KeralaLatest NewsNews

മക്കളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യത്തിന് പരിഹാരം കാണാനാവാതെ വക്കച്ചന്‍ യാത്രയായി

പാലാ : മക്കളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യത്തിന് പരിഹാരം കാണാനാവാതെ നെല്ലിയാനി കൊച്ചുകാക്കനാട്ട് വക്കച്ചന്‍ യാത്രയായി. 8 വര്‍ഷമായി നടത്തുന്ന നിയമപോരാട്ടത്തിനു ഇനി വക്കച്ചന്‍ ഉണ്ടാവില്ല. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം വഴി പ്രധാനമന്ത്രിക്കു നല്‍കിയ നിവേദനം തന്റെ ആവശ്യത്തിനു പരിഹാരം കാണുമെന്ന പ്രതീക്ഷയിലായിരുന്നു വക്കച്ചന്‍. മക്കളുടെ അപ്രതീക്ഷിത വിയോഗത്തെത്തുടര്‍ന്നു മാനസികമായി തകര്‍ന്ന നിലയിലായിരുന്നു വക്കച്ചന്‍. ഈ മാനസികബുദ്ധിമുട്ടിനെത്തുടര്‍ന്നാണ് എഴുപത്തിനാലാം വയസ്സില്‍വക്കച്ചന്‍ മരിക്കാനിടയായതെന്നു ബന്ധുക്കള്‍ പറഞ്ഞു.

2009 ആഗസ്റ്റ് 30ന് പുലര്‍ച്ചെ മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യാ സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന പാലാ നെല്ലിയാനി കൊച്ചുകാക്കനാട്ട് വിനു (28), സഹോദരന്‍ വിപിന്‍ (25) എന്നിവര്‍ ബൈക്കില്‍ സഞ്ചരിക്കവെ പാലാ ബിഷപ്ഹൗസിനു മുന്നില്‍ ദുരൂഹസാഹചര്യത്തില്‍ അപകടത്തില്‍പ്പെട്ടു മരണമടഞ്ഞത്. വിവാഹനിശ്ചയം കഴിഞ്ഞ വിനുവിന്റെ വിവാഹം 2009 സെപ്തംബര്‍ ഏഴിനു നടത്താന്‍ നിശ്ചയിച്ചിരുന്നു. വീട്ടില്‍ കല്യാണ ഒരുക്കങ്ങളുടെ ഭാഗമായി പെയിന്റിംഗ് ജോലി നടക്കുകയായിരുന്നു. അര്‍ദ്ധരാത്രിക്കുശേഷം വിനുവും വിപിനും പെയിന്റ് ചെയ്തിരുന്ന റെജി എന്നയാള്‍ക്ക് ഭക്ഷണം വാങ്ങി കൊടുക്കാനായി ബൈക്കില്‍ ടൗണിലേക്ക് പോയി.

പിന്നെയറിയുന്നത് രാത്രി 1.30ന് ബൈക്കപകടത്തില്‍ ഇരുവരും മരിച്ചുവെന്നാണ്. പോലീസ് ജീപ്പിലാണ് ഇരുവരെയും പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. പോലീസ്ജീപ്പ് കണ്ട് വേഗത്തിലോടിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരുകില്‍ പാര്‍ക്കു ചെയ്തിരുന്ന റോഡ് റോളറില്‍ ഇടിച്ചാണ് അപകടമെന്നാണ് പോലീസ് ഭാഷ്യം. അങ്ങനെ തന്നെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നതും. എന്നാല്‍ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചതിന്റെ ലക്ഷണങ്ങള്‍ ഒന്നും റോഡ് റോളറില്‍ കാണാനുണ്ടായിരുന്നില്ല. അപകടത്തെത്തുടര്‍ന്ന് ഫോറിന്‍സിക് അധികൃതര്‍ നടത്തിയ തെളിവെടുപ്പിലും ബൈക്ക് റോഡ് റോളറില്‍ ഇടിച്ചതായി കണ്ടെത്താനായില്ല. അപകടത്തിനിടയാക്കിയ പോലീസ് ജീപ്പ് പാലാ സ്റ്റേഷനില്‍നിന്നും മാറ്റിയതായും ആരോപണമുയര്‍ന്നിരുന്നു.

ഇതേത്തുടര്‍ന്ന് വക്കച്ചന്‍, മുഖമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഭക്ഷണം വാങ്ങി തിരികെ വരുമ്പോള്‍ പിന്‍തുടര്‍ന്നെത്തിയ പോലീസ് ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നായിരുന്നു പരാതി. ഇതേത്തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണം കാര്യക്ഷമമാകാത്തതിനെത്തുടര്‍ന്ന് വക്കച്ചന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു അഡ്വ. അലക്‌സ് അകത്തുപറമുണ്ടവഴി സ്വകാര്യ അന്യായം പാലാ മജിസ്‌ട്രേറ്റ് ഫയല്‍ ചെയ്തു. ഇത് അംഗീകരിച്ച് കോടതി ഉത്തരവിട്ടെങ്കിലും സാങ്കേതികത്വം പറഞ്ഞു സിബിഐ അന്വേഷണം തടസ്സപ്പെടുത്തി.

തുടര്‍ന്ന് പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ അഡ്വ. വി.ജി. വേണുഗോപാല്‍ വഴി സമര്‍പ്പിച്ച പരാതിയെ തുടര്‍ന്ന് 2016 ഏപ്രില്‍ 18ന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദിനേശ് എം. പിള്ള ആറുമാസത്തിനുള്ളില്‍ കേസന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടും പോലീസിന്റെ ഭാഗത്തുനിന്നു ഇതേവരെ യാതൊരുനടപടിയും ഉണ്ടായിട്ടില്ല. ഇതേ തുടര്‍ന്നാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ സമീപിച്ചത്. വക്കച്ചന്റെ സംസ്‌ക്കാരം ഇന്ന് (21/12/2017) രാവിലെ 10നു ളാലം പുത്തന്‍പള്ളി സെമിത്തേരിയില്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button