Latest NewsNewsGulf

സൗദിയിലും യു.എ.ഇയിലും വാറ്റ് ജനുവരി മുതല്‍ : പ്രവാസികള്‍ക്ക് കരുതല്‍ വേണം

ദുബായ് : ഗള്‍ഫിലെ പ്രബല രാജ്യങ്ങളായ സൗദി അറേബ്യയും യുഎഇയും പുതുവര്‍ഷം മുതല്‍ മൂല്യ വര്‍ധിത നികുതി (വാറ്റ് ) നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ ഇതുസംബന്ധിച്ചു ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ബഹ്റൈന്‍ അടുത്തവര്‍ഷം മധ്യത്തോടെ വാറ്റ് കൊണ്ടുവരുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന ഗള്‍ഫ് രാജ്യങ്ങളും അധികം വൈകാതെ നികുതി കൊണ്ടുവരും എന്നുതന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്.

എണ്ണയേതര വരുമാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എല്ലാ സാധനങ്ങള്‍ക്കും ദൈനംദിന ഇടപാടുകള്‍ക്കും നികുതി ഏര്‍പ്പെടുത്തുന്നതെന്ന് ഇരു രാജ്യങ്ങളുടെയും ടാക്‌സ് അതോറിറ്റികള്‍ അറിയിച്ചുകഴിഞ്ഞു. വാറ്റ് നടപടികള്‍ക്കായുള്ള എല്ലാ മുന്നൊരുക്കങ്ങളും വ്യാപാര സ്ഥാപനങ്ങളില്‍ പൂര്‍ത്തിയാക്കി. നികുതി പിടിച്ചെടുക്കുന്നതിനുള്ള സാങ്കേതിക പരിശീലനം ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് നികുതി തീരുമാനം നടപ്പിലാക്കുന്നതു ഇരു രാജ്യങ്ങളും നീട്ടിവയ്ക്കില്ല എന്നുതന്നെയാണ്.

ഒരു ഉത്പന്നം ആവശ്യക്കാരന്റെ കൈകളില്‍ എത്തുന്നത് വരെയുള്ള ഓരോ ഘട്ടത്തിലും അഞ്ചു ശതമാനം നികുതി നല്‍കേണ്ടിവരും. ഉത്പാദനം മുതല്‍ അവസാന ഘട്ട വില്‍പ്പന വരെ നികുതി ഇനത്തില്‍ പണം നല്‍കേണ്ട സ്ഥിതിയുണ്ടാകും. ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക സുസ്ഥിരത ലക്ഷ്യം വച്ചാണ് വാറ്റ് പ്രാബല്യത്തിലാകുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണയ്ക്കുണ്ടായ വിലയിടിവ് മറികടക്കാനുള്ള ശ്രമം കൂടിയാണിത്. ഇന്ധനത്തിനും ജല , വൈദ്യുത ഉപയോഗത്തിനും സ്വദേശികള്‍ക്കുള്ള സര്‍ക്കാര്‍ സഹായവും കുറയ്ക്കും. ഇതോടെ ഊര്‍ജ , ജല ദുര്‍വിനിയോഗത്തില്‍ കാതലായ മാറ്റമുണ്ടാകുമെന്നും കരുതപ്പെടുന്നു. മാറിയ പശ്ചിമേഷ്യന്‍ സാഹചര്യത്തില്‍, വാറ്റ് വഴി ലഭിക്കുന്ന വരുമാനം ഈ രാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതി ഭദ്രമാക്കാന്‍ ഏറെ സഹായകമാകും എന്നതില്‍ സംശയമില്ല.

ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം സൗദിയില്‍ വാറ്റ് വഴി ആദ്യ വര്‍ഷം ലഭിക്കുന്നത് 6.1ബില്യന്‍ ഡോളര്‍ ആണെങ്കില്‍ യു എ ഇ യില്‍ വാറ്റ് നല്‍കുന്നത് 3.2 ബില്യന്‍ ഡോളറിന്റെ അധിക വരുമാനമാണ്. കൂടാതെ വിദേശ തൊഴിലാളികള്‍ക്കുള്ള പലവിധ നിരക്കുകള്‍ വഴി മാത്രം സൗദിക്ക് കിട്ടുന്നത് 7.5 ബില്യന്‍ ഡോളര്‍ ആയിരിക്കുമെന്നും കണക്കാക്കിയിട്ടുണ്ട്. പുകയില, ഊര്‍ജ ദായക പാനീയങ്ങള്‍, ഇതര വാതക പാനീയങ്ങള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ അധിക നികുതി വഴി 2.4 ബില്യന്‍ ഡോളര്‍ അധിക വരുമാനവും പ്രതീക്ഷിക്കുന്നുണ്ട്. എല്ലാ ഗള്‍ഫ് രാജ്യങ്ങളും വാറ്റ് നടപ്പാക്കിയാല്‍ 25 ബില്യന്‍ ഡോളര്‍ അധികം ലഭിക്കുമെന്നാണ് സാമ്പത്തിക പഠന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമല്ല ഇത്തരം നികുതി സമ്പ്രദായം നിലനില്‍ക്കുന്നത്. 160 രാജ്യങ്ങള്‍ നികുതി വഴി വരുമാനം സമാഹരിക്കുന്നതായി സാമ്പത്തിക വിദഗ്ധന്‍ മര്‍വാന്‍ അല്‍ ശര്‍ശാബി പറഞ്ഞു.

