്ള മനോഭാവമാണ് ചിലര്‍ക്ക് അല്ലേ ? സുഖപ്രസവമെന്നാല്‍ അത്ര സുഖമുള്ള ഏര്‍പ്പാടൊന്നും അല്ലെങ്കിലും പ്രസവം കഴിഞ്ഞാല്‍ സുഖ പ്രസവക്കാര്‍ക്ക് അത്ര വല്യ ബുദ്ധിമുട്ടുകളൊന്നും തന്നെ ഉണ്ടാകാറില്ല.

അതിനാലായിരിക്കും അതിന് “സുഖപ്രസവം” എന്ന് തന്നെ പേരിട്ടത്. പ്രസവ സമയത്താണെങ്കിലോ ഈ പേരിട്ടവനെ കയ്യില്‍ കിട്ടിയിരുന്നെങ്കിലോ, എന്ന് ചിന്തിക്കുന്നവരും ഉണ്ട്. എങ്കിലും പ്രസവം കഴിയുന്നതോടെ വേദനകളെല്ലാം അവസാനിച്ച് സന്തോഷത്തിലേക്ക് വഴിമാറുന്നു. ചിലര്‍ക്ക് ഒന്നോ രണ്ടോ സ്റ്റിച്ചുണ്ടാകുമെങ്കിലും രണ്ടോ മൂന്നോ ദിവസം കൊണ്ട് അതും പൊഴിഞ്ഞ് പോകുന്നു. പിന്നെ ആജീവനാന്തം പ്രശ്നമില്ല. അതാണ് സുഖപ്രസവം.

സിസേറിയനിലൂടെ പ്രസവിക്കേണ്ടി വരുന്നവരാരും ആദ്യമേ അത് തിരഞ്ഞെടുക്കുന്നതല്ല. ആദ്യത്തെ ഡെലിവറിയാണെങ്കില്‍ ഡോക്ടര്‍മാര്‍ പരമാവധി നമുക്ക് നോര്‍മല്‍ ഡെലിവറിയാക്കാനാണ് ശ്രമിക്കുക. എത്തിക്സുള്ള ഒരു ഡോക്ടറും ചുമ്മാ സിസേറിയന്‍ നടത്താറില്ല എന്നതാണ് വാസ്തവം.

പ്രസവവേദന വൈകുകയോ, ഇടവേളകളുണ്ടാകുകയോ ചെയ്യുന്നവര്‍ക്ക് കൃതൃമമായി മരുന്ന് കേറ്റി വേദന വരുത്താറുണ്ട്. ശരീരം നുറുങ്ങിപ്പോകുന്ന വേദനയായിരിക്കും ആ സമയത്ത് ഉണ്ടാകുന്നത്. അതെല്ലാം സഹിച്ചാലും യൂട്രസ് ഓപ്പണാവാത്തവരുണ്ട്. ഇതിനിടയില്‍ പൊക്കിള്‍ കൊടി കുഞ്ഞിന്‍റെ കഴുത്തില്‍ ചുറ്റിപ്പോകുന്നതും സ്വാഭാവീകമാണ്. ഇത്തരം കേസുകളില്‍ സിസേറിയനിലൂടെയല്ലാതെ കുഞ്ഞിനെ പുറത്തെടുക്കാന്‍ സാധ്യമല്ല.

വേദന സഹിച്ച് തളര്‍ന്നവരെ ചിലപ്പോള്‍ അനസ്റ്റ്യേഷ്യയിലൂടെ മയക്കിയാണ് സിസേറിയന്‍ ചെയ്യുന്നത്. അല്ലാത്തവരെ C ഷെയ്പ്പില്‍ വളച്ച് നട്ടെല്ലിന്‍മേല്‍ ഇന്‍ഞ്ചക്ഷന്‍ ചെയ്ത് മരവിപ്പിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ സ്വര്‍ഗ്ഗവും നരകവുമെല്ലാം കണ്‍മുന്‍പില്‍ തെളിഞ്ഞ് വരുമെന്നതാണ് അതിന്‍റെ പ്രത്യേകത. അടിവയറില്‍ ഒരു ചാണ്‍ നീളത്തില്‍ തുറന്നാണ് കുഞ്ഞിനെ പുറത്തെടുക്കുന്നത്. ശേഷം സ്റ്റിച്ചിടുന്നു. അപ്പോഴൊന്നും വേദനയറിയുന്നില്ല. മണിക്കൂറുകള്‍ക്ക് ശേഷം റൂമിലേക്ക് മാറ്റിയാല്‍ പിന്നെ ഒന്നും പറയണ്ട.

