Latest NewsKeralaNews

കെട്ടിപ്പിടിക്കല്‍ വിവാദം; ‘ഞാനും കണ്ടിട്ടുണ്ട് മൂത്രപ്പുരയ്ക്ക് പിന്നിലെ ആലിംഗനം; എഴുത്തുകാരി ശാരദക്കുട്ടി

സ്കൂളില്‍ വച്ച്‌ കെട്ടിപ്പിടിച്ചെന്ന പേരില്‍ വിദ്യാര്‍ഥികളെ പുറത്താക്കിയ സ്കൂള്‍ മാനേജ്മെന്റിന്റെ നടപടിക്കെതിരെയും അധ്യാപകരുടെയും മനോഭാവത്തിനെതിരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വിമര്‍ശങ്ങളുയര്‍ന്നിരുന്നു. ഇപ്പോളിതാ എഴുത്തുകാരി ശാരദകുട്ടി ഈ കാര്യത്തിൽ അവരുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എഴുത്തുകാരി വിമർശിച്ചിരിക്കുന്നത്. കുട്ടികള്‍ ചെയ്തത് തെറ്റാണെന്ന് വാദിച്ച്‌ അവരെ കുറ്റക്കാരാക്കാന്‍ ശ്രമിക്കുന്ന പലരും ഭൂതകാലം മറന്നുപോയോ എന്ന് അവർ ചോദിക്കുന്നു.

തന്റെ സ്കൂള്‍ കാലത്ത് മൂത്രപ്പുരയുടെ പിന്നില്‍ വച്ച്‌ ഹൈസ്കൂളിലെ ചേച്ചിയും ചേട്ടനും കെട്ടിപ്പിടിച്ചു നില്‍ക്കുന്നത് കണ്ടിട്ടുണ്ടെന്ന് ശാരദക്കുട്ടി പറയുന്നു. വിവരം പുറത്തുപറയാതിരിക്കാന്‍ ഇവര്‍ ഐസ് സ്റ്റിക് വാഗ്ദാനം ചെയ്തതും ശാരദക്കുട്ടി ഓര്‍മ്മിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

മൂത്രപ്പുരയുടെ പിന്നില്‍ വെച്ച്‌ ഹൈസ്കൂളിലെ ഒരു ചേച്ചിയും ചേട്ടനും കെട്ടിപ്പിടിച്ചു നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഓടിപ്പോയ എന്നെ വിളിച്ച്‌ ആരോടും പറയാതിരുന്നാല്‍ സ്പോ്ര്‍ട്സ് ഡേക്ക് ഐസ് സ്റ്റിക് വാങ്ങിത്തരാമെന്നു പറഞ്ഞു. ഞങ്ങളൊക്കെ പഠിക്കുന്ന കാലത്തും സ്ക്കൂളില്‍ പ്രണയമുണ്ടായിരുന്നു. തൂണിന്റെ മറവിലും മരത്തിന്റെ ചുവട്ടിലും മൂത്രപ്പുരയുടെ പിന്നിലും കിണറ്റുകരയിലും ഒക്കെ രഹസ്യമായും പരസ്യമായും പ്രണയിച്ചിരുന്നവര്‍. സ്പോര്‍ട്ട്സ് ദിവസങ്ങളില്‍ ആണ് രസം. സീനിയര്‍ ചേച്ചിമാര്‍ ചേട്ടന്മാര്‍ക്കു കൊടുക്കാന്‍ എഴുതിത്തന്നു വിട്ടിരുന്ന കുറിപ്പുകള്‍ കൃത്യവിലോപമില്ലാതെ എത്തിച്ചിരുന്നതിനു പകരമായി എത്ര തവണ ഐസ്സ്റ്റിക് വാങ്ങിക്കഴിച്ചിട്ടുണ്ട്. അവരുടെയൊക്കെ മക്കളോ കൊച്ചുമക്കളോ ആണ് യൂണിഫോമില്‍ ഞെരുങ്ങി ,ചൂരലില്‍ കുരുങ്ങി സൈനിക റെജിമെന്റുകളിലെന്നതു പോലെ വൈകാരികമായി വന്ധ്യംകരിക്കപ്പെട്ടു കഴിഞ്ഞു കൂടുന്നത്. സ്കൂളിലെ നിത്യകാമുകിയായിരുന്ന ഒരു ചേച്ചി, കുട്ടികള്‍ക്കു സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവരെ പരിഹസിച്ചും നിന്ദിച്ചും കഴിഞ്ഞ ദിവസം ഒരിടത്തു പ്രസംഗവും കൗണ്‍സിലിങ് ക്ലാസും നടത്തുന്നതു കണ്ടപ്പോള്‍ ഓര്‍ത്തു പോയതാണ്.. ചേച്ചി റിട്ടയര്‍ഡ് ഹെഡ്മിസ്ട്രസാണ്. ചേച്ചീ, ആദ്യ ഐസ് ക്രീം എനിക്കു വാഗ്ദാനം ചെയ്ത ആ മൂത്രപ്പുരയുടെ സുഗന്ധം മറന്നു പോയതെങ്ങനെ?.. എന്റെ 12 വയസ്സില്‍ അന്നു നിങ്ങളെ കണ്ടപ്പോഴുണ്ടായ ആ കുളിര് എന്റെ ദേഹത്തു നിന്നിപ്പോഴും മാറിയിട്ടില്ലല്ലോ.

 

shortlink

Post Your Comments


Back to top button