പ്രവാസികള്‍ക്ക് കരുതല്‍ വേണം

പുതുവത്സര ആഘോഷത്തിന് കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് വാറ്റ് വരും വര്‍ഷങ്ങളില്‍ ജീവിത ചെലവ് കൂട്ടും എന്ന സന്ദേശമാണ് നല്‍കുന്നത്. അറബ് രാജ്യങ്ങളിലുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളും യുദ്ധവും കുറെ കാലമായി ഗള്‍ഫ് പ്രവാസികളെ പരോക്ഷമായി ബാധിച്ചിരുന്നു. പ്രശ്‌ന ബാധിത ദേശങ്ങളില്‍ നിന്നും പഴങ്ങളും പച്ചക്കറികളും വരവും വിളവെടുപ്പും നിലച്ചതോടെ അവയുടെ വില വിപണികളില്‍ കൂടി. അവശ്യസാധനങ്ങളുടെ ഈ വിലവര്‍ധന സംബന്ധിച്ച് അവര്‍ വേണ്ടത്ര ബോധവാന്മാര്‍ ആയിരുന്നില്ല. എന്നാല്‍ പ്രത്യക്ഷമായ നികുതിയാണ് ഇപ്പോള്‍ ഗള്‍ഫ് പ്രവാസികളെ പിടികൂടുന്നത്.

അതേസമയം വേതനത്തില്‍ കാര്യമായ വര്‍ധനയ്ക്ക് സാധ്യത ഇല്ലെന്നതും പ്രവാസം കൂടുതല്‍ പ്രയാസകരമാക്കും. വാറ്റ് വരുന്നതിനു മുന്‍പേ തന്നെ പല വ്യപാര സ്ഥാപനങ്ങളും വിലവര്‍ധന വര്‍ത്തിയിട്ടുണ്ട്. വാറ്റിനു മുന്‍പേ വിറ്റഴിക്കുന്ന ‘വിലക്കുറവുള്ള വസ്തുക്കള്‍’ വഴി കൈപിടിയിലുള്ള പണം കൈവിട്ടു പോകുമെന്ന ബോധ്യം ഇടത്തരം വരുമാനക്കാര്‍ക്ക് വേണം. ആവശ്യവും അത്യാവശ്യവും അനാവശ്യവും വേര്‍തിരിച്ചു അറിഞ്ഞു കൊണ്ടായിരിക്കണം സാധനങ്ങള്‍ വാങ്ങികൂട്ടേണ്ടതെന്നു സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വാറ്റിനെ രചനത്മകമായി നേരിടാന്‍ വേഷത്തിലും വിഭവങ്ങളിലും കാതലായ മാറ്റം വരുത്തിയ വിദേശികളും ഗള്‍ഫിലുണ്ട്.

ആഗോള സാമ്പത്തിക മാന്ദ്യ കാലത്ത് അഭ്യൂഹങ്ങള്‍ ആളുകളെ കൂടുതല്‍ ഭീതിയിലാഴ്ത്തിയിരുന്നു. എന്നാല്‍ മൂല്യ വര്‍ധിത നികുതി ഒരു ഊതിപ്പെരുപ്പിച്ച വാര്‍ത്തയല്ല. പ്രവാസികളുടെ ജീവിതത്തെ അടിമുടി സ്വാധീനിക്കുന്ന അനുഭവതല ജ്ഞാനമായിരിക്കുമത്. കരുതലോടെ കഴിയാനുള്ള സാമ്പത്തിക അച്ചടക്കം വേണമെന്ന് ‘വാറ്റ് ‘പ്രവാസികളോടും അവരെ ആശ്രയിച്ചു നാട്ടില്‍ കഴിയുന്ന കുടുംബങ്ങളോടും അടക്കം പറയുന്നുണ്ട്. മാറിയ ഗള്‍ഫ് സാഹചര്യങ്ങളോട് അനുഗുണമായി പ്രതികരിക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രവാസികളുടെ നിറമുള്ള സ്വപ്നങ്ങള്‍ക്ക് അതു മങ്ങലേല്‍പ്പിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button