Latest NewsNewsIndia

ബിജെപിയ്ക്ക് ബദല്‍ എങ്ങിനെ ആകണമെന്നും ആരാകുമെന്നും വെളിപ്പെടുത്തുന്ന സിപിഎം പ്രഖ്യാപനം

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരായ ബദല്‍ ഇടത്, ജനാധിപത്യശക്തികളാണെന്ന് ആവര്‍ത്തിച്ച് സി.പി.എം മുഖപത്രം പീപ്ള്‍സ് ഡെമോക്രസി. കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാന്‍ സി.പി.എം കേന്ദ്രകമ്മിറ്റി ചേരാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ‘2018 ലേക്കുള്ള പ്രതിജ്ഞ’ എന്ന പേരിലുള്ള എഡിറ്റോറിയലില്‍ മുഖപത്രം നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് ബന്ധത്തിനായി വാദിക്കുന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും ബംഗാള്‍ ഘടകത്തെയും എതിര്‍ക്കുന്ന മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് പീപിള്‍സ് ഡെമോക്രസിയുടെ പത്രാധിപര്‍.

ബി.ജെ.പിഭരണത്തിന് ഫാഷിസത്തിന്റെ സ്വഭാവ സവിശേഷതകള്‍ ഉണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് മുഖ്യധാര ഇടതുപക്ഷത്ത് നടക്കുന്ന തര്‍ക്കങ്ങളില്‍ സി.പി.എമ്മിലെ വൈരുധ്യം എടുത്തുകാണിക്കുന്നതാണ് എഡിറ്റോറിയല്‍. മോദിഭരണത്തിന്റെ ഏകാധിപത്യമുഖം മുഴുവനായി പ്രകടിപ്പിച്ച വര്‍ഷമാണ് 2017 എന്ന് എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു. ബി.ജെ.പിഭരണത്തെ ഫാഷിസം എന്ന് വ്യവച്ഛേദിക്കേണ്ട ഘട്ടം ആയിട്ടില്ലെന്ന കാരാട്ടിന്റെ വാദത്തിന്റെ ചുവടുപിടിക്കുന്നതാണിത്. ബി.ജെ.പി ഭരണത്തിനെതിരെ 2017 ന്റെ രണ്ടാംപകുതിയില്‍ ഉയര്‍ന്നുവന്ന പ്രതിരോധങ്ങളെക്കുറിച്ച് പറയുമ്പോള്‍ സി.പി.എമ്മിന്റെയും മറ്റ് ഇടതുപാര്‍ട്ടികളുടെയും കോണ്‍ഗ്രസിതര ജനാധിപത്യസംഘടനകളുടെയും തൊഴിലാളി യൂനിയനുകളുടെയും മുന്‍കൈയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളാണ് എടുത്തുപറയുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ കുറഞ്ഞ ഭൂരിപക്ഷമെന്ന രാഷ്ട്രീയ തിരിച്ചടിയെക്കുറിച്ച് പറയുമ്പോഴും കോണ്‍ഗ്രസ് മുന്നേറ്റത്തെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നു.

‘വര്‍ധിതസമരങ്ങളും ജനങ്ങളുടെ വിപുലമായ ഐക്യവുമാണ് 2018ലേക്ക് വേണ്ടത്. ഇത്തരം ഐക്യസമരങ്ങളിലൂടെയും പ്രസ്ഥാനങ്ങളിലൂടെയുമാണ് ഇടത്, ജനാധിപത്യപരിപാടികളെ ഉയര്‍ത്തിക്കാട്ടാനാവുക. ബി.ജെ.പിയുടെ വര്‍ഗീയഅജണ്ടക്കും നവ ഉദാരീകരണ നയങ്ങള്‍ക്കുമുള്ള വിശ്വാസ്യതയുള്ള ഏക ബദല്‍ ഈ പരിപാടി മാത്രമാണ്. ഇതില്‍ കേരളത്തിലെയും ത്രിപുരയിലെയും ഇടതുമുന്നണി സര്‍ക്കാറുകള്‍ പ്രധാന പങ്കുവഹിക്കും. ജനങ്ങളുടെ ജീവനോപാധികള്‍ക്കുമേലുള്ള അതിക്രമങ്ങള്‍ക്കും ഹിന്ദുത്വ വര്‍ഗീയതക്കെതിരെയും ജനാധിപത്യഅവകാശങ്ങള്‍ പ്രതിരോധിക്കാനും പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് ഇടത് ജനാധിപത്യ ശക്തികള്‍ക്ക് മുന്നിലുള്ള വെല്ലുവിളിയെന്നും’ മുഖപത്രം വിശദീകരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button