ഒരു ചെറിയ മുറിവുണ്ടായി സ്റ്റിച്ചിട്ടാല്‍ എങ്ങിനെയുണ്ടായിരിക്കും വേദന. അപ്പോള്‍ അടിവയറ്റില്‍ ഒരു ചാണ്‍ നീളത്തില്‍ സ്റ്റിച്ചിട്ടാലുള്ള അവസ്ഥ പ്രത്യേകം പറയണ്ടാലോ. അതിനിടയില്‍ തുമ്മലോ ചുമയോ വന്നാല്‍ പിന്നെ ഭൂലോകം മുഴുവന്‍ നമ്മുടെ കണ്ണില്‍ കറങ്ങുന്നത് പോലെ തോന്നും. വേദന സഹിക്കാതാകുമ്പോള്‍ ഇടക്കിടെ വേദനസംഹാരികള്‍ തണ്ടെല്ലിന് കുത്തിവെക്കുമെങ്കിലും കുത്തിയതിന് ശേഷമുള്ള തിരുമ്മല്‍ സഹിക്കുന്നതിനേക്കാള്‍ നല്ലത് വേദന സഹിക്കുന്നതായിരുന്നു എന്ന് തോന്നിപ്പോകും.

എണീറ്റിരിക്കുമ്പോഴും ചെരിഞ്ഞ് കിടക്കുമ്പോഴുമെല്ലാം വേദന തന്നെ. ചുരുക്കിപ്പറഞ്ഞാല്‍ ദിവസങ്ങളോളം നീണ്ട് നില്‍ക്കുന്ന വേദന സമ്മാനിക്കുന്നതാണ് സിസേറിയന്‍. കൂടെ ‘ആജീവനാന്തം നടുവേദ’ ഫ്രീയായി ലഭിക്കുകയും ചെയ്യുന്നു. പ്രസവം കഴിഞ്ഞ് നാളെത്ര കഴിഞ്ഞാലും പനിയോ ജലദോഷമോ വന്നാല്‍ പോലും ആദ്യം വേദനിക്കുന്നത് സിസേറിയന്‍ ചെയ്ത സ്റ്റിച്ചിലായിരിക്കും (നീര് വീഴ്ചയാണെന്ന് പറയുന്നു ).

ഇങ്ങനെ ഒരു പ്രസവം കൊണ്ട് ആജീവനാന്ത വേദനകള്‍ സമ്മാനിക്കുന്ന സിസ്റ്റത്തെയാണ് നിങ്ങളെല്ലാം വളരെ ലാഘവത്തോടെ കാണുന്നത്. സിസേറിയനിലൂടെ പ്രസവിക്കുന്നവരേക്കാള്‍ കുട്ടികളോടുള്ള അറ്റാച്ച് മെന്‍റ് കൂടുതലുള്ളത് സുഖപ്രസവക്കാര്‍ക്കാണ് എന്നും ചില വിവരദോഷികള്‍ പറയുന്നുണ്ട്. അങ്ങിനെ പറയുന്നതില്‍ ഒരു കാര്യവും ഇല്ല എന്ന് പറയാന്‍ ഞാനീ അവസരം വിനിയോഗിക്കുകയാണ് സുഹൃത്തുക്കളേ .

നമ്മള്‍ അനുഭവിക്കാത്ത വേദനയൊന്നും വേദനകളല്ല എന്ന ടിപ്പിക്കല്‍ മലയാളിയുടെ മനോഭാവമാണ് സിസേറിയനിലൂടെ പ്രസവിച്ചവരോടുള്ള ചിറ്റമ്മ നയത്തിന് പിന്നിലുള്ളത്. അതെല്ലാം മാറ്റേണ്ട സമയമായിